[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”സകാത്ത്‌” titleclr=”#000000″][/vc_headings]

ഇസ്‌ലാമിലെ അഞ്ച് അടിസ്ഥാന കര്‍മങ്ങളിലൊന്നാണ് സകാത്ത്. ഒരു വിശ്വാസി തന്റെ സമ്പാദ്യത്തില്‍നിന്നും നല്‍കുന്ന നിര്‍ബന്ധദാനമാണിത്. സകാത്ത് എന്ന പദത്തിന് വളര്‍ച്ച, പരിശുദ്ധി ധന്യത എന്നെല്ലാമാണ് അറബിഭാഷയില്‍ അര്‍ഥമുള്ളത്. ഒരാളുടെ ധനത്തെ ശുദ്ധീകരിക്കുമാറ് അതില്‍നിന്നും ഉത്തമമായത് ദാനം ചെയ്യല്‍ എന്നാണ് സകാത്തിന്റെ സാങ്കേതികമായ അര്‍ഥം.

നമസ്‌കാരം പോലെ അതിപ്രധാനമായ സ്ഥാനമാണ് ഇസ്‌ലാമികകര്‍മപദ്ധതിയില്‍ സകാത്തിനുള്ളത്. ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും നമസ്‌കാരവും സകാത്തും തുല്യപ്രാധാന്യത്തോടെ ഒന്നിച്ചു പറഞ്ഞിരിക്കുന്നതായി കാണാം. ധനികരായ വിശ്വാസികളില്‍നിന്ന് നിശ്ചിതനിരക്കുകളില്‍ പിരിച്ചെടുത്ത് നിശ്ചിതമായ വകുപ്പുകളില്‍ ചെലവാക്കപ്പെടുന്ന പൊതുമുതലാണ് സകാത്ത്. തന്റെ സമ്പത്തില്‍ വന്നുഭവിച്ചേക്കാനിടയുള്ള ന്യൂനതകളില്‍നിന്ന് സമ്പത്തിനെ സംശുദ്ധമാക്കാനും സംസ്‌കരിച്ചെടുക്കാനുമുള്ള ഒരു ഉപാധികൂടിയാണ് സകാത്ത്. അത് സ്വത്തുടമയെ മാനസികമായി ശുദ്ധീകരിക്കുകയും സാമ്പത്തികമായി ഉന്നതനിലവാരത്തിലെത്തിക്കുകയും ചെയ്യും. അല്ലാഹു മുഹമ്മദ് നബിയോട് കല്‍പിക്കുന്നു:

”നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക.

അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും.

നീ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയമായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിയേകും.

അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.”

(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അത്തൗബ, സൂക്തം 103)

ദൈവഭക്തിയോട് മാനുഷികൈക്യത്തെയും അച്ചടക്കത്തെയും കൂട്ടിയിണക്കുന്ന ആരാധനാരൂപമാണ് നമസ്‌കാരം. ഭക്തിയോട് മാനവികതാല്പര്യത്തെയും ത്യാഗശീലത്തെയും കൂട്ടിയിണക്കുന്ന ആരാധനയാണ് സകാത്ത്. നമസ്‌കാരത്തിലൂടെ തന്റെ ജീവിതവും മരണവുമെല്ലാം അല്ലാഹുവിനുള്ളതാണെന്ന് പ്രതിജ്ഞചെയ്യുന്ന ദൈവദാസന്‍ സകാത്തിലുടെ തന്റെ സമ്പത്ത് അവന്റെ മുമ്പില്‍ സമര്‍പ്പിക്കുകയാണ്.

സമ്പത്ത് സമ്പന്നരില്‍മാത്രം കറങ്ങിത്തിരിയുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സകാത്ത് സഹായിക്കുന്നു. ധനമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ബന്ധം അസൂയയുടെയും വിദ്വേഷത്തിന്റേതുമാകുന്നതിനുപകരം സ്‌നേഹത്തിന്റേതും ഗുണകാംക്ഷയുടേതുമായിത്തീരാന്‍ സകാത്ത് സഹായിക്കുന്നു. ധനികനെയും ദരിദ്രനെയും അത് ഒരേസമയം അഭിവൃദ്ധിയിലേക്ക് നയിക്കുന്നു. ഇരുവിഭാഗത്തെയും മാനസികമായി സംസ്‌കരിക്കുകയും ചെയ്യുന്നു. അതിനാല്‍ വളര്‍ച്ച, സംസ്‌കരണം തുടങ്ങിയ അര്‍ഥങ്ങള്‍  ഈ ആരാധനയ്ക്ക് ഉചിതമായിത്തീരുന്നു.

സ്വര്‍ണം, വെള്ളി, ഖനിജവസ്തുക്കള്‍, കച്ചവടച്ചരക്കുകള്‍, ഉല്പന്നങ്ങള്‍, കന്നുകാലികള്‍ മുതലാവയ്‌ക്കെല്ലാം വ്യത്യസ്തതോതില്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്.

ദരിദ്രര്‍, അഗതികള്‍, സകാത്തിന്റെ ശേഖരണത്തിനും വിതരണത്തിനും നിയുക്തരായ ഉദ്യോഗസ്ഥര്‍, ഇസ്‌ലാമികവിശ്വാസവുമായി ഹൃദയംകൊണ്ട് അടുപ്പം പുലര്‍ത്തുന്നവര്‍, അടിമത്തമോചനാവശ്യങ്ങള്‍, കടബാധ്യതയില്‍ അകപ്പെട്ടു ജീവിക്കുന്നവര്‍, ദൈവമാര്‍ഗത്തിലെ പഥികര്‍, ദൈവമാര്‍ഗത്തിലെ സല്‍പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ എട്ട് ഇനങ്ങളിലാണ് സകാത്ത് നല്‍കപ്പെടുക.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ധനം യഥാര്‍ഥത്തില്‍ വ്യക്തിയുടേതല്ല. ദൈവത്തിന്റേതാണ്. ദൈവം അനുവദിച്ച മാര്‍ഗത്തില്‍ ധനം ചെലവഴിക്കാനേ വ്യക്തികള്‍ക്ക് അധികാരമുള്ളൂ. സമ്പാദ്യവും ദൈവം അംഗീകരിക്കുന്ന വഴിയിലൂടെയേ ആകാവൂ.

സകാത്ത്‌

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തൗബ സൂക്തം 278

60.  സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും21 അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു നിര്‍ണയിച്ച കടമയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നൂര്‍ സൂക്തം 56

56.  നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യാനുഗ്രഹം ലഭിച്ചേക്കാം.

സകാത്ത്

 

1. ഒരാള്‍ തിരുനബിയുടെ അടുത്ത് വന്ന് ചോദിച്ചു.’അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ധാരാളം ധനത്തിന് ഉടമയാണ്. കുടുംബവും സമ്പത്തും കച്ചവടവും ഉള്ളവനാണ്. ഞാന്‍ എന്തു ചെയ്യണം? എങ്ങനെ ചെലവഴിക്കണം? ” നബി പറഞ്ഞു.’ധനത്തിന്റെ സകാത്ത് കൊടുക്കുക. നിന്നെ ശുദ്ധീകരിക്കുന്ന ശുദ്ധീകരണവസ്തുവാണത്. കൂടാതെ കുടംബബന്ധം ചേര്‍ക്കുകയും അഗതിയുടെയും അയല്‍വാസിയുടെയും യാചകന്റെയും അവകാശം മനസ്സിലാക്കുകയും ചെയ്യുക.”

(അഹ്മദ്)

2. നബി പറഞ്ഞതായി അലി ഉദ്ധരിക്കുന്നു.’ അല്ലാഹു മുസ്‌ലിം ധനികര്‍ക്ക് അവരുടെ ധനത്തില്‍ ദരിദ്രര്‍ക്ക് മതിവരുന്നത്ര ധനം ചെലവഴിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ധനികര്‍ ചെയ്യുന്ന പ്രവര്‍ത്തി കാരണമായി മാത്രമാണ് ദരിദ്രര്‍ വിശും നഗ്നരായും ദുരിതം പേറേണ്ടി വരുന്നത്. അറിയുക, നിശ്ചയം അല്ലാഹു ആ ധനികരെ കര്‍ശനമായി വിചാരണ ചെയ്യും. അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യും.”

(ത്വബ്‌റാനി)

3. നബി പറഞ്ഞതായി അബൂഹുറൈറ പറയുന്നു. ‘അല്ലാഹു ഒരാള്‍ക്ക് ധനം നല്‍കിയിട്ട്അ അയാള്‍ അതിന്റെ സകാത്ത് നല്‍കിയില്ലെങ്കില്‍ അന്ത്യനാളില്‍ അതിനെ അവനുവേണ്ടി ഉഗ്രവിഷമുള്ള ഒരു സര്‍പ്പമായി രൂപാന്തരപ്പെടുത്തും. അതിന് കറുത്ത രണ്ട് പുള്ളിയുണ്ടാവും. അന്ത്യനാളില്‍ അവനെ ഹാരമായി അണിയിക്കും. അവന്റെ രണ്ട് കടവായിലും അത് കടിച്ചുപിടിക്കും. എന്നിട്ട് പറയും നീ സൂക്ഷിച്ചുവെച്ച ധനമാണ് ഞാന്‍.”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

4. നബി പറഞ്ഞു.’സമ്പന്നതയില്ലെങ്കില്‍ സകാത്തില്ല.”

( സ്വഹീഹുല്‍ ബുഖാരി)

5. നബി പറഞ്ഞു. ‘അല്ലാഹുവിനുള്ള കടമാണ് വീട്ടാന്‍ കൂടുതല്‍ അര്‍ഹമായത്

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

6. അംറുബ്‌നുല്‍ ആസ്വ് എന്ന അനുചരനില്‍ നിന്ന് നിവേദനം ചെയ്തത്. മുഹമ്മദ് നബി പറഞ്ഞതായി അംറുബ്‌നുല്‍ ആസ്വ് പറയുു. ‘ശുദ്ധമായ സമ്പത്ത് സച്ഛരിതന് മഹാനുഗ്രഹം.”

(അഹ്മദിന്റെ ‘സുനന്‍’ എന്ന ഹദീസ് ഗ്രന്ഥത്തില്‍നി്)