[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”സാമൂഹികപ്രവര്‍ത്തനം” titleclr=”#000000″][/vc_headings]

വ്യക്തിവിശുദ്ധിയുടെ പ്രകാശം സമൂഹത്തില്‍ പ്രസരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ താല്‍പ്പര്യം. സമൂഹത്തില്‍ നന്മ വളര്‍ത്താനും തിന്മ തടയാനും മുസ്‌ലിമിന് ബാധ്യതയുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട്. മനുഷ്യന്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ജനങ്ങളില്‍നിന്നുള്ള എതിര്‍പ്പും ഉപദ്രവവും സഹിച്ചും അവഗണിച്ചും അവരുടെ നന്മയ്ക്കായി പ്രവര്‍ത്തിച്ചുകൊണ്ട് പ്രവാചകന്മാര്‍ സാമൂഹികപ്രവര്‍ത്തനത്തിന്റെ ത്യാഗമാതൃകകളായി ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്നു.

വിശാലമനസ്‌കതയും അനുകമ്പയും സഹനവും സാമൂഹ്യബോധവും മനുഷ്യസേവനസന്നദ്ധതയും വിശ്വാസിയുടെ പ്രത്യേകതയാണ്. നിഷിദ്ധമായ വല്ല കാര്യവും ശ്രദ്ധയില്‍പ്പെട്ടാല്‍ എല്ലാ മാര്‍ഗവുമുപയോഗിച്ച് അത് തടയേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. സംസാരിച്ചാല്‍ മതിയാകുന്നിടത്ത് ശക്തി ഉപയോഗിക്കരുത്. നാവുകൊണ്ടു തടയാനാവാത്ത നിസ്സഹായാവസ്ഥയില്‍ മനസ്സുകൊണ്ട് വെറുക്കുകയെങ്കിലും ചെയ്യുന്നതുപോലും പുണ്യകരമാണ്.

മുഹമ്മദ് നബി പറയുന്നു: ”എന്റെ ആത്മാവിനെ ഉടമപ്പെടുത്തിയവനെ സാക്ഷിനിര്‍ത്തി ഞാന്‍ പറയുന്നു, നിങ്ങള്‍ നന്മ കല്‍പ്പിച്ചേ മതിയാവൂ. തിന്മ തടഞ്ഞേ മതിയാവൂ. അല്ലെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്കുമേല്‍ പതിക്കും. അപ്പോള്‍ നിങ്ങള്‍ പ്രാര്‍ഥിക്കും. പക്ഷേ, ഉത്തരമുണ്ടാവില്ല.”

സാമൂഹിക പ്രവര്‍ത്തനം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അഅ്‌റാഫ് സൂക്തം 157

157. തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഖസ്വസ്വ് സൂക്തം 5

5. എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മാഇദ സൂക്തം 8

8. വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ധര്‍മപാലനത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.

സാമൂഹികപ്രവത്തനം

1. തിരുനബി അരുളി: ‘ആളുകളുമായി ഇടപഴകി ദുരിതങ്ങള്‍ സഹിച്ചുജീവിക്കുന്നവിശ്വാസിയാണ് ആളുകളില്‍നിന്ന് അകന്നു ദുരിതങ്ങളൊന്നുമില്ലാതെ സ്വസ്ഥനായി ജീവിക്കുന്ന വിശ്വാസിയേക്കാള്‍ ഉല്‍കൃഷ്ടന്‍.”

2. തിരുനബി അരുളി.’സജ്ജ്നസമ്പര്‍ക്കമുള്ളവന്‍ കസ്തൂരിവാഹകനെപ്പോലെയാണ്. അയാള്‍ നിനക്ക് ചിലപ്പോള്‍ സൗജന്യമായി കസ്തൂരി തരും. അല്ലെങ്കില്‍ നിനക്കത് അയാളില്‍നിന്ന്‍ വിലകൊടുത്തു വാങ്ങാം. അതൊന്നുമല്ലെങ്കില്‍ തന്നെനിനക്കതിന്‍റെ പരിമളം ആസ്വദിക്കുകയെങ്കിലും ചെയ്യാം. എന്നാല്‍, ദുര്‍വൃത്തരുമായി സഹവസിക്കുന്നവന്‍ കൊല്ലക്കടയില്‍ ഉല ഊതുന്നവനെപ്പോലെയാണ്. അയാള്‍ നിന്‍റെ വസ്ത്രം കരിച്ചുകളയും. അതല്ലെങ്കില്‍ നിനക്ക് ദുര്‍ഗന്ധം സഹിക്കേണ്ടി വരും.”