സ്ത്രീശാക്തീകരണത്തിന്റെയും വിമോചനത്തിന്റെയും ദര്‍ശനമാണ് ഇസ്ലാം. സ്വാതന്ത്ര്യബോധവും ഇച്ഛാശക്തിയുമുള്ള സത്രീസമൂഹത്തെ അതു വളര്‍ത്തിയെടുത്തു. കുടുംബത്തിലും സമൂഹത്തിലും അവള് മാതൃകയായി വര്‍ത്തിച്ചു. മനുഷ്യപ്രകൃതിയുടെ പരിമിതികളില്‍നിന്നുകൊണ്ട് സ്ത്രീക്കും പുരുഷനും എത്രത്തോളം പൂര്‍ണത കൈവരിക്കാനാകുമോ അത്രയും നേടിക്കൊടുക്കുകയെന്നതത്രേ ഇസ്ലാമിന്റെ താല്പര്യം. വര്‍ണം, വംശം, ലിംഗം, ദേശം തുടങ്ങിയ ഭേദങ്ങള്‍ ഇവിടെ പ്രശ്നമേയല്ല. ഖുര്‍ആന്റെ അഭിസംബോധനയിലും ഈ വ്യത്യാസങ്ങള്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല. ഖുര്‍ആനിലെ പ്രയോഗങ്ങളെല്ലാം അടിസ്ഥാനപരമായി സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമായവയാണ്. സ്ത്രീക്കോ പുരുഷനോ മാത്രമായി വരുന്ന ഏതാനും അഭിസംബോധനകളേ ഇതില്‍നിന്ന് വ്യത്യസ്തമാകുന്നുള്ളൂ.
സ്ത്രീക്ക് കുടുംബത്തിലും സമൂഹത്തിലുമുള്ള പ്രത്യേക പദവി എടുത്തുകാണിക്കുന്ന തിന് അവളെക്കുറിച്ചുമാത്രം പറയുന്ന ധാരാളം സൂക്തങ്ങളും ഖുര്‍ആനില്‍ കാണാം. ചരിത്രത്തിലെ മഹത്വമാര്‍ന്ന സ്ത്രീജീവിതങ്ങള്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈസാനബിയുടെ മാതാവായ മര്‍യമിന്റെ പേരില്‍ ഒരു അധ്യായം തന്നെ ഖുര്‍ആനിലുണ്ട്. ഫറോവയുടെ ഭാര്യയെയും ഈസാനബിയുടെമാതാവിനെയും ഉത്തമസ്ത്രീകള്ക്ക് ഉദാഹരണമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.
പുരുഷന്നു നല്കിയ അവകാശങ്ങള്‍ സ്ത്രീക്കും വകവെച്ചുകൊടുക്കുകയെന്ന ഇസ്ലാമിന്റെ നിയമം ഇന്നും ആധുനികനിയമങ്ങളുടെ മുന്‍പന്തിയില്‍ അതിനു സ്ഥാനം നല്കുന്നു. സ്വത്ത് കൈവശം വെക്കാനും കരാറുകളില്‍ ഏര്‍പ്പെടാനുമുള്ള അവകാശത്തില്‍ ഇസ്ലാം സ്ത്രീയെയും പുരുഷനെയും തുല്യമായി കാണുന്നു. വിവാഹപ്രായമാവുകയും തന്റേടം കൈവരിക്കുകയും ചെയ്താല്‍ സത്രീക്ക് അവളുടെ സ്വത്ത് സ്വതന്ത്രമായി കൈകാര്യം ചെയ്യാവുന്നതാണ്.
വില്‍ക്കുക, വാങ്ങുക, വാടകയ്ക്ക് കൊടുക്കുക, വായ്പ യും പണയവും വാങ്ങുക, കൊടുക്കുക, കമ്പനി സ്ഥാപിക്കുക, ഒസ്യത്ത് ചെയ്യുക, ഇഷ്ടമുള്ളവരെ പ്രതിനിധിയാക്കുക, പ്രാതിനിധ്യം ഏറ്റെടുക്കുക തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും സ്ത്രീക്ക് സ്വന്തമായി അധികാരമുണ്ട്. പിതാവിനോ ഭര്‍ത്താവിനോ മറ്റാര്‍ക്കോ ഇതില്‍ ഇടപെടാന്‍ അധികാരമില്ല. സാമ്പത്തികകൈകാര്യത്തിലുള്ള ഈ സമാവകാശം പിന്തുടര്ച്ചാകാര്യത്തില് ഇസ്ലാം നല്‍കിയിട്ടില്ല. സ്ത്രീയുടെ ഇരട്ടി പുരുഷനു കിട്ടും. നീതിപൂര്‍ണമായ ഒരു തത്ത്വം ഇതില്‍ അടങ്ങിയിട്ടുണ്ട്. സാമ്പത്തികമായി സ്ത്രീയെ അപേക്ഷിച്ച് പുരുഷന്റെ ഉത്തരവാദിത്വം വളരെ ഭാരിച്ചതാണെന്നതാണ് ഇതിനു കാരണം. കുടുംബഭാരം ചുമക്കാന്‍ ഇസ്ലാം സ്ത്രീയെ നിര്‍ബന്ധിക്കുന്നില്ല. അത് പുരുഷന്റെ ബാധ്യതയാണ്. സ്വന്തം ജീവിതച്ചെലവുകള്പോലും സ്ത്രീ നിര്‍വഹിക്കണമെന്ന് ഇസ്ലാം താല്പര്യപ്പെടുന്നില്ല. ഇതെല്ലാം ഭര്‍ത്താവിന്റെയോ പിതാവിന്റെയോ ചുമതലയിലാണ്.
വരനെ കണ്ടുപിടിക്കാനുളള ബാധ്യത രക്ഷാകര്ത്താക്കള്ക്കാണെങ്കിലും സ്ത്രീയുടെ അനുമതിയും മനസ്സംതൃപ്തിയുമില്ലാതെ വിവാഹം സാധുവാകില്ല.
സ്ത്രീ
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 1
ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന് വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.
സ്ത്രീ
1. തിരുനബി അരുളി: ‘അംറില്‍നിന്ന് നിവേദനം: ഹജ്ജത്തുല്‍ വിദാഇല് പ്രവാചകന് അല്ലാഹുവിനെ സ്തുതിക്കുകയും അവന്റെ വിശുദ്ധി വാഴ്ത്തുകയും അനുസ്മരണവും ഉപദേശവും നല്‍കുകയും ചെയ്ത ശേഷം ഇങ്ങനെ ആജ്ഞാപിക്കുന്നത് ഞാന്‍ കേട്ടു. ‘അറിയുക, സ്ത്രീകളോട് നല്ലനിലയില്‍ വര്‍ത്തിക്കാനുള്ള നിര്‍ദേശം നിങ്ങള്‍ സ്വീകരിക്കുക. അവര്‍ നിങ്ങളുടെ ആശ്രിതരാണ്.”
(തിര്‍മിദി)
2. തിരുനബി അരുളി. ‘പെണ്മക്കളുടെ ജനനത്താല്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവരോട് നന്നായി പെരുമാറുകയും ചെയ്തവന് ആ പെണ്‍കുട്ടികള്‍ നരകാഗ്നിക്കിടയില് മറയായി നില്ക്കും.’
3. പ്രവാചകന് വിരലുകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു.’പ്രായപൂര്‍ത്തിയെത്തുംവരെ രണ്ട് പെണ്‍കുട്ടികളെ പരിപാലിച്ചവനും ഞാനും അന്ത്യനാളില്‍ ഇങ്ങനെയായിരിക്കും.”
4. നബി പറഞ്ഞു.’ഏറ്റവും മഹത്തായ ധര്‍മം, അല്ലെങ്കില്‍ ഏറ്റവും മഹത്തായ ധര്മങ്ങളിലൊന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ? വിവാഹമുക്തയോ വിധവയോ ആയി നിന്റെയടുത്തേക്ക് തിരിച്ചുവരുന്ന നിന്റെ പുത്രിയാണത്. നീയല്ലാതെ മറ്റാരും അവള്‍ക്ക് ഉപജീവനം ഒരുക്കിക്കൊടുക്കാനില്ലാത്ത അവസ്ഥയില്‍.”
5. നബി പറഞ്ഞു. ‘പെണ്‍കുഞ്ഞ് ജനിക്കുന്ന വീട്ടിലേക്ക് ദൈവം മാലാഖമാരെ പറഞ്ഞയക്കും. ‘നിങ്ങള്‍ക്ക് ദൈവത്തിന്റെ ശാന്തി!’ എന്ന് അഭിവാദ്യംചെയ്തശേഷം അവര്‍ ആ കുഞ്ഞിനെ ചിറകിലൊതുക്കി തലോടിക്കൊണ്ട് പറയും. ”അബലയായ പാവം പെണ്ണിന്റെ അബലയായ പാവം കുഞ്ഞ്. ഇതിന് സംരക്ഷണം നല്കുന്നവന് അന്ത്യനാള്‍വരെ ദൈവത്തിന്റെ സഹായമുണ്ടാകും.
6. നബി അരുളുു.’തികവുറ്റ വിശ്വാസികള്‍ മികച്ച സല്‍സ്വഭാവത്തിന്റെ ഉടമകളായിരിക്കും. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സ്ത്രീകളോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവരാണ്.”