[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ധാർമികത” titleclr=”#000000″][/vc_headings]

മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ് എന്നതാണ് ഇസ്‌ലാമികജീവിതത്തിലെ ഏറ്റവും
അടിസ്ഥാനപരമായ തത്ത്വം. ഇസ്‌ലാമികസംസ്‌കാരം രൂപപ്പെടുന്നത് ഈ തത്ത്വത്തിന്റെ
അടിസ്ഥാനത്തിലാണ്. ആരുടെ പ്രതിനിധിയാണോ ആ ശക്തിയെ അനുസരിക്കുകയെന്നതാണ്
പ്രതിനിധിയുടെ ധര്‍മം. താന്‍ പ്രതിനിധിയായി നിശ്ചയിക്കപ്പെട്ടിടത്ത് തന്റെ മേലധികാരിയുടെ
ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ ഉപയോഗിക്കാന്‍ അവന് അധികാരമുണ്ട്. സ്വന്തം
യജമാനന്റെ വിശ്വസ്തനായ സേവകന്‍ എന്ന നിലയിലാണ് മനുഷ്യന്റെ ഭൂമിയിലെ സ്ഥാനം.
സ്വന്തം യജമാനന്റെ സ്വത്ത് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ അവന് അധികാരമില്ല. യജമാനന്റെ
നിര്‍ദ്ദേശങ്ങള്‍ മാനിച്ചുമാത്രമേ അവയെല്ലാം കൈകാര്യം ചെയ്യാന്‍ കഴിയൂ. യജമാനനായ
ദൈവം തന്നെ സദാ നിരീക്ഷിക്കുന്നുണ്ടെന്നതും ഭൂമിയിലെ ഓരോ പ്രവര്‍ത്തനത്തിനും
മരണശേഷം കണക്കുപറയേണ്ടിവരുമെന്നതും ഇസ്‌ലാമികവിശ്വാസത്തിന്റെയെന്നപോലെ ഇസ്‌ലാമികസംസ്‌കാരത്തിന്റെയും അടിസ്ഥാനചിന്തകളാണ്.

എല്ലാ മനുഷ്യരും ഒരു പോലെ പ്രതിനിധികളായതിനാല്‍ ദൈവികനിര്‍ദ്ദേശങ്ങളുടെ
കാര്യത്തില്‍ എല്ലാവരും തുല്യ ഉത്തരവാദിത്വമുള്ളവരാണ്. ഈ അര്‍ഥത്തില്‍ എല്ലാവരും
തുല്യപദവിയിലുമാണ്. അതിനാല്‍ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ മുമ്പില്‍ തല
കുനിക്കുകയെന്നത് മനുഷ്യന് ദൈവം നല്‍കിയ പദവി വെച്ച് നോക്കുമ്പോള്‍
പാടില്ലാത്തതാണ്.ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അപ്രകാരം ആവശ്യപ്പെടാന്‍
അധികാരമില്ല. യജമാനന്റെ കല്‍പനയും നിര്‍ദ്ദേശങ്ങളും പിന്‍പറ്റാന്‍ ഓര്‍മിപ്പിക്കാന്‍
മാത്രമാണ് ഓരോരുത്തര്‍ക്കും ബാധ്യതയുള്ളൂ. ഉത്തരവാദിത്വത്തില്‍ എല്ലാവരും തുല്യരാണ്.
ഉല്‍ബോധിപ്പിക്കുക. നീ ഉല്‍ബോധകന്‍ മാത്രമാണ്. നിനക്ക് അവരുടെ മേല്‍ അധികാരമില്ല.
(അധ്യായം: അല്‍ ഗാശിയ) എന്ന് ഖുര്‍ആനില്‍ കാണാം.ഓരോ മനുഷ്യന്റെയും അഭിമാനത്തെ
മറ്റുള്ളവര്‍ വിലമതിക്കേണ്ടതുണ്ട്. പരസ്പരബഹുമാനവും സമത്വചിന്തയും
സ്വാതന്ത്ര്യബോധവും മുസ്‌ലിമിന്റെ സവിശേഷതയായിത്തീരുന്നത് ഈ പ്രാതിനിധ്യത്തിന്റെ
ഭാഗമായിട്ടാണ്.

നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്നതാണ് ദൈവത്തിന്റെ
പ്രതിനിധിയെന്ന നിലയില്‍ മനുഷ്യന്റെ ഉത്തരവാദിത്തം .
ദൈവത്തിന്റെ പ്രതിനിധിയെന്ന നിലക്ക് ഉത്തരവാദിത്വങ്ങള്‍ക്ക് കണക്കുപറയേണ്ടതുണ്ട് എന്ന
ബോധവും മുസ്‌ലിമിന്റെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. ദൈവത്തിന്റെ
സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കുകയെന്ന പ്രവാചകവചനവും ഈ
പ്രാതിനിധ്യചിന്തയിലേക്കാണ് സൂചന നല്‍കുന്നത്. താന്‍ ഈ ലോകത്ത് പ്രവര്‍ത്തിച്ച
കാര്യങ്ങളില്‍ യജമാനന്റെ തൃപ്തിനേടുകയെന്നതാണ് മനുഷ്യന്റെ പരമമായ ലക്ഷ്യമെന്നതും
മരണശേഷം എല്ലാ കാര്യങ്ങളും ദൈവത്തിനുമുമ്പില്‍ കണക്കുബോധിപ്പിക്കേണ്ടിവരുമെന്നുമുള്ള ബോധ്യം ഇസ്‌ലാമികസംസ്‌കാരത്തിന്റെ
അടിസ്ഥാനമായി വര്‍ത്തിക്കുന്നു.

മനുഷ്യനെക്കുറിച്ചും ഈ ലോകജീവിതത്തെക്കുറിച്ചുമുള്ള ഈ സങ്കല്‍പത്തില്‍നിന്നാണ് ഇസ്ലാമിലെ ധാര്‍മികസംസ്‌കാരം രൂപപ്പെടുന്നത്. മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, അന്യായമായ വധം, പലിശ, കള്ളം, വഞ്ചന തുടങ്ങിയ സാമൂഹികതിന്മകളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ മുസ്‌ലിംകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ പലതും സ്വന്തത്തിനുണ്ടാക്കുന്ന ദോഷങ്ങളേക്കാള്‍ സമൂഹത്തിനുണ്ടാക്കുന്ന വിപത്തുകളാണ് ഇസ്‌ലാം മുഖ്യമായി പരിഗണിച്ചിരിക്കുന്നതെന്ന് കാണാം. ഇസ്‌ലാം മനുഷ്യനില്‍ ഉണ്ടായിരിക്കാന്‍ ആവശ്യപ്പെട്ട ധാര്‍മികഗുണങ്ങളും ഒരേ സമയം മനുഷ്യനെ ഉദാത്തസംസ്‌കൃതിയിലേക്കു നയിക്കുന്നതും മനുഷ്യസമൂഹത്തെ സംരക്ഷിക്കാനുതകുന്നവയുമാണ്.

സത്യസന്ധത, അതിഥികളെ സല്‍ക്കരിക്കല്‍, എല്ലാവരോടും നല്ല നിലയില്‍ പെരുമാറല്‍, അയല്‍വാസികളെ പരിഗണിക്കല്‍, മാതാപിതാക്കളെ ആദരിക്കല്‍, അറിവുനേടല്‍, ഉദാരത, ദാനധര്‍മങ്ങള്‍, ദൈവത്തെയല്ലാതെ മറ്റാരെയും ഭയപ്പെടാതെയിരിക്കല്‍, സ്വാതന്ത്ര്യബോധം, ശത്രുക്കളോടുപോലും സ്‌നേഹം, കാരുണ്യം, വൃത്തിബോധം തുടങ്ങി ഇസ്‌ലാം അനുശാസിക്കുന്ന നന്മകളെല്ലാം മുസ്‌ലിംസമൂഹത്തിന്റെ സംസ്‌കാരത്തെ സ്വാധീനിച്ചതായി കാണാം.

ധാര്‍മികത

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 57

 സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മുഅ്മിന്‍ സൂക്തം 58

കുരുടനും കാഴ്ചയുള്ളവനും ഒരുപോലെയല്ല. സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മം പ്രവര്‍ത്തിച്ചവരും തിന്മ ചെയ്തവരും സമമാവുകയില്ല. നിങ്ങള്‍ വളരെ കുറച്ചേ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ.

ധാര്‍മികത

1. അബൂ അയ്യൂബില്‍ അന്‍സാരി പറയുന്നു: ഒരിക്കല്‍ ഒരാള്‍ തിരുനബിയെ സമീപിച്ചു. എന്നിട്ട് നബിയോട് ആവശ്യപ്പെട്ടു.  ‘എനിക്ക് ഏറ്റവും ചുരുങ്ങിയരൂപത്തിലുള്ള ഉപദേശം നല്‍കിയായലും!’ തിരുമേനി ഉപദേശിച്ചു. ”താങ്കള്‍ നമസ്‌കരിക്കുകേമ്പോല്‍ ജീവിതത്തിലെ അവസാനനമസ്‌കാരമാണെന്ന ഭാവത്തില്‍ നമസ്‌കരിക്കുക. സംസാരിക്കുമ്പോള്‍ പിന്നീടൊരിക്കലും ക്ഷമാപണം ചെയ്യാനിടയാക്കുന്ന യാതൊന്നും പറയാതിരിക്കുക. ആളുകളുടെ കൈകളിലുള്ളതില്‍ ആശ വെടിയുക,”

(അഹ്മദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

2. തിരുനബി അരുളി: അന്ത്യനാളില്‍ സത്യവിശ്വാസിയുടെ തുലാസില്‍ വെക്കുന്ന ഏറ്റവും കനം കൂടിയ വസ്തു സല്‍സ്വഭാവമായിരിക്കും. അശ്ലീലവും അസഭ്യവും പറയുന്നവരെ അല്ലാഹു വെറുക്കും.(തിര്‍മിദിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

3. തിരുനബി പറഞ്ഞതായി അനുചരനും ജാമാതാവുമായ ഖലീഫാ അലി പറയുന്നു. ” അശ്ലീലം പറയുന്നവനും അത് പ്രചരിപ്പിക്കുന്നവനും കുറ്റത്തില്‍ സമമാണ്.”

(മശ്കൂത്ത് എന്ന ഹദീസ്ഗ്രന്ഥത്തില്‍നിന്ന്)

4. നബി തിരുമേനി അരുളി: ”പരദൂഷണം എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?”

അവര്‍ പറഞ്ഞു. ”അല്ലാഹുവിനും അവന്റെ ദൂതനുമാണ് അത് ഏറെ അറിയുക.”

തിരുനബി പറഞ്ഞു. ”നീ നിന്റെ സഹോദരനെക്കുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണ് അത്.”

അതുകേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു. ”ഞാന്‍ പറയുന്ന കാര്യം എന്റെ സഹോദരനില്‍ ഉള്ളതാണെങ്കിലോ?”

അപ്പോള്‍ നബി പറഞ്ഞു. ”നീ പറയുന്ന കാര്യം അവനിലുള്ളതാണെങ്കില്‍ നീ അവനെക്കുറിച്ച് പരദൂഷണം പറഞ്ഞു. നീ പറയുന്നത് അവനില്‍ ഇല്ലെങ്കില്‍ നീ അവന്റെ പേരില്‍ കള്ളം പറഞ്ഞു.”

(മശ്കൂത്ത്)

5. തിരുനബി അരുളി. ”നിങ്ങള്‍ മുഖസ്തുതി പറയുന്നവരെ കണ്ടാല്‍ മുഖത്ത് മണ്ണു വാരിയിടുക.”

(സ്വഹീഹുമുസ്‌ലിം)

6. തിരുനബി അരുളി. ”അധര്‍മകാരി സ്തുതിക്കപ്പെടുേമ്പോള്‍ അല്ലാഹു കുപിതനാവുകയും അവന്റെ സിംഹാസനം വിറകൊള്ളുകയും ചെയ്യും.”

(മശ്കൂത്ത്)

7. തിരുനബി അരുളി. ”നീ നിന്റെ സഹോദരനുമായി തര്‍ക്കിക്കരുത്. അവനെ കളിയാക്കരുത്. അവനുമായി കരാര്‍ ചെയ്ത് ലംഘിക്കരുത്.”

(തിര്‍മിദിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

8. തിരുനബി പറഞ്ഞതായി മസ്ഊദിന്റെ മകന്‍ അബ്ദുല്ല എന്ന അനുചരന്‍ അറിയിക്കുന്നു. ”പിശാച് മനുഷ്യരൂപത്തില്‍ പ്രവര്‍ത്തിക്കുന്നു. അവന്‍ ആളുകളുടെ അടുത്തു വന്ന് കള്ളവര്‍ത്തമാനം പറയുന്നു. എന്നിട്ട് ജനങ്ങള്‍ പിരിഞ്ഞുപോകുന്നു. പിന്നീട് അവരില്‍നിന്ന് ഒരാള്‍ പറയും: ഞാന്‍ ഇന്ന വര്‍ത്തമാനം മുഖപരിചയമുള്ള ഒരാളില്‍നിന്നും കേട്ടു. അയാളുടെ പേര്‍ എനിക്കറിയില്ല.”

(സ്വഹീഹുമുസ്‌ലിം)

9. ഇബ്‌നു ഉമര്‍ പറയുന്നു. ”ഏഷണിയും പരദൂഷണവും പറയുന്നതും പരദൂഷണം കേള്‍ക്കുന്നതും തിരുദൂതര്‍ നിരോധിച്ചിരിക്കുന്നു.”

(രിയാളു സ്വാലിഹീന്‍ എന്ന ഹദീസ്ഗ്രന്ഥത്തില്‍നിന്ന്)

10. തിരുനബി അരുളിയതായി അനുചരന്‍ അബൂഹുറൈറ ഉദ്ധരിക്കുന്നു. ”നിങ്ങള്‍ അസൂയയെ സൂക്ഷിക്കുക. തീ വിറകിനെ തിന്നുതീര്‍ക്കുന്നതുപോലെ അസൂയ സല്‍കര്‍മങ്ങളെ തിന്നു തീര്‍ക്കും.”

(അബൂദാവൂദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

11. ബുറൈദ പറയുന്നു: തിരുനബി തന്റെ ജാമാതാവായ അലിയോട് പറഞ്ഞു. ”അന്യസ്ത്രീയെ വീണ്ടും വീണ്ടും നോക്കരുത്. ആദ്യത്തെ നോട്ടം നിനക്ക് അനുവദനീയമാണ്. രണ്ടാമത്തെ നോട്ടം പാടില്ല.”

(അബൂദാവൂദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

12. തിരുനബി അരുളി: ഒരുവന്‍ തന്റെ രണ്ടു താടിയെല്ലുകള്‍ക്കിടയിലുള്ളതിന്റെ (നാവ്) യും രണ്ടു കാലുകള്‍ക്കിടയിലുള്ളതിന്റെ (ലിംഗം) യും ഉത്തരവാദിത്വമേല്‍ക്കുകയാണെങ്കില്‍ ഞാന്‍ അവന് സ്വര്‍ഗത്തിന്റെ ഉത്തരവാദിത്വമേല്‍ക്കും.

(സ്വഹീഹുമുസ്‌ലിം)