[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”വ്യക്തിത്വം” titleclr=”#000000″][/vc_headings]

കുടുംബത്തോടും അനുചരന്മാരോടുമെല്ലാം സൗമ്യമായ വാക്കുകളില്‍, തരംപോലെ നബി തമാശ പറയാറുണ്ടായിരുന്നു. അവയൊന്നും തന്നെ വെറുതെ ആരെയെങ്കിലും ചിരിപ്പിക്കാനോ കളിയാക്കാനോ വേണ്ടിയായിരുന്നില്ല. ആ ചെറിയ കാര്യങ്ങളില്‍പ്പോലും വലിയ തത്വങ്ങള്‍ അടങ്ങിയിരുന്നു. ഒരിക്കലും മാന്യതയുടെ അതിരുകള്‍ ലംഘിച്ചിരുന്നില്ല. തമാശയ്ക്കുവേണ്ടി നുണ പറഞ്ഞിരുന്നില്ല. തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന പതിവും നബിക്കുണ്ടായിരുന്നില്ല. അത് ഹൃദ്യമായ ഒരു പുഞ്ചിരി മാത്രമായിരുന്നില്ല.

നബിയുടെ ഭാര്യ ആഇശ പറയുന്നു. ”പ്രവാചകന്റെ വായയുടെ പിന്‍ഭാഗം കാണാന്‍ കഴിയുംവിധം അവിടുന്ന് പൊട്ടിച്ചിരിക്കുന്നതായി ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം പുഞ്ചിരിക്കുക മാത്രമാണു ചെയ്യുക.”

എന്നാല്‍ അനിഷ്ടം പ്രകടിപ്പിക്കേണ്ടിടത്ത് അതു പ്രകടിപ്പിക്കാനും ഇതൊന്നും നബിക്കു തടസ്സമായില്ല.

ധാര്‍മികതയിലും മാന്യതയിലും പരിപൂര്‍ണനായിരുന്നു നബി. ഖുര്‍ആന്‍ തന്നെയായിരുന്നു നബിയുടെ സംസ്‌കാരമെന്ന് ആഇശ പറയുന്നു.

”ഉത്തമഗുണങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയുക്തനായതെ”ന്ന് മുഹമ്മദ് നബി തന്നെ പറഞ്ഞിട്ടുണ്ട്. സ്വയം പുകഴ്ത്തുന്നതോ മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടുന്നതോ നബി ഇഷ്ടപ്പെട്ടിരുന്നില്ല.  അദ്ദേഹം അനുയായികളോട് ഇപ്രകാരം പറഞ്ഞു.”ക്രിസ്ത്യാനികള്‍ ഈസബ്‌നു മര്‍യമിനെക്കുറിച്ച് അമിതമായി വാഴ്ത്തിപ്പറഞ്ഞതുപോലെ നിങ്ങള്‍ എന്നെക്കുറിച്ച് വാഴ്ത്തിപ്പറയരുത്. ഞന്‍ അല്ലാഹുവിന്റെ ദാസന്‍ മാത്രമാണ്. അതിനാല്‍, ദാസനും ദൈവദൂതനുമെന്നു പറയുക.”

ഒരിക്കല്‍ കുറേ ആളുകള്‍ നബിയെ പുകഴ്ത്തിപ്പറഞ്ഞപ്പോള്‍ നബി അവരോട് പറഞ്ഞു.”ജനങ്ങളേ, സാധാരണയായി നിങ്ങള്‍ എന്നെ വിളിക്കുന്നതുതന്നെ വിളിക്കുക. പിശാച് നിങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ഞാന്‍ അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദ്, അല്ലാഹു എനിക്കു തന്നതിനേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് നിങ്ങളെന്നെ നിര്‍ത്തുന്നത് എനിക്ക് ഇഷ്ടമല്ല.”

തന്റെ അത്യാവശ്യങ്ങള്‍ നിറവേറ്റിത്തരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഒരു സ്ത്രീ നബിയുടെ അടുത്തു വന്നു. നബി അവരോട് പറഞ്ഞു.”മദീനയിലെ ഏതു തെരുവിലാണ് നിങ്ങള്‍ ഇരിക്കുകയെന്ന് തീരുമാനിക്കുക. ഞാന്‍ അവിടെ വന്നിരുന്ന് നിങ്ങളോട് സംസാരിക്കാം.”

പ്രവാചകനെ അങ്ങേയറ്റം ആദരിച്ചിരുന്നുവെങ്കിലും അദ്ദേഹം നടന്നവരുന്നതുകണ്ടാല്‍ അനുയായികള്‍ എഴുന്നേറ്റു നില്‍ക്കാറുണ്ടായിരുന്നില്ല. കാരണം, അങ്ങനെ ചെയ്യുന്നത് നബി ഇഷ്ടപ്പെട്ടിരുന്നില്ല.

ഔദാര്യം, ആത്മസംതൃപ്തി, സൗഹൃദം, നിസ്വാര്‍ഥസേവനം എന്നിവയിലെല്ലാം നിസ്തുലമാതൃകയാണ് നബി. കൂടെയിരിക്കുന്ന എല്ലാവരോടും പുഞ്ചിരിക്കും. അവരില്‍ ഓരോ വ്യക്തിയും കരുതും, താനാണ് നബിയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന്.

വളരെ ദയാലുവായിരുന്നു നബി. ആരെങ്കിലും നബിയോട് വല്ലതും ചോദിച്ചാല്‍ നബി അയാളെ ശ്രദ്ധിച്ചു കേള്‍ക്കും. ചോദ്യകര്‍ത്താവ് ആദ്യം സ്ഥലം വിടുന്നതുവരെ നബി സ്ഥലംവിടുമായിരുന്നില്ല.  ആരെങ്കിലും നബിക്ക് കൈ കൊടുത്താല്‍, കൈ കൊടുത്തയാള്‍ കൈ ആദ്യം പിന്‍വലിക്കുന്നതുവരെ നബി കൈ പിന്‍ വലിക്കുമായിരുന്നില്ല.

സദാ പ്രസന്നനും സൗമ്യശീലനും മൃദുസ്വഭാവിയുമായിരുന്നു അദ്ദേഹം. പരുഷപ്രകൃതിയോ പരുക്കനോ ആയിരുന്നില്ല. അസഭ്യങ്ങള്‍ ഒരിക്കല്‍പ്പോലും സംസാരിച്ചിരുന്നില്ല. മറ്റുള്ളവരില്‍ കുറ്റം ചാരുകയോ അമിതമായി പ്രശംസിക്കുകയോ ചെയ്തിരുന്നില്ല. സ്വജീവിതത്തില്‍ മൂന്നു കാര്യങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചു. കാപട്യം, വസ്തുക്കള്‍ ശേഖരിച്ചുവെക്കല്‍, തന്നെ ബാധിക്കാത്ത കാര്യങ്ങള്‍. ജനങ്ങളുമായുള്ള ഇടപെടലുകളില്‍ മൂന്നു കാര്യങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചു. മറ്റുള്ളവരെ ദുഷിക്കല്‍, ശകാരിക്കല്‍, രഹസ്യങ്ങള്‍ ചോര്‍ത്തല്‍ എന്നിവയാണത്.

മദീനയിലേക്ക് പലായനം ചെയ്‌തെത്തിയ തിരുദൂതര്‍ക്ക് ആതിഥ്യമേകിയ ഒരു ബദവിസ്ത്രീ പ്രവാചകനെ വിവരിക്കുന്നതിങ്ങനെയാണ്: ” വളരെ കുറച്ചോ വളരെ കൂടുതലോ പദങ്ങളുപയോഗിക്കാതെ സ്ഫുടമായി സംസാരിക്കുന്ന മധുരഭാഷി. നൂലില്‍ കോര്‍ത്ത മുത്തുമണികള്‍ അടങ്ങിയ പോലെയുള്ള സംസാരം, ശബ്ദം ഉയര്‍ന്നതായിരുന്നുവെങ്കിലും ശ്രുതിമധുരമായിരുന്നു.”

നബിയുടെ വ്യക്തിത്വം


വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അമ്പിയാഅ് സൂക്തം 107

107. ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല