സ്രഷ്ടാവായ അല്ലാഹു പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും അവയ്ക്കുവേണ്ട പ്രകൃതിനിയമങ്ങള്‍ നല്‍കിയിട്ടുണ്ട്. ജീവികളുടെ ഉല്‍ഭവം, വളര്‍ച്ച, നിലനില്‍പ്, നാശം തുടങ്ങിയ എല്ലാ അവസ്ഥകളും ഈ ദൈവികനിയമങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്നു. മൂസാ പ്രവാചകന്‍ ഈജിപ്തിലെ സ്വേച്ഛാ#ിപതിയായ ഫറോവയ്ക്ക് ദൈവത്തെക്കുറിച്ച് വിശദീകിരിച്ചുകൊടുത്തത് ഇപ്രകാരമാണ്: ” ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും പിന്നെ അവയ്ക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്.” (വിശുദ്ധ ഖുര്‍ആന്‍: 20:50) എന്നാല്‍, ബുദ്ധിയും വിവേചനശക്തിയുമുള്ള മനുഷ്യന് മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ മരണത്തിന് ശേഷവുമുള്ള ജീവിതത്തില്‍ ശാശ്വതസൗഭാഗ്യം കരസ്ഥമാക്കാനും ഭൗതികജീവിതത്തില്‍ സൗഖ്യവും പുരോഗതിയും സമാധാനവും കൈവരിക്കാനും മനുഷ്യന് കഴിയുന്നു.
ആദ്യത്തെ മനുഷ്യനായ ആദം തൊട്ടേ അല്ലാഹു ഈ നിയമങ്ങള്‍ നല്‍കിവരുന്നു. ഓരോ കാലഘട്ടത്തിലും ജനങ്ങള്‍ക്ക് ഈ നിയമങ്ങളും പാഠങ്ങളും എത്തിച്ചുകൊടുക്കാനായി ദൈവം പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ ദൈവികനിയമങ്ങള്‍ സമാഹരിക്കപ്പെട്ടതത്രേ ശരീഅത്ത് അഥവാ ദീന്‍. ശരീഅത്ത് എന്ന പദത്തിന് വഴി എന്നാണ് അര്‍ഥം. വ്യക്തിസംസ്‌കരണം, നീതിനിര്‍വഹണം, നന്മയുടെ സംരക്ഷണം എന്നീ മൂന്നു തത്ത്വങ്ങള്‍ പാലിക്കപ്പെടുംവിധമാണ് ശരീഅത്തിന്റെ എല്ലാ നിയമങ്ങളും ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങളോടുള്ള കാരുണ്യമാണ് ഇസ്‌ലാമിന്റെ കാതല്‍. മുഹമ്മദ് നബിയുടെ നിയോഗത്തെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ”ലോകര്‍ക്കാകെ കാരുണ്യമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.” (വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അമ്പിയാഅ്, സൂക്തം: 107)
വ്യക്തിസംസ്‌കരണം: ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ വ്യക്തികളെ സംസ്‌കരിക്കുന്നു. അതുവഴി, ആ വ്യക്തികള്‍ സമൂഹത്തിന് പ്രയോജനകരമായിത്തീരുന്നു. നീതിനിര്‍വഹണം: നിയമങ്ങള്‍, വിധികള്‍, സാക്ഷ്യങ്ങള്‍, ഇതരമനുഷ്യരുമായുള്ള പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം നീതി പാലിക്കപ്പെടേണ്ടതുണ്ട്. അല്ലാഹു ഖുര്‍ആനിലൂടെ വിശ്വാസികളോട് കര്‍ശനമായി ഉദ്‌ബോധിപ്പിക്കുന്നു:”വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ധര്‍മപാലനത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്; നിശ്ചയം.’ (വിശുദ്ധ ഖുര്‍ആന്‍: അധ്യായം: അല്‍ മാഇദ, സൂക്തം: 8)
നന്മയുടെ സംരക്ഷണം: ആദര്‍ശം, ജീവന്‍, സ്വത്ത്, ബുദ്ധി, സന്താനം ഇവയെ സംരക്ഷിക്കുകയെന്നതാണ് നന്മയുടെ സംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവയുടെ സംരക്ഷണത്തിലാണ് മനുഷ്യജീവിതം നിലകൊള്ളുന്നത് എന്നതിനാല്‍ ഇവ സംരക്ഷിക്കാനാവാശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നന്മയാണ്. ഇവയ്ക്ക് ദോഷം വരുത്തത്തുന്നവയെല്ലാം തിന്മയും. ‘നന്മ കല്പ്പിക്കാനും തിന്മ വിരോധിക്കാനും വേണ്ടി നിയോഗിക്കപ്പെട്ടവരാണ് നിങ്ങള്‍’ എന്നാണ് വിശ്വാസികളെ ഖുര്‍ആനിലുടെ അല്ലാഹു ഉണര്‍ത്തുന്നത്. മനുഷ്യനന്മയാണ് ശരീഅത്തിന്റെ ലക്ഷ്യമെന്നതിനാല്‍ ശരീഅത്തിലെ എല്ലാ നിരോധങ്ങളിലും ഒരു തിന്മയെ തടുക്കലും എല്ലാ ശാസനകളിലും ഒരു നന്മയെ സമാര്‍ജിക്കലും കാണാം. സമ്പൂര്‍ണമായ ഒരു ജീവിതവ്യവസ്ഥയെന്ന നിലയില്‍ മനുഷ്യജീവിതത്തിന്റെ മുഴുവന്‍ വശങ്ങളിലും ഇസ്‌ലാം മാര്‍ഗദര്‍ശനം നല്‍കുന്നു. ഈ മാര്‍ഗദര്‍ശനത്തിന് അവലംബമായ നിയമസംഹിതയാണ് ശരീഅത്ത്.
ജീവിതത്തിന്‍റെ ഏതെങ്കിലം ഒരു വശത്തെ ഇസ്‌ലാമികവൃത്തത്തില്‍നിന്ന് പുറത്തുനിര്‍ത്തുന്നത് തെറ്റായ നടപടിയാണ്. ‘സത്യവിശ്വാസികളേ, ഇസ്‌ലാമില്‍ നിങ്ങള്‍ പൂര്‍ണമായി പ്രവേശിക്കുക.’ എന്ന് ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്. ശരീഅത്തില്‍ അനുശാസിച്ചിട്ടുള്ള ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമാണ്. എന്നാല്‍, സിവില്‍ നിയമങ്ങളുടെ കാര്യത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് അവരവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ചാണ് ഇസ്‌ലാമികരാഷ്ട്രം തീര്‍പ്പു കല്‍പ്പിക്കുക.
ശരീഅത്ത്
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 114
‘കാര്യം ഇതായിരിക്കെ ഞാന്‍ അല്ലാഹു അല്ലാത്ത മറ്റൊരു വിധി കര്‍ത്താവിനെ തേടുകയോ? അവനോ, വിശദവിവരങ്ങളടങ്ങിയ വേദപുസ്തകം നിങ്ങള്‍ക്ക് ഇറക്കിത്തന്നവനാണ്.’ നാം നേരത്തെ വേദം നല്‍കിയവര്‍ക്കറിയാം, ഇത് നിന്റെ നാഥനില്‍ നിന്ന് സത്യവുമായി അവതീര്‍ണമായതാണെന്ന്. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അല്‍അഅ്‌റാഫ് സൂക്തം 87
ഏതൊരു സന്ദേശവുമായാണോ ഞാന്‍ നിയോഗിതനായിരിക്കുന്നത് അതില്‍ നിങ്ങളിലൊരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയുമാണെങ്കില്‍ അല്ലാഹു നമുക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുംവരെ ക്ഷമിക്കുക. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവന്‍ തന്നെ.