[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ദൈവരാജ്യം” titleclr=”#000000″][/vc_headings]

രാഷ്ട്രത്തിന്റെ നിലനില്‍പ്പിലും ആരോഗ്യകരമായ വളര്‍ച്ചയിലും ജനതയുടെ ധര്‍മബോധം, നീതിസങ്കല്‍പ്പം എന്നിവയ്ക്ക് നിസ്സാരമല്ലാത്ത പങ്കുണ്ട്. ധര്‍മവും രാഷ്ട്രീയവും തമ്മിലുള്ള പ്രകൃതിസഹജമായ ഈ ബന്ധത്തെ ഇസ്‌ലാം വളരെ പ്രാധാന്യപൂര്‍വം പരിഗണിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ ചിന്താപരവും കര്‍മപരവുമായ വ്യവസ്ഥയില്‍ ആരാധനാസംവിധാനങ്ങളും രാഷ്ട്രസംവിധാനവും രണ്ടാണെന്ന സങ്കല്‍പ്പത്തിന് സ്ഥാനമില്ല. നീതി നിര്‍വഹണമാണ് രാഷ്ട്രത്തിന്റെ ലക്ഷ്യം. നീതിയുടെയും ധാര്‍മികചട്ടങ്ങളുടെയും അടിസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയെന്നത് ഇസ്‌ലാമിന്റെ താല്‍പ്പര്യംതന്നെയാണ്. ദൈവികവ്യവസ്ഥയുടെ പരിപൂര്‍ണമായ പ്രയോഗവത്ക്കരണം രാഷ്ട്രവ്യവസ്ഥയിലൂടെ പൂര്‍ത്തിയാക്കാനാണ് ഇസ്‌ലാം പരിശ്രമിക്കുന്നത്. ഇതാണ് ഇസ്‌ലാമിന്റെ ദൈവരാജ്യസങ്കല്‍പം.

”നിശ്ചയമായും നാം ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു.

തെളിഞ്ഞ തെളിവുകളുമായി.

അവരോടൊപ്പം വേദവും തുലാസ്സും അവതരിപ്പിച്ചിരിക്കുന്നു.

മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍.

നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു.

അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്കുപകാരവുമുണ്ട്.

അല്ലാഹുവെ നേരില്‍ കാണാതെ തന്നെ

അവനെയും അവന്റെ ദൂതന്മാരെയും സഹായിക്കുന്നവരാരെന്ന

അവന്ന് കണ്ടറിയാനാണിത്.

അല്ലാഹു കരുത്തുറ്റവനും അജയ്യനും തന്നെ; തീര്‍ച്ച.”

(വിശുദ്ധഖുര്‍ആന്‍: അധ്യായം 57, സൂക്തം: 25)

വേദഗ്രന്ഥത്തോടൊപ്പം രാഷ്ട്രീയസംവിധാനത്തിനുള്ള നിര്‍ദ്ദേശവും ഈ സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂക്തത്തിലെ ‘ഇരുമ്പ് ‘എന്ന പ്രയോഗത്തെ രാഷ്ട്രീയാധികാരമെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

നന്മകള്‍ സ്ഥാപിക്കുകയും തിന്മകള്‍ ഇല്ലാതാക്കുകയുമാണ് ദൈവരാജ്യത്തിന്റെ ലക്ഷ്യം. ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ഈ ഭൂമിയില്‍ നന്മകള്‍ക്കും സത്യത്തിനും ആധിപത്യം ലഭിക്കുകയെന്നതാണ് ദൈവരാജ്യത്തിന്റെ പൊരുള്‍. അന്യമതസ്ഥരുടെ മേല്‍ ആധിപത്യം സ്ഥാപിക്കലല്ല ദൈവരാജ്യസങ്കല്‍പം കൊണ്ട് ഇസ്‌ലാം അര്‍ഥമാക്കുന്നത്.

മതാധിപത്യമോ മതരാഷ്ട്രവാദമോ അല്ല അത്. മുസ്‌ലിംകള്‍ ഭരിക്കുന്നുവെന്നതുകൊണ്ട് ഒരു രാഷ്ട്രം ഇസ്‌ലാമികരാഷ്ട്രമാവില്ല. ‘ഇസ്‌ലാമിക് റിപ്പബ്‌ളിക് ‘എന്ന് പേരിട്ടാലും ഒരു രാഷ്ട്രം ദൈവരാജ്യമാവില്ല. സ്രഷ്ടാവായ ദൈവത്തിന്റെ ഭൂമിയില്‍ ദൈവം തന്റെ ദാസന്മാരുടെ ജീവിതത്തില്‍ തെളിഞ്ഞുകാണാനുദ്ദേശിക്കുന്ന ചിട്ടയും വിശുദ്ധിയും ശാന്തിയും ക്ഷേമവും യാഥാര്‍ഥ്യമാകുമ്പോഴാണ് ഒരു രാഷ്ട്രം ദൈവരാജ്യമാവുകയുള്ളൂ.

ദൈവരാജ്യം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 107

നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു തന്നെയാണ്  ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല.