ഹിജ്‌റ നടന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയായ സമയത്ത് മുഹമ്മദ് നബി ഒരു സ്വപ്നം കണ്ടു. മക്കയില്‍ പ്രവേശിച്ച് കഅ്ബാമന്ദിരത്തില്‍ നബിയും സ്വഹാബികളും (നബിയുടെ കാലത്ത് ഇസ് ലാമിലേക്കു കടന്നു വന്ന അനുചരന്മാര്‍ക്കാണ് സ്വഹാബികള്‍ എന്നു പറയുന്നത്.) പ്രാര്‍ഥന നടത്തുന്നതായിരുന്നു സ്വപ്നം. നബി ഈ വിവരം സ്വഹാബികളെ അറിയിച്ചു. എല്ലാവര്‍ക്കും സന്തോഷമായി. കാരണം, അവരില്‍ പലരും മക്കയില്‍നിന്ന് മദീനയിലെത്തിയവരായിരുന്നു. ജന്മനാട്ടില്‍ തിരിച്ചുചെല്ലുന്നത് അവര്‍ സ്വപ്നം കണ്ടു. നബിയും കുറച്ചു സ്വഹാബികളും ഉംറ ചെയ്യാനായി മക്കയിലേക്കു പുറപ്പെട്ടു. എന്നാല്‍ ഇതറിഞ്ഞ് മക്കയിലെ ഖുറൈശികള്‍ വലിയൊരു സേനയുമായി കാത്തിരുന്നു. യുദ്ധം ചെയ്ത് ഉംറ തടയുകയായിരുന്നു അവരുടെ ലക്ഷ്യം.
നബിയുടെ ഒട്ടകം ഹുദൈബിയ എന്ന സ്ഥലത്തെത്തി മുട്ടുകുത്തി. നബിയും കൂട്ടരും അവിടെ വിശ്രമിക്കുമ്പോള്‍ ശത്രുപക്ഷത്തു നിന്ന് കുറച്ചുപേര്‍ സന്ധിസംഭാഷണത്തിനായെത്തി. ഇത് നല്ല ഒരവസരമായി കരുതിയ മുഹമ്മദ് നബി അവരുമായി സന്ധിചെയ്തു. സന്ധിയില്‍ പല കാര്യങ്ങളും ഖുറൈശികള്‍ പറയുന്നതുപോലെ എഴുതി. ഇതുകണ്ട് മുസ്‌ലിംകളില്‍ പലര്‍ക്കും നീരസം തോന്നി. കാരണം മുഹമ്മദ് നബി കീഴടങ്ങുകയാണോ എന്നുവരെ അവര്‍ സംശയിച്ചു. പക്ഷേ, പ്രത്യക്ഷത്തില്‍ ശത്രുക്കള്‍ക്കനുകൂലമെന്ന് തോന്നിയ ആ ഉടമ്പടി പിന്നീട് ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്നതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ അല്ലാഹുവാകട്ടെ, ഭൂതവും വര്‍ത്തമാനവും ഭാവിയുമറിയുന്നവന്‍. അവന്‍ നമ്മള്‍ കാണാത്തത് കാണുന്നു.
ഹുദൈബിയ സന്ധി
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫത്ഹ് സൂക്തം 1
1. നിശ്ചയമായും നിനക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു.