[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”മദീനയിലേക്ക്” titleclr=”#000000″][/vc_headings]

ഖുറൈശികളുടെ പീഡനം സഹിക്കാവുന്നതിനപ്പുറത്തായിരുന്നു.  മക്കയുടെ പുറത്ത് യസ്രിബ് എന്നു പേരുള്ള ഒരു നാടുണ്ട്. ദൈവികസന്ദേശവുമായി മുഹമ്മദ് നബി തന്റെ അനുചരനായ മുസ്അബിനെ അവിടേക്കയച്ചു. ആ പ്രദേശത്തുകാര്‍ ദൈവികസന്ദേശം സ്വീകരിക്കാന്‍ വളരെ വേഗം തയ്യാറായി. അവരില്‍ കുറച്ചുപേര്‍ മക്കയില്‍ വന്ന് മുഹമ്മദ് നബിയെ കണ്ടു. ഇങ്ങനെ പ്രയാസപ്പെട്ട് മക്കയില്‍ ജീവിക്കേണ്ടതില്ലെന്നും യസ്‌രിബില്‍ വന്നാല്‍ സംരക്ഷിക്കാമെന്നും അവര്‍ ഉറപ്പുനല്‍കി. ഈ ഉടമ്പടിക്ക് അഖബാ ഉടമ്പടി എന്നാണ് പേര്. അങ്ങനെ മുഹമ്മദ് നബിയും അനുയായികളും യസ്‌രിലേക്ക് ജീവിതം പറിച്ചുനട്ടു. മക്കയില്‍ എല്ലാം ഉപേക്ഷിച്ചുകൊണ്ട് നടത്തിയ ഈ ത്യാഗയാത്രയ്ക്ക് ഹിജ്‌റ എന്നാണ് പറയുന്നത്. ഇസ്ലാമികചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ് ഹിജ്‌റ.

യസ് രിബുകാര്‍ നബിയെയും അനുചരന്മാരെയും ഹൃദയപൂര്‍വം സ്വാഗതംചെയ്തു. യസ് രിബിന്റെ പേര് തെറ്റായ ആശയമുള്ളതിനാല്‍ നഗരം എന്നര്‍ഥമുള്ള മദീന എന്നാക്കി മാറ്റി നബി. ഹിജ്‌റചെയ്ത് മദീനയിലെത്തിയവര്‍ മുഹാജിര്‍ എന്നും മദീനയില്‍ അവരെ സഹായിച്ച പ്രദേശവാസികള്‍ അന്‍സ്വാര്‍ എന്നും അറിയപ്പെട്ടു.

ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ മുഹമ്മദ് നബി ഉണ്ടാക്കിയെടുത്ത സാഹോദര്യബന്ധം ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ഒരു അന്‍സ്വാരിയെയും മുഹാജിറിനെയും ചേര്‍ത്തുനിര്‍ത്തി അവര്‍ ഇന്നു മുതല്‍ സഹോദരന്മാര്‍ ആണെന്നു പ്രഖ്യാപിച്ചു. ആ ബന്ധം ഉണ്ടാക്കാന്‍ പദവി പരിഗണിച്ചില്ല. സമ്പത്ത് അളന്നുനോക്കിയില്ല. തൊഴിലെന്തെന്ന് ചിന്തിച്ചില്ല. ഇത് ഓരോ മുഹാജിറിന്റെ കാര്യത്തിലും സംഭവിച്ചു. സ്വത്തും കുടുംബവുമുപേക്ഷിച്ച് മദീനയിലേക്കു വന്ന് തന്റെ സഹോദരനായിത്തീര്‍ന്ന മുഹാജിറിനെ നോക്കി  അന്‍സ്വാരി പറഞ്ഞു: ”ഇതാ, എന്റെ സ്വത്ത്. ഇഷ്ടമുള്ള പകുതി നിങ്ങള്‍ എടുത്തോളൂ.” മദീനയിലെ ആദ്യനാളുകളില്‍ത്തന്നെ മുഹമ്മദ് നബി വിളക്കിച്ചേര്‍ത്ത സാഹോദര്യബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കെട്ടുറപ്പാണ് പിന്നീടങ്ങോട്ട് ഓരോ വിജയത്തിനും അടിത്തറ പാകിയത്.

മദീനയിലേക്ക്

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തൗബ സൂക്തം 40

40. നിങ്ങള്‍ അദ്ദേഹത്തെ  സഹായിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തിലാണത്. അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: ”ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.” അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ വചനത്തെ അവന്‍ പറ്റെ പതിതമാക്കി. അല്ലാഹുവിന്റെ വചനം തന്നെയാണ് അത്യുന്നതം. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.