[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”പ്രവാചകനായി നിയുക്തനാകുന്നു” titleclr=”#000000″][/vc_headings]

ഒരു ദിവസം മുഹമ്മദ് ധ്യാനത്തിലിരിക്കേ ഏകദൈവമായ അല്ലാഹുവിന്റെ മാലാഖയായ ജിബ്‌രീല്‍ പ്രത്യക്ഷപ്പെട്ടു. ജിബ്‌രീലിന്റെ കൈയില്‍ ഒരു ഫലകമുണ്ടായിരുന്നു. അക്ഷരാഭ്യാസമറിയാത്ത മുഹമ്മദിനോട് ആ ഫലകത്തിലുള്ളത് വായിക്കാന്‍ ജിബ്‌രീല്‍ ആവശ്യപ്പെട്ടു. തനിക്ക് വായിക്കാനറിയില്ലെന്ന് മുഹമ്മദ് പറഞ്ഞെങ്കിലും ജിബ്‌രീല്‍ സമ്മതിച്ചില്ല. വീണ്ടും വീണ്ടും വായിക്കാനാവശ്യപ്പെട്ടു. അവസാനം ജിബ്‌രീല്‍തന്നെ വായിച്ചുകൊടുക്കുകയും മുഹമ്മദ് അതേറ്റു വായിക്കുകയും ചെയ്തു. അല്ലാഹുവിന്റെ പ്രവാചകനായി മുഹമ്മദിനെ തിരഞ്ഞെടുത്ത കാര്യം ജിബ്‌രീല്‍ അറിയിച്ചു. അല്ലാഹുവിന്റെ വേദഗ്രന്ഥമായ ഖുര്‍ആനിലെ ഒരല്‍പഭാഗമാണ് ഇപ്പോള്‍ വായിച്ചതെന്നും അറിയിച്ചു. ഇതുകേട്ട മുഹമ്മദ് നബി ആകെ ഭയന്നു. ഭയന്നുവിറച്ച നബി വീട്ടിലേക്കോടി. വീട്ടിലെത്തിയപ്പോഴേക്കും കടുത്ത പനിയായി. പുതച്ചുമൂടിക്കിടന്ന നബിയെ പത്‌നി ഖദീജ ആശ്വസിപ്പിച്ചു.

പിന്നീട് പല തവണ ഇതുപോലെ ജിബ്‌രീല്‍ പ്രത്യക്ഷപ്പെട്ടു. മുഹമ്മദ് നബി മരണപ്പെടുന്നതു വരെ പല സന്ദര്‍ഭങ്ങളിലായി ഇത്തരത്തിലുള്ള വചനങ്ങള്‍ ജിബ്‌രീല്‍ ഓതിക്കേള്‍പ്പിച്ചു. അവയുടെ സമാഹാരമാണ് വിശുദ്ധഖുര്‍ആന്‍. പല സമയത്താണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും ഈ ഗ്രന്ഥത്തിന്റെ അധ്യായങ്ങളുടെയും വചനങ്ങളുടെയും ക്രമം അല്ലാഹു നിശ്ചയിച്ചതുപ്രകാരം ജിബ്‌രീല്‍ മുഹമ്മദ് നബിയെ അറിയിച്ചതാണ്. അതേ ക്രമത്തില്‍ ഒരു മാറ്റവുമില്ലാതെ ഇന്നും നമ്മുടെ കൈകളില്‍ ആ വിശുദ്ധവേദഗ്രന്ഥം നിലകൊള്ളുന്നു എന്നത് അദ്ഭുതാവഹം തന്നെ!

മുഹമ്മദിനെ പ്രവാചകനായി (നബി) തിരഞ്ഞെടുത്ത അല്ലാഹു ദൈവികസന്ദേശം ജനങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം വിശ്വസിച്ചത് പത്‌നി ഖദീജയാണ്. പിന്നീട് കൂട്ടുകാരനായ അബൂബക്കര്‍, ഉസ്മാന്‍, ത്വല്‍ഹ, ബാലനായ അലി തുടങ്ങിയവര്‍ ഈ സത്യം അംഗീകരിച്ചു. സത്യസന്ദേശം പരസ്യമായി പറയാന്‍ അല്ലാഹു ആവശ്യപ്പെട്ടു. അങ്ങനെ മുഹമ്മദ് നബി മക്കയിലെ പ്രമുഖരായ എല്ലാവരെയും ഒരു കുന്നിനടുത്തേക്ക് വിളിപ്പിച്ചു. കുന്നിന്‍മുകളില്‍ കയറിയ നബി അവരോട് ചോദിച്ചു. ഈ കുന്നിനപ്പുറത്ത് നിങ്ങളെ ആക്രമിക്കാന്‍ ഒരു സൈന്യം പതുങ്ങിയിരിക്കുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍ സമ്മതിച്ചു. താങ്കള്‍ കളവു പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ മുഹമ്മദ് നബി പറഞ്ഞു. ”എനിക്ക് ദൈവത്തില്‍നിന്നും ഒരു സന്ദേശം ലഭിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളെ ഏകദൈവത്തിനുള്ള അടിമത്തത്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങളെ വിഗ്രഹപൂജയില്‍നിന്ന് മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്റെ വാക്കുകള്‍ അംഗീകരിക്കാത്തപക്ഷം വേദനയേറിയ ശിക്ഷ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.”

ഇതു കേട്ട് സ്വന്തം ഗോത്രക്കാരായ ഖുറൈശികള്‍ അടക്കമുള്ള മക്കക്കാര്‍ക്ക് നീരസമുണ്ടായി. ”ഇതിനാണോ ഞങ്ങളെ വിളിച്ചുകൂട്ടിയത്? നിനക്കു നാശം” എന്നു പറഞ്ഞ് അവര്‍ പിരിഞ്ഞു. മക്കയിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും മുഹമ്മ്ദ് നബി പറയുന്നത് സത്യമാണെന്ന് അറിയാമായിരുന്നു. എങ്കിലും അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന കാര്യത്തില്‍നിന്നു മാറിച്ചിന്തിക്കാനുള്ള മടിയായിരുന്നു ചിലര്‍ക്ക്. തങ്ങളുടെ സ്വാധീനവും പ്രതാപവും ഇല്ലാതാകുമോ എന്ന ഭയം മറ്റു ചിലര്‍ക്ക്. കൂട്ടുകാരും ബന്ധുക്കളും ഏതു വിശ്വാസത്തിലാണോ അതു മതിയെന്നു ഒരു കൂട്ടര്‍. ഇവരെല്ലാം ഒരുമിച്ചുനിന്ന് മുഹമ്മദ് നബിയെ എതിര്‍ത്തു. നബിക്ക് അവരില്‍നിന്ന് പല ക്രൂരതകളും ഏല്‍ക്കേണ്ടി വന്നു. അതുവരെ അല്‍അമീന്‍ അഥവാ വിശ്വസ്തന്‍ എന്നു നബിയെ വിളിച്ചിരുന്നവര്‍ പിന്നീട് തള്ളിപ്പറഞ്ഞു. ഭ്രാന്തനാണെന്നു കളിയാക്കി. വിവരമില്ലാത്തവനാണെന്നു പരിഹസിച്ചു. മര്‍ദിച്ചു.

മുഹമ്മദ് നബി തന്റെ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. ചിലരൊക്കെ സത്യസന്ദേശം സ്വീകരിക്കാന്‍ തയ്യാറായി. തയ്യാറായവരില്‍ കൂടുതലും പാവപ്പെട്ടവരും അടിമകളുമായിരുന്നു. അതിനാല്‍ മക്കയിലെ പണക്കാര്‍ അവരെ നന്നായി ദ്രോഹിച്ചു. പല രൂപത്തിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ആരു പിന്തിരിഞ്ഞില്ല. ദ്രോഹം സഹിക്കവയ്യാതായപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ എത്യോപ്യയിലേക്ക് പലായനം ചെയ്യാന്‍ മുഹമ്മദ് നബി തന്റെ അനുയായികളോട് ആവശ്യപ്പെട്ടു.കുറച്ചുപേര്‍ അങ്ങനെ എത്യോപ്യയിലെത്തി. എത്യോപ്യയിലെ രാജാവ് ക്രിസ്ത്യാനിയായ നജ്ജാശിയായിരുന്നു. അദ്ദേഹം നല്ല മനസ്സിന്റെ ഉടമായിയിരുന്നു. നജ്ജാശി രാജാവ് മുസ്ലിംകള്‍ക്ക് അഭയം നല്‍കി. ഇതറിഞ്ഞ മക്കക്കാര്‍ നജ്ജാശിരാജാവിനെ സമീപിച്ച് മുസ്ലിംകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങളില്‍നിന്നും ഓടിപ്പോന്ന അടിമകളാണ് ഇവര്‍ എന്നാണ് മക്കയിലെ നേതാക്കള്‍ രാജാവിനെ തെറ്റിദ്ധരിപ്പിച്ചത്. രാജാവ് മുസ്‌ലിംകളെ വിളിപ്പിച്ചു.

അവര്‍ രാജാവിനോട് ഇപ്രകാരം ഉണര്‍ത്തി: ”രാജാവേ, ഞങ്ങള്‍ അജ്ഞതയിലായിരുന്നു. വിഗ്രഹാരാധനയിലും അധര്‍മജീവിതത്തിലും മുഴുകി ജീവിക്കുകയായിരുന്നു. ഏകദൈവത്തെ വിസ്മരിച്ച് നിരവധി ബിംബങ്ങളെ ആരാധിക്കുകയായിരുന്നു. വ്യഭിചാരം, കൊള്ള, മോഷണം തുടങ്ങിയവ പതിവാക്കിയിരുന്നു. ഞങ്ങളിലെ ശക്തര്‍ ദുര്‍ബലരെ ചൂഷണം ചെയ്തു. ഇതിനിടയിലാണ് ദൈവം ഞങ്ങള്‍ക്കിടയില്‍നിന്ന് ഒരു വ്യക്തിയെ പ്രവാചകനാക്കുന്നത്. ദീര്‍ഘമായ ഈ സംഭാഷണത്തില്‍ അവര്‍ ഇതുകൂടി കൂട്ടിച്ചേര്‍ത്തു. ”ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. ബഹുദൈവാരാധന ഞങ്ങള്‍ വെടിഞ്ഞു. എല്ലാ തിന്മകളില്‍നിന്നും അകന്നു. ഇക്കാരണത്താല്‍ ഞങ്ങളുടെ സമുദായം ഞങ്ങളുടെ ശത്രുക്കളായി.”  ഈ സംസാരം കേട്ട നജ്ജാശിരാജാവ് മക്കയിലെ നേതാക്കളോട് മുസ്‌ലിംകളെ വിട്ടുതരുന്ന പ്രശ്‌നമില്ലെന്നു പ്രഖ്യാപിച്ചു.

കുറച്ചുപേര്‍ എത്യോപ്യയിലേക്കു പോയെങ്കിലും ബാക്കിയുള്ളവര്‍ക്ക് മക്കയില്‍ ജീവിതം ദുസ്സഹമായി അനുഭവപ്പെട്ടു. കാരണം മക്കയില്‍ നബിയുടെ ഗോത്രക്കാരായ ഖുറൈശികള്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. മുഹമ്മദ് നബി ഈ ദൗത്യത്തില്‍നിന്ന് പിന്തിരിയണമെന്നതു മാത്രമായിരുന്നു അവരുടെ ആവശ്യം. അബൂത്വാലിബും പത്‌നി ഖദീജയും സമാശ്വാസവുമായി നബിയുടെ കൂടെയുണ്ടായിരുന്നു. പക്ഷേ, നബിക്ക് 50 വയസ്സായപ്പോള്‍ രണ്ടുപേരും മരണപ്പെട്ടു. നബിയുടെ ജീവിതത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ വര്‍ഷമായിരുന്നു അത്. ദുഃഖവര്‍ഷം എന്നാണ് ചരിത്രത്തില്‍ ഈ വര്‍ഷം അറിയപ്പെടുന്നത്.

പ്രവാചകനായി നിയുക്തനാകുന്നു

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അശ്ശൂറാ സൂക്തം 51

51. അല്ലാഹു ഒരു മനുഷ്യനോടും നേര്‍ക്കുനേരെ സംസാരിക്കാറില്ല. അതുണ്ടാവുന്നത് ഒന്നുകില്‍ ദിവ്യബോധനത്തിലൂടെയാണ്. അല്ലെങ്കില്‍ മറയ്ക്കുപിന്നില്‍ നിന്ന്, അതുമല്ലെങ്കില്‍ ഒരു ദൂതനെ അയച്ചുകൊണ്ട്. അങ്ങനെ അല്ലാഹുവിന്റെ അനുമതിയോടെ അവനിച്ഛിക്കുന്നത് ആ ദൂതനിലൂടെ ബോധനം നല്‍കുന്നു. സംശയമില്ല; അല്ലാഹു അത്യുന്നതനാണ്. യുക്തിമാനും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ജിന്ന് സൂക്തം 26-27

27. അവന്‍ അഭൗതിക കാര്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അഭൗതിക കാര്യങ്ങള്‍ ആര്‍ക്കും വെളിവാക്കിക്കൊടുക്കുകയില്ല.

27. അവന്‍ തൃപ്തിപ്പെട്ട് അംഗീകരിച്ച ദൂതന്നൊഴികെ. അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു.