സ്‌പെയിന്‍

അന്തലൂസ്യ എന്നായിരുന്നു മുസ്‌ലിം ഭരണകാലത്ത് സ്‌പെയിന്‍ അറിയപ്പെട്ടിരുന്നത്. സ്‌പെയിനിലെ സ്വേച്ഛാധിപതിയായ ഭരണാധികാരികളില്‍നിന്ന് മോചനം ആഗ്രഹിച്ച സ്‌പെയിന്‍ ജനത ഉത്തരാഫ്രിക്കയിലെ ഉമവീ ഗവര്‍ണറയായിരുന്ന മൂസബ്‌നു നുസൈറിനോട് സഹായം അഭ്യര്‍ഥിച്ചു. ഈ അഭ്യര്‍ഥന മാനിച്ച് താരിഖ് ഇബ്‌നു സിയാദ് എന്ന സേനാനായകന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ മൂസബ്‌നു നുസൈര്‍ അയച്ചുകൊടുത്തു. സ്‌പെയിനിലെ ഓരോ നഗരങ്ങളായി നിഷ്പ്രയാസം കീഴടക്കിയ താരിഖിന്റെ സൈന്യം പിരണീസ് പര്‍വതനിരകള്‍ വരെയുള്ള പ്രദേശങ്ങള്‍ ഉമവീ ഭരണകൂടത്തിന്റെ ഭാഗമാക്കിത്തീര്‍ത്തു.

ഇസ്‌ലാമിക സ്‌പെയിന്‍ യൂറോപ്പിലെ തന്നെ ആദ്യ സമ്പന്നനാഗരികതകളില്‍ ഒന്നാണ്. വൈജ്ഞാനിക മേഖലയിലും രാഷ്ട്രസംവിധാനത്തിലും അന്തലുസിലെ സെവില്ല, ഗ്രാനഡ, ടോളിഡോ, കൊര്‍ദോവ നഗരങ്ങള്‍ ലോകനിലവാരമുള്ളവയായിരുന്നു. ഇബ്‌നു റുഷ്ദ്, ഇബ്‌നു ഹസ്മ് പോലുള്ള ധാരാളം പണ്ഡിതന്മാരെയും ധിഷണാശാലികളെയും സ്‌പെയിന്‍ ലോകത്തിന് സംഭാവന ചെയ്തു. ഇസ്‌ലാമിക സ്‌പെയിനിന്റെ സ്മരണകളുണര്‍ത്തി അല്‍ഹമ്പ്ര കൊട്ടാരവും കൊര്‍ദോവ പള്ളിയുമടക്കമുള്ള ചരിത്രശേഷിപ്പുകള്‍ ആധുനിക സ്‌പെയിനില്‍ അങ്ങോളമിങ്ങോളം കാണാം. ആധുനിക സ്പാനിഷ്ഭാഷയിലെ പദങ്ങളിലേറെയും അറബിഭാഷാസമ്പര്‍ക്കത്തിന്റെ സ്വാധീനഫലമായുണ്ടായവയാണ്.