ഇന്ത്യയില്‍ ആദ്യമായി ഇസ്‌ലാമിന്റെ സന്ദേശമെത്തുന്നത് കേരളത്തിലാണ്. എന്നാല്‍, മുസ്‌ലിം ഭരണാധികാരികള്‍ക്കു കീഴില്‍ വരുന്ന ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉത്തരേന്ത്യയിലാണ് ആദ്യമായി ഉണ്ടാവുന്നത്. ഉമവി ഭരണാധികാരി വലീദുബ്‌നു അബ്ദുല്‍ മലികിന്റെ കാലത്താണ് (ഭരണകാലം എ.ഡി. 707-715) ഇസ്‌ലാം വടക്കേ ഇന്ത്യയിലെത്തുന്നത്. ഉമവീ ഖിലാഫത്തിന്റെ അന്ത്യം വരെ സിന്ധില്‍ മുസ്‌ലിം ഗവര്‍ണര്‍മാരുണ്ടായിരുന്നു. പിന്നീട് ശക്തമായ ഒരു ഭരണവംശം സ്ഥാപിച്ചത് മഹ്മൂദ് ഗസ്‌നി എന്ന തുര്‍ക്ക് വംശജനായ യോദ്ധാവായിരുന്നു. ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ഗസ്‌നി നഗരം കേന്ദ്രമാക്കിയായിരുന്നു മഹ്മൂദ് തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിത്. മദ്ധ്യേഷ്യയിലെ സമ്പന്ന നഗരങ്ങളായി മുള്‍ത്താനും സമര്‍ഖന്ധും ബുഖാറയുമൊക്കെ വളര്‍ന്നുവന്നത് ഇക്കാലത്തായിരുന്നു. വടക്കേ ഇന്ത്യയിലും മഹ്മൂദ് ശക്തമായ ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. ഏ.ഡി 1010 മുതല്‍ 1187 വരെയുള്ള 175 വര്‍ഷക്കാലം മദ്ധ്യേഷ്യ ഗസ്‌നികളുടെ അധികാരത്തിന്‍ കീഴിലായിരുന്നു.
ഇപ്രകാരം ഗസ്‌നി, ഗോറി വംശങ്ങളും തുടര്‍ന്ന് അടിമവംശവുമാണ് ഇന്ത്യയില്‍ ഭരണം നടത്തിയത്. ഗോറിവംശത്തിലെ ഭരണാധികാരിയായിരുന്ന ശിഹാബുദ്ദീന്‍ ഗോറിയുടെ അടിമയായിരുന്ന ഖുത്ബുദ്ദീന്‍ ഐബക് ആണ് അടിമവംശം എന്ന പേരിലുള്ള ഭരണകൂടം സ്ഥാപിച്ചത്. ക്രിസ്തുവര്‍ഷം 1216 മുതല്‍ 1210 വരെയായിരുന്നു ഖുതുബുദ്ദീന്‍ ഐബകിന്റെ ഭരണകാലം. മുഗള്‍ ഭരണകാലത്തിനുമുമ്പ് ദല്‍ഹി ആസ്ഥാനമായി ഭരിച്ച ഭരണകൂടങ്ങളെയെല്ലാം ചേര്‍ത്ത് ദല്‍ഹി സല്‍ത്തനത്ത് (സുല്‍ത്താനേറ്റ് എന്നു വിളിക്കാറുണ്ട്. ദല്‍ഹിയെ വലിയ നഗര സംവിധാനമായി വളര്‍ത്തിക്കൊണ്ടുവന്നത് ദല്‍ഹി സുല്‍ത്താനേറ്റിന്റെ നേട്ടമാണ്. അലാവുദ്ദീന്‍ ഖില്‍ജി, മുഹമ്മദ് ബിന്‍ തുഗ്ലക്ക്, ഇബ്രാഹിം ലോദി എന്നിവരും ദല്‍ഹി സല്‍ത്തനത്തിലെ പ്രഗത്ഭ ഭരണാധികാരികളായിരുന്നു. കലയിലും വാസ്തുവിദ്യയിലും സാഹിത്യത്തിലും വമ്പിച്ച പുരോഗതിയാണ് ഇക്കാലത്ത് ഉണ്ടായത്. ഇന്തോ-പേര്‍ഷ്യന്‍ നിര്‍മാണ ശൈലിക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചത് സല്‍ത്തനത്ത് കാലത്തായിരുന്നു.
ഖുതുബ് മിനാറും പുരാനാ കിലയും അടക്കം നിരവധി നിര്‍മിതികള്‍ സല്‍ത്തനത്ത് കാലത്ത് ഉണ്ടായി. ഹിന്ദുസ്ഥാനിയുടെയും പേര്‍ഷ്യന്‍ ഭാഷയുടെയും സങ്കരമായ ഉര്‍ദു ഭാഷ പിറവി കൊണ്ടത് സാഹിത്യരംഗത്തെ വലിയ നേട്ടമാണ്. സംഗീതത്തിലും സാഹിത്യത്തിലും അതുല്യമായ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് അലാവുദ്ദീന്‍ ഖില്‍ജിയുടെ സദസ്യനായിരുന്ന അമീര്‍ ഖുസ്രു. ദല്‍ഹി സല്‍ത്തനത്ത് ഭരണകാലത്തെ മറ്റൊരു പ്രത്യേകത സൂഫിസം ഇന്ത്യയില്‍ വേരോട്ടം നേടി എന്നതാണ്. അവയില്‍ പ്രധാനം ചിശ്തി ത്വരീഖത്തിന്റെ വ്യാപനം തന്നെയാണ്. നിസാമുദ്ദീന്‍ ഔലിയാ എന്ന സൂഫി വര്യനാണ് ചിശ്തി ത്വരീഖത്തിന്റെ ആചാര്യനായി അറിയപ്പെടുന്നത്. വടക്കേ ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിപ്പിക്കുന്നില്‍ ചിശ്തി ത്വരീഖത്ത് പ്രധാന പങ്കു വഹിക്കുകയുണ്ടായി.
മുഗളന്മാര്‍
1526-ലെ പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ബാബറാണ് മുഗള്‍ വംശം സ്ഥാപിച്ചത്. സാംസ്‌കാരികമായി ചലനാത്മകവും സമ്പന്നവുമായ ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നാണ് മുഗള്‍ സാമ്രാജ്യം. ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസീബ് എന്നിങ്ങനെ ആദ്യകാല മുഗള്‍ ഭരണാധികാരികള്‍ തന്നെ അതിശക്തരും പ്രഗത്ഭരുമായിരുന്നു. മുഗളരുടെ രാഷ്ട്രസംവിധാനവും ഭരണപ്രക്രിയയും വളരെ മികച്ചതായിരുന്നു. കേരളം, തമിഴ്‌നാട് പോലുള്ള തെക്കന്‍ ഭാഗങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യാ ഉപഭൂഖണ്ഡമൊന്നാകെ മുഗള്‍ ഭരണത്തിന്റെ ഭാഗമായിരുന്നു.
മുഗള്‍ വാഴ്ചക്കാലത്ത് വലിയൊരളവോളം പേര്‍ഷ്യന്‍ ഭരണസമ്പ്രദായങ്ങള്‍ക്കും പേര്‍ഷ്യന്‍ ഭാഷക്കും കലകള്‍ക്കുമായിരുന്നു മുന്‍തൂക്കം. എങ്കിലും മുഗളന്മാര്‍ ഇസ്‌ലാമും ഇന്ത്യയിലെ പ്രാദേശിക സംസ്‌കാരവും ഇടകലരാന്‍ അനുവദിച്ചു. അതിന്റെ ഫലമായാണ് ലോകത്ത് എക്കാലവും പണിതിട്ടുള്ള വാസ്തുശില്‍പ മാതൃകകളിലൊന്നായ താജ്മഹല്‍ പോലെയുള്ള അതിമനോഹരമായ ഹര്‍മ്യങ്ങള്‍ നിര്‍മിക്കപ്പെട്ടത്. സൂഫി കവിതയും സംഗീതവും തഴച്ചുവളരാനും ഈ ഇടകലരല്‍ കാരണമായി. കവിത പേര്‍ഷ്യന്‍ ഭാഷയില്‍ മാത്രമായിരുന്നില്ല, പ്രാദേശിക ഭാഷകളിലുമുണ്ടായിരുന്നു. ഔറംഗസീബായിരുന്നു പ്രഗത്ഭനായ അവസാനത്തെ മുഗള്‍ ഭരണാധികാരി. തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഔറംഗസീബ്. തന്റെ സദസ്സിലും കൊട്ടാരത്തിലും സൈന്യത്തിലും അമുസ്‌ലിംകളായ ധാരാളം ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഔറംഗസീബ്. രാജ്യം മുമ്പെങ്ങുമില്ലാത്തവിധം വിസ്തൃതമായത് അദ്ദേഹത്തിന്റെ കാലത്താണ്. സര്‍ക്കാറിന്റെ സമ്പത്ത് ജനങ്ങളുടേതാണെന്ന ബോധത്തോടെയായിരുന്നു ഔറംഗസീബ് ചെലവഴിച്ചിരുന്നത്. അതൊരിക്കലും സ്വന്തം ആവശ്യത്തിന് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. 1707-ല്‍ ഔറംഗസീബ് മരണപ്പെട്ടതോടെ മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചുതുടങ്ങി. വൈദേശിക ആക്രമണങ്ങള്‍ മാത്രമല്ല ആഭ്യന്തര ഭീഷണികളും മുഗളന്മാരെ തളര്‍ത്തി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ അവസാന മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ഷാ സഫര്‍ നാടുകടത്തപ്പെട്ടതോടെ നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന മുഗള്‍ ഭരണം ഇന്ത്യയില്‍ അവസാനിച്ചു. ദല്‍ഹി സുല്‍ത്താന്മാരും മുഗളന്മാരും ചേര്‍ന്ന് 800 വര്‍ഷത്തോളം ഇന്ത്യ ഭരിക്കുകയുണ്ടായി.