[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”വിവാഹം” titleclr=”#000000″][/vc_headings]

ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍നിന്നാണ് മനുഷ്യസംസ്‌കാരത്തിന്റെ അടിത്തറ രൂപം കൊള്ളുന്നത്. ആ രണ്ടു മനുഷ്യര്‍ ചേര്‍ന്നുണ്ടാകുന്ന ചെറിയ സാമൂഹികവൃത്തം മനുഷ്യസംസ്‌കാരത്തിന്റെ   ആദ്യത്തെ കണ്ണിയാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ഈ സുസ്ഥിരബന്ധം തുറന്ന ഉടമ്പടി മുഖേന സ്ഥാപിതമാവുന്നു. ശരീഅത്തിന്റെ ഭാഷയില്‍ ഇതിന് ‘നികാഹ്’ എന്നു പറയുന്നു. ഇരുവരുടെയും സംതൃപ്തിയോടെ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് നടത്തപ്പെടുന്ന ഒരു പവിത്രബന്ധമാണ് വിവാഹം. വിവാഹം കൂടാതെയുള്ള സ്ത്രീപുരുഷബന്ധം നീചവും ശിക്ഷാര്‍ഹവുമാണ്.

വിവാഹാവസരത്തില്‍ പുരുഷന്‍ സ്ത്രീക്ക് നിര്‍ബന്ധമായും നല്‌കേണ്ട വിവാഹമൂല്യമാണ് ‘മഹ്ര്‍’ എന്നറിയപ്പെടുന്നത്. വിവാഹമൂല്യം നിശ്ചയിക്കാനുള്ള അധികാരവും അവകാശവും വധുവിനാണ്.

‘എന്റെ മകളെ/ സഹോദരിയെ ഞാന്‍ നിനക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു’വെന്ന് വധുവിന്റെ രക്ഷകര്‍ത്താവ് പറയണം. തുടര്‍ന്ന് ‘ഞാന്‍ അവളെ വധുവായി സ്വീകരിച്ചിരിക്കുന്നു’വെന്നു വരനും പരസ്യമായി പ്രഖ്യാപിക്കണം. ഇതാണ് വിവാഹച്ചടങ്ങ്. സദസ്സിനുമുമ്പില്‍ വിവാഹത്തെക്കുറിച്ചുള്ള സാരോപദേശങ്ങള്‍ അടങ്ങുന്ന ലഘുപ്രഭാഷണം നടത്തുന്നതും പ്രവാചകചര്യയാണ്. വിവാഹശേഷം വരന്‍ ബന്ധുമിത്രാദികള്‍ക്ക് ലഘുവായ സദ്യയൊരുക്കല്‍ പ്രബലമായ പ്രവാചകചര്യയാണ്.

വിവാഹത്തിനായി ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ മതനിഷ്ഠയും സല്‍സ്വഭാവവുമാണ് പ്രധാനമായി പരിഗണിക്കേണ്ടത്. ധനം, കുലമഹിമ, സൗന്ദര്യം, മതനിഷ്ഠ എന്നീ നാലു കാര്യങ്ങളാണ് സ്ത്രീകളില്‍ പുരുഷന്മാര്‍ക്ക് താല്പര്യം ജനിപ്പിക്കുന്നതെന്നും മതനിഷ്ഠയുള്ളവരെ വിവാഹം ചെയ്തു സൗഭാഗ്യം നേടണമെന്നും മുഹമ്മദ് നബി ഉപദേശിക്കുന്നു.

സത്യവിശ്വാസികളായ പുരുഷന്‍ അധര്‍മകാരിയായ സ്ത്രീയെയും സത്യവിശ്വാസിയായ സ്ത്രീ അധര്‍മകാരിയായ പുരുഷനെയും വിവാഹംചെയ്യുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. രക്തബന്ധം, മുലകുടി ബന്ധം, വിവാഹബന്ധം തുടങ്ങിയവ ഉള്ളവര്‍ തമ്മിലുള്ള വിവാഹം നിരോധിച്ചു. വിവാഹം ഒരു ആദര്‍ശബന്ധമായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. അത് ആയുഷ്‌കാലം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ടതാണ്. അതിനാല്‍ ദമ്പതികള്‍ക്കിടയില്‍ ആദര്‍ശപ്പൊരുത്തം വേണം. വിവാഹത്തെ കരുത്തുറ്റ കരാര്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.

വിവാഹം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 1

1. ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 11

11. നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക്  മക്കളില്ലാതെ  മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍4 മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 25

25. നിങ്ങളിലാര്‍ക്കെങ്കിലും വിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന്‍ കഴിവില്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ സ്ത്രീകളെ7 വിവാഹം ചെയ്യാം. നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് നന്നായറിയുക അല്ലാഹുവിനാണ്. നിങ്ങള്‍ ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ.8 അതിനാല്‍ അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുക. അവര്‍ക്ക് ന്യായമായ വിവാഹമൂല്യം നല്‍കണം. അവര്‍ ചാരിത്രവതികളും ദുര്‍വൃത്തിയിലേര്‍പ്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായിരിക്കണം. അങ്ങനെ അവര്‍ ദാമ്പത്യവരുതിയില്‍ വന്നശേഷം അവര്‍ ദുര്‍വൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ സ്വതന്ത്ര സ്ത്രീകളുടെ പാതി ശിക്ഷയാണ് അവര്‍ക്കുണ്ടാവുക. വിവാഹം കഴിച്ചില്ലെങ്കില്‍ തെറ്റ് സംഭവിച്ചേക്കുമെന്ന് ഭയമുള്ളവര്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ക്ഷമയവലംബിക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നഹല്‍ സൂക്തം 72

72. അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും നല്‍കി. പൗത്രന്മാരെയും. വിശിഷ്ട വസ്തുക്കള്‍ ആഹാരമായി തന്നു. എന്നിട്ടും ഇക്കൂട്ടര്‍ അസത്യത്തില്‍ വിശ്വസിക്കുകയാണോ? അല്ലാഹുവിന്റെ  അനുഗ്രഹത്തെ അപ്പാടെ തള്ളിപ്പറയുകയും?

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തഹ്‌രീം സൂക്തം 66. 

വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. അതിന്റെ മേല്‍നോട്ടത്തിന് പരുഷപ്രകൃതരും ശക്തരുമായ മലക്കുകളാണുണ്ടാവുക. അല്ലാഹുവിന്റെ ആജ്ഞകളെ അവര്‍ അല്‍പംപോലും ലംഘിക്കുകയില്ല. അവരോട് ആജ്ഞാപിക്കുന്നതൊക്കെ അതേപടി പ്രാവര്‍ത്തികമാക്കുന്നതുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫുര്‍ഖാന്‍ സൂക്തം 54

54. വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവനാണ്. അങ്ങനെ അവനെ രക്തബന്ധവും വിവാഹബന്ധവുമുള്ളവനാക്കി. നിന്റെ നാഥന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അറൂം സൂക്തം 21

21. അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.

വിവാഹം

1. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഉദ്ധരിക്കുന്നു. നബി പറഞ്ഞു. ‘ഓ യുവാക്കളേ, നിങ്ങളിലാര്‍ക്കെങ്കിലും വിവാഹം ചെയ്യാന്‍ കഴിവുണ്ടായാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ വിവാഹം അവന്‍റെ ദൃഷ്ടി താഴ്ത്തിക്കളയുന്നതും ഗുഹ്യസ്ഥാനത്തെ നിര്‍മലമാക്കുന്നതുമാണ്. ആര്‍ക്കെങ്കിലും അതിന് സാധ്യമല്ലെങ്കില്‍ അവന്‍ വ്രതമാചരിക്കട്ടെ. കാരണം, അത് അവന് ഒരു പരിചയാണ്.”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

2. നബി പറഞ്ഞു.’നാലു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ത്രീയെ വിവാഹം ചെയ്യുന്നത്. അവളുടെ ധനം, അവളുടെ തറവാട്, അവളുടെ സൗന്ദര്യം, അവളുടെ ഭക്തിജീവിതം. നീ ഭക്തയെ നേടാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിനക്ക് നാശം!”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

3. നബി അരുളി: വിവാഹാലോചനയുമായി നിങ്ങളെ സമീപിക്കുന്ന ഒരാളുടെ ദീനിനെക്കുറിച്ചും (ഭക്തിജീവിതം) സ്വഭാവത്തെക്കുറിച്ചും നിങ്ങള്‍ സംതൃപ്തനാണെങ്കില്‍ നിങ്ങള്‍ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുക. നിങ്ങള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ വലിയ നാശവും കുഴപ്പവും ഉണ്ടാകും.

4. തിരുനബി അരുളി: ‘ധനികരെ ക്ഷണിക്കുകയും ദരിദ്രരെ അവഗണിക്കുകയും ചെയ്യുന്ന വിവാഹസല്‍ക്കാരത്തിലെ ഭക്ഷണമാണ് ഏറ്റവും ചീത്തയായ ഭക്ഷണം. ആരെങ്കിലും ക്ഷണം നിരസിച്ചാല്‍, അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും  അവന്‍ ധിക്കരിച്ചു.

5. നബി അരുളി: വിവാഹിതരാകുക. വിവാഹത്തോടെ ദീനിന്‍റെ (ഭക്തിജീവിതത്തിന്‍റെ) മൂന്നിലൊന്നു പൂര്‍ത്തിയായി.

6. നബി പറഞ്ഞു. ‘വിശ്വാസിക്ക് അല്ലാഹുവോടുള്ള ഭക്തി കഴിച്ചാല്‍ പിന്നെ ഏറ്റവും ഗുണകരമായത് സുചരുതയായ ഭാര്യയാണ്. അവന്‍ കല്പിച്ചാല്‍ അവള്‍ അനുസരിക്കും. അവളെ നോക്കിയാല്‍ അവന്‍ സന്തുഷ്ടനാകും. അവളുടെ കാര്യത്തില്‍ ശപഥം ചെയ്താല്‍ അവള്‍ അതു പൂര്‍ത്തീകരിക്കും. അവന്‍റെ അഭാവത്തില്‍ അവള്‍ തന്‍റെ ശരീരവും ധനവും സംരക്ഷിക്കും.”

7. നബി പറഞ്ഞു: വിധവയെ വിവാഹം ചെയ്തുകൊടുക്കുന്നത് അവളുടെ സമ്മതത്തോടെയായിരിക്കണം. കന്യകയോടും വിവാഹവേളയില്‍ സമ്മതം വാങ്ങണം. മൗനം അവളുടെ സമ്മതമാണ്.