വേദങ്ങള്‍

മനുഷ്യസമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ പ്രവാചകന്മാര്‍ മുഖേന അല്ലാഹു വിവിധ കാലഘട്ടങ്ങളില്‍ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ വേദഗ്രന്ഥങ്ങളുടെയെല്ലാം അടിസ്ഥാനപാഠങ്ങള്‍ ഒന്നുതന്നെയായിരുന്നു. ഏകദൈവത്വം, പ്രവാചകത്വം, മരണാനന്തരജീവിതം എന്നിവയാണ് ഈ അടിസ്ഥാനപാഠങ്ങള്‍. പല ദേശങ്ങളില്‍ പല കാലങ്ങളില്‍ പല ഭാഷകളില്‍ വേദഗ്രന്ഥങ്ങള്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. പൂര്‍വകാലത്തുണ്ടായിരുന്ന മൂന്ന് വേദഗ്രന്ഥങ്ങളുടെ പേരുകള്‍ ഖുര്‍ആനില്‍ പറയുന്നുണ്ട്. തൗറാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നിവയാണവ.

മൂസാ (മോശെ) എന്ന പ്രവാചകന് അവതരിച്ച വേദഗ്രന്ഥമാണ് തൗറാത്ത് (തോറ). ഈസാ (യേശു) പ്രവാചകന് ദൈവത്തില്‍നിന്ന് അവതീര്‍ണമായ വേദമാണ് ഇഞ്ചീല്‍.  ദാവൂദ് (ദാവീദ്) പ്രവാചകന് ലഭിച്ച വേദമാണ് സബൂര്‍. ഖുര്‍ആനില്‍ പരാമര്‍ശിച്ച വേദഗ്രന്ഥങ്ങളെ പിന്‍പറ്റുന്നവരെന്ന നിലയ്ക്ക് ജൂതമതക്കാരെയും ക്രിസ്ത്യാനികളെയും ‘അഹ്‌ലുല്‍ കിതാബ്’ (വേദക്കാര്‍) എന്ന് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നു.

ഒരു കാലത്ത് നിലനിന്നിരുന്ന വേദങ്ങള്‍ നശിച്ചുപോവുകയോ അവയിലെ അധ്യാപനങ്ങളില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ആ വേദത്തിന്റെ ദൈവികത നഷ്ടമാകുന്നു. അപ്പോള്‍ പ്രവാചകന്മാര്‍ വഴി ദൈവം പുതിയ വേദം മനുഷ്യര്‍ക്കു നല്‍കുന്നു. ഇങ്ങനെ കഴിഞ്ഞുപോയ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട വേദങ്ങളിലെല്ലാം മനുഷ്യന്റെ കൈകടത്തല്‍ സംഭവിച്ചപ്പോഴാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി വഴി ദൈവത്തില്‍നിന്നും വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്.

വേദങ്ങള്‍

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 84-90

84.  അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിനു നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പ്പെട്ട ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു.

85.  സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു.

86.  അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്ത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു

87.  അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.

88.  അതാണ് അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു.

89.  നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍. ഇപ്പോളിവര്‍ അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.

90.  അവരെതന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക. പറയുക: ‘ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല.’

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 213

213. മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം69 സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ ജനം ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 84

84.  പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്; ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്‌സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്; മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്ന് വന്നെത്തിയത്- എല്ലാറ്റിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് മാത്രം കീഴ്‌പെട്ട് ജീവിക്കുന്നവരുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫജര്‍ സൂക്തം 14-19

14.  നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച.

15.  എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: ‘എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.’

16.  എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: ‘എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.’

17.  കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല.

18.  അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നുമില്ല.

19.  പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മാഇദ സൂക്തം 48

48.  പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല്‍ മഹത്കൃത്യങ്ങളില്‍ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അന്‍കബൂത്ത് സൂക്തം 46.

ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: ”ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്.”

വേദങ്ങള്‍

1. റസൂല്‍ പറഞ്ഞു; വിശുദ്ധ ഖുര്‍ആന്‍ ഹലാല്‍ (അനുവദനീയം), ഹറാം (നിഷിദ്ധം), മുഹ്കം (ഭദ്രം), മുതശാബിഹ് (സദൃശമായത്)അംഥാല്‍ (ഉപമകള്‍) എന്നിങ്ങനെ അഞ്ചു വിധത്തിലാണ് അവതരിച്ചിരിക്കുന്നത്. അതിനാല്‍, അനുവദനീയമായതിനെ അനുവദനീയമയും നിഷിദ്ധമായതിനെ നിഷിദ്ധമായും നിങ്ങള്‍ അംഗീകരിക്കുക. ഭദ്രമായതിനെ അനുഷ്ഠിക്കുകയും സദൃശമായതിനെ വിശ്വസിക്കുകയും ചെയ്യുക. ഉപമകളില്‍നിന്ന് പാഠമുള്‍ക്കൊള്ളുക.

(മശ്കൂത്ത്)

2. റസൂല്‍ പറഞ്ഞു. ‘അല്ലാഹു നിര്‍ബന്ധവിധികള്‍ നല്കിയിരിക്കുന്നു. അവയെ നിങ്ങള്‍ പാഴാക്കരുത്. ചില കാര്യങ്ങള്‍ അവന്‍ നിരോധിച്ചിട്ടുണ്ട്. അത് ലംഘിക്കരുത്. ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അവയെ നിങ്ങള്‍ മറികടക്കരുത്. ബോധപൂര്‍വം തന്നെ ചില കാര്യങ്ങളെക്കുറിച്ച് മൗനം പാലിച്ചിട്ടുണ്ട്. അവയെക്കുറിച്ച് അന്വേഷിക്കരുത്.

(മശ്കൂത്ത്)

3. സിയാദുബ്‌നു ലബീദില്‍നിന്ന് നിവേദനം: നബി അല്‍പനേരം എന്തോ ഓര്‍ത്തശേഷം ഇങ്ങനെ പറഞ്ഞു.’അറിവ് നഷ്ടപ്പെടുന്ന വേളയിലാണ് അതുണ്ടാവുക.”

ഞാന്‍ ചോദിച്ചു. ‘പ്രവാചകരേ, എങ്ങനെയാണ് അറിവ് നഷ്ടപ്പെടുക? ഞങ്ങള്‍ ഖുര്‍ആന്‍ പഠിക്കുന്നു. ഞങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കുന്നു. അവര്‍ തങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കുന്നു പിന്നെയെങ്ങനെ നഷ്ടപ്പെടാനാണ് അറിവ്? ”

പ്രവാചകന്‍ പറഞ്ഞു.’അയ്യോ സിയാദ്! താങ്കളെ മദീനയിലെ അല്പം വിവരമുള്ള ഒരാളായാണ് ഞാന്‍ കാണുന്നത്. ഈ ജൂതന്മാരും ക്രിസ്ത്യാനികളും തൗറാത്തും ഇഞ്ചീലും പാരായണം ചെയ്യുന്നു. അവയിലുള്ളതൊന്നും അനുഷ്ഠിക്കുന്നുമില്ല.”

(ഇബ്‌നു മാജ)