വിധിവിശ്വാസം

ഇസ്‌ലാമികവിശ്വാസസംഹിതയുടെ ആറു പ്രമുഖസ്തംഭങ്ങളില്‍ ഒന്നാണ് വിധിവിശ്വാസം. ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ക്കെല്ലാം അവയുടേതായ ചില സ്വഭാവസവിശേഷതകളും വ്യവസ്ഥകളുമെല്ലാം സ്രഷ്ടാവ് നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവികനിശ്ചയത്തില്‍നിന്ന് തെന്നിമാറിക്കൊണ്ട് യാതൊരു വസ്തുവിനും നിലനില്‍ക്കാനാകില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധിപ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നതെന്ന വിശ്വാസമാണ് ഇസ്‌ലാമികവിധിവിശ്വാസത്തിന്റ കാതല്‍.

മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെല്ലാം ദൈവവിധിക്കനുസൃതമായാണ് നടക്കുന്നത്. സഹജമായ വാസനകള്‍ക്കനുസരിച്ചാണ് മൃഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കര്‍മങ്ങള്‍ക്ക് ജനിതകമായ ചില നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങളെ അതിലംഘിക്കാന്‍ മൃഗങ്ങള്‍ക്ക് സാധ്യമല്ല. എന്നാല്‍, മനുഷ്യരുടെ കര്‍മങ്ങളുടെ കാര്യത്തില്‍ ചില സ്വാതന്ത്ര്യങ്ങള്‍ സ്രഷ്ടാവായ ദൈവം നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് സത്യത്തിന്റെയും നന്മയുടെയും പാത തെരഞ്ഞെടുക്കാന്‍ മനുഷ്യന് കഴിയും.

അസത്യത്തിന്റെയും തിന്മയുടെയും പാത തെരഞ്ഞെടുക്കാനും അവന് കഴിയും. ഇതില്‍ ഏതുവഴി തെരഞ്ഞെടുക്കുന്നുവോ അതിനനുസരിച്ചാണ് അവന് മരണാനന്തരജീവിതത്തില്‍ രക്ഷാശിക്ഷകള്‍ ലഭിക്കുന്നത്. ഈ ലോകത്ത് നടക്കുന്ന സകല നന്മതിന്മകളും അല്ലാഹുവിന്റെ വിധിപ്രകാരമാണ് നടക്കുന്നത് എന്ന വിശ്വാസവും വിധിവിശ്വാസത്തിന്റെ ഭാഗമാണ്. സംഭവിക്കുന്ന ഓരോ കാര്യത്തിനുപിന്നിലും, അത് നമുക്ക് ഗുണകരമായാലും ദോഷകരമായാലും, സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനങ്ങളുണ്ട്. തീരുമാനിക്കുന്നത് ദൈവമാണെങ്കിലും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ നന്മതിന്മകളായ ഫലങ്ങള്‍ അനുഭവിക്കാന്‍ നാം ബാധ്യസ്ഥരാണ്. കാരണം, നന്മയും തിന്മയും തിരിച്ചറിയാനായി ദൈവം നമുക്ക് വിശേഷബുദ്ധിയും സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു.

വിധിവിശ്വാസത്തെ നമുക്ക് ഇങ്ങനെ ചുരുക്കിപ്പറയാം: സ്രഷ്ടാവായ ദൈവത്തിന്റെ ജ്ഞാനം എല്ലാറ്റിനെയും ചൂഴ്ന്നുനില്‍ക്കുന്നു. അവന്റെ ഇച്ഛ സര്‍വവ്യാപകമാണ്. അവന്റെ ശക്തി എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. അവന്റെ രക്ഷാകര്‍തൃത്വം പ്രപഞ്ചത്തെ മുഴുവന്‍ ആശ്ലേഷിക്കുന്നു. പ്രപഞ്ചത്തില്‍ സംഭവിക്കുന്ന ഏതു കാര്യവും സര്‍വജ്ഞനും പ്രതാപിയുമായ അല്ലാഹുവിന്റെ നിര്‍ണയവും ആസൂത്രണവും അനുസരിച്ചുമാത്രമാണ് നടക്കുന്നത്.

വിധിവിശ്വാസം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം യൂനുസ് സൂക്തം 100

100.  ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. ആലോചിച്ച് മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നിന്ദ്യത വരുത്തിവെക്കും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തഗാബുന്‍ സൂക്തം 11

11.  അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫുര്‍ഖാന്‍ സൂക്തം 2

2.  ആകാശഭൂമികളുടെ ആധിപത്യത്തിനുടമയാണവന്‍. അവനാരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അര്‍റഅ്ദ് സൂക്തം 11

അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല. അവനൊഴികെ അവര്‍ക്ക് രക്ഷകനുമില്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തൗബ  സൂക്തം 51

51.  പറയുക: അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം  സൂക്തം 17-18

17.  അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ? അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

18.  അല്ലാഹു തന്റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനാണ്. സൂക്ഷ്മജ്ഞനും.

വിധിവിശ്വാസം

1. അബൂഖുസാമ തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു. ‘ഞാന്‍ നബിയോട് ചോദിച്ചു.’പ്രവാചകരേ, ഞങ്ങള്‍ രോഗശമനാര്‍ഥം ഉപയോഗിക്കുന്ന മന്ത്രവും ഔഷധങ്ങളും ദുഃഖ ദുരിതങ്ങള്‍ അകറ്റാന്‍ വേണ്ടി ചെയ്യുന്ന മറ്റു രക്ഷാപ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ വല്ല വിധിയെയും മാറ്റുമോ? ”

തിരുമേനി മറുപടിയായി പറഞ്ഞു. ‘ അതും അല്ലാഹുവിന്റെ വിധിയില്‍പ്പെട്ടതാണ്.”

(തിര്‍മിദി)

2. നബി പറഞ്ഞു.’ ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന്റെയടുക്കല്‍ ഏറെ പ്രിയപ്പെട്ടവനുമാണ്. എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരപ്രദമായ കാര്യത്തില്‍ അതീവ താല്‍പര്യം കാണിക്കുക. അല്ലാഹുവിനോട് സഹായമര്‍ഥിക്കുകയും ചെയ്യുക. നീ ദുര്‍ബലനാവരുത്. നിനക്ക് വല്ല ആപത്തും വന്നാല്‍, ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍,ഇങ്ങനെ വരുമായിരുന്നു എന്നൊന്നും നീ പറയരുത്. മറിച്ച്, അല്ലാഹു (എല്ലാം) വിധിച്ചിരിക്കുന്നു, അവന്‍ ഉദ്ദേശിച്ചത് ചെയ്യും എന്നു നീ പറയുക. കാരണം, അങ്ങനെയായിരുന്നെങ്കില്‍ എന്ന പ്രയോഗം പിശാചിന്റെ ചെയ്തികള്‍ക്കുള്ള വാതില്‍ തുറക്കുന്നു.

(മശ്കൂത്ത്)

3.  അബൂ അ്ബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞു: സത്യസന്ധനും വിശ്വസ്തനുമായ പ്രവാചകന്‍ ഞങ്ങളെ അറിയിച്ചിരിക്കുന്നു. ‘ നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടി നാല്‍പത് ദിവസം തന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ രേതസ്‌കണമായി നിലകൊള്ളുന്നു. പിന്നീട് അത്രതന്നെ കാലം ഒട്ടിപ്പിടിച്ച വസ്തുവായും. തുടര്‍ന്ന്‍ മാംസക്കഷ്ണമായും അത്രതന്നെ സ്ഥിതിചെയ്യുന്നു പിന്നീട് അതില്‍ ജീവചൈതന്യം സന്നിവേശിപ്പിക്കാന്‍ മലക്ക് നിയോഗിക്കപ്പെടുന്നു. ഭക്ഷണം, ജീവിതാവധി, പ്രവര്‍ത്തനം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍, എന്നീ നാലുകാര്യങ്ങള്‍ രേഖപ്പെടുത്താന്‍ മലക്ക് ആജ്ഞാപിക്കപ്പെടുകയും ചെയ്യുന്നു. അല്ലാഹുവാണ, അവനല്ലാതെ ഒരു ഇലാഹുമില്ല. നിങ്ങളിലൊരാള്‍ സ്വര്‍ഗാവകാശിയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. അങ്ങനെ അവനും സ്വര്‍ഗവും തമ്മില്‍ ഒരു മുഴം അകലമേയുള്ളൂ എന്ന നില വരും. അപ്പോള്‍ വിധി അവനെ മുന്‍കടക്കും. അവന്‍ നരകവാസിയുടെ കര്‍മങ്ങള്‍ അനുഷ്ഠിക്കും. അങ്ങനെ അതില്‍ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിലൊരാള്‍ നരകാവകാശിയുടെ കര്‍മരീതി പിന്തുടരും. അങ്ങനെ അവനും നരകത്തിനുമിടയില്‍ അകലം ഒരു മുഴം മാത്രം എന്ന നിലവരും. അപ്പോള്‍ വിധി അവനെ മറികടക്കും. സ്വര്‍ഗവാസിയുടെ കര്‍മങ്ങള്‍ അവന്‍ കൈകൊള്ളും. അതുവഴി അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)