ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ട പ്രവാചകന്മാരിലുള്ള വിശ്വാസം. വേദം ഏറ്റുവാങ്ങാനും ദൈവികനിയമങ്ങളുടെ വെളിച്ചത്തില്‍ മനുഷ്യരെ നയിക്കാനും മനുഷ്യരില്‍നിന്നുതന്നെ ദൈവം തിരഞ്ഞെടുത്ത ദൂതന്മാരാണ് പ്രവാചകന്മാര്‍. വളരെ പരിശുദ്ധരും സംസ്‌കാരസമ്പന്നരും സല്‍സ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവര്‍. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകന്മാര്‍ ദിവ്യശക്തിയുള്ളവരോ ദൈവികാധികാരങ്ങളില്‍ പങ്കുള്ളവരോ അല്ല. ദിവ്യസന്ദേശം ലഭിക്കുന്നുവെന്നതൊഴിച്ചാല്‍ മറ്റെല്ലാ കാര്യങ്ങളിലും അവര്‍ സാധാരണമനുഷ്യര്‍ തന്നെയാണ്. ചിലപ്പോള്‍ പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചില ദിവ്യാദ്ഭുതങ്ങള്‍ പ്രവാചകന്മാരിലൂടെ ദൈവം പ്രത്യക്ഷപ്പെടുത്താറുണ്ട്.
അറബിഭാഷയില്‍ ദൂതന്‍ എന്നര്‍ഥമുള്ള ‘റസൂല്‍’, ‘മുര്‍സല്‍’ എന്നീ പദങ്ങളും പ്രവാചകന്‍ എന്നര്‍ഥമുള്ള ‘നബി’ എന്നീ പദവുമാണ് പ്രവാചകന്മാരെ സൂചിപ്പിക്കാന്‍ ഖുര്‍ആനില്‍ ഉപയോഗിച്ചുവന്നത്. പ്രവചനം നടത്തുന്നയാള്‍ എന്നാണ് പ്രവാചകന്‍ എന്ന പദത്തിന്റെ അര്‍ഥം. പ്രൊഫറ്റ് എന്ന ഇംഗ്ലീഷ് പദത്തിനും നബി എന്ന അറബി പദത്തിനും ഇതേ അര്‍ഥം തന്നെ.
ഇസ്‌ലാമികവിശ്വാസമനുസരിച്ച് നബിമാര്‍ സ്വന്തമായി ഒന്നും പ്രവചിക്കുന്നില്ല. ദൈവം അറിയിച്ചുകൊടുക്കുന്ന വിവരങ്ങള്‍ മനുഷ്യര്‍ക്ക് കൈമാറുകമാത്രമാണ് അവര്‍ ചെയ്യുന്നത്. ഓരോ പ്രവാചകനും തനിക്ക് ശേഷം വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള വാര്‍ത്തകളും വരാനിരിക്കുന്ന സംഭവങ്ങളും പ്രവചിക്കാറുണ്ടായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയാകട്ടെ അന്ത്യദിനത്തെക്കുറിച്ചും മറ്റനേകം ഭാവികാര്യങ്ങളെക്കുറിച്ചുമുള്ള സൂചനകള്‍ അറിയിക്കുകയുണ്ടായി.
ബൈബിള്‍ പരിഭാഷയിലൂടെയും ക്രിസ്തുമതവിശ്വാസികളുടെ ഉപയോഗത്തിലൂടെയുമാണ് പ്രവാചകന്‍ എന്ന പ്രയോഗം മലയാളത്തില്‍ വേരോടിയത്.പൂര്‍വകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്മാര്‍ നിയോഗിതരായിട്ടുണ്ട്. ഒരേ തത്ത്വങ്ങളും ധര്‍മങ്ങളും തന്നെയാണ് എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിരുന്നത്. ഇരുപത്തിയഞ്ചോളം പ്രവാചകന്മാരുടെ പേരുകള്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര്‍ ഭൂമിയില്‍ ആഗതരായിട്ടുണ്ട്. ഈ പ്രവാചകന്മാരെയെല്ലാം അംഗീകരിക്കേണ്ടത് മുസ്‌ലിമിന്റെ വിശ്വാസബാധ്യതയില്‍ പെട്ടതാണ്.
വേദഗ്രന്ഥമായ ഖുര്‍ആന്‍ കഴിഞ്ഞാല്‍ വിശ്വാസികള്‍ക്ക് ആധികാരികപ്രമാണം പ്രവാചകന്റെ ജീവിതമാണ്. ഖുര്‍ആന്‍ അവസാനത്തെ വേദഗ്രന്ഥവും മുഹമ്മദ് നബി അന്ത്യപ്രവാചകനുമാണ്.
ഖുര്‍ആനില്‍ പരാമര്‍ശിച്ച പ്രവാചകന്മാര്‍
1. ആദം
2. ഇദ്‌രീസ്
3. നൂഹ്
4. ഹൂദ്
5. സ്വാലിഹ്
6. ഇബ്‌റാഹീം
7. ലൂത്വ്
8. ഇസ്മാഈല്‍
9. ഇസ്ഹാഖ്
10. യഅ്ഖൂബ്
11. യൂസുഫ്
12. അയ്യൂബ്
13. ശുഐബ്
14. ഹാറൂന്‍
15. മൂസാ
16. അല്‍ യസഅ്
17. ദുല്‍കിഫ്ല്‍
18. ദാവൂദ്
19. സുലൈമാന്‍
20. ഇല്‍യാസ്
21. യൂനുസ്
22. സകരിയ്യാ
23. യഹ്‌യാ
24. ഈസാ
25. മുഹമ്മദ്
പ്രവാചകന്മാര്‍
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 132
132. ഇബ്‌റാഹീമും യഅ്ഖൂബും32 തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: ”എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരണപ്പെടരുത്.”
.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ഇബ്‌റാഹീം സൂക്തം 4
നാം നിയോഗിച്ച ഒരു ദൂതന്നും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ ഏറെ പ്രതാപിയും യുക്തിമാനും തന്നെ.
.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫാത്വിര്‍ സൂക്തം 24
24. നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്. മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.
.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നജ്മ് സൂക്തം 3-4
3. അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല.
4. ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്.
പ്രവാചകന്മാര്‍
1. തിരുനബി അരുളി: ഉത്തമമായ വചനം അല്ലാഹുവിന്റെ ഗ്രന്ഥവും ഉത്തമമായ ചര്യ മുഹമ്മദിന്റെ ചര്യയുമാണ്.
(സ്വഹീഹു മുസ്‌ലിം)
2. തിരുനബി അരുളി: തന്റെ പിതാവിനേക്കാളും സന്താനത്തേക്കാളും മുഴുവന്‍ മനുഷ്യരേക്കാളും എന്നെ സ്‌നേഹിക്കുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല.
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)
3. അംറുബ്‌നുല്‍ ആസ് നിവേദനം ചെയ്യുന്നു:
നബി പറഞ്ഞു.”തന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നതിനെ പിന്തുടരുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസിയാവുകയില്ല.”
(മശ്കൂത്ത്)
4. അബ്ദുല്ലാഹില്‍ മുഗഫ്ഫലില്‍നിന്ന് നിവേദനം: ഒരാള്‍ നബിയുടെ അടുക്കല്‍ വന്നു പറഞ്ഞു. ”ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.” നബി അയാളോട് പറഞ്ഞു.”നീ എന്താണ് പറയുന്നതെന്ന് നല്ലവണ്ണം ആലോചിക്കുക.” ‘അല്ലാഹുവാണ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു എന്ന് അയാള്‍ മൂന്നുതവണ പറഞ്ഞു. അപ്പോള്‍ തിരുനബി പറഞ്ഞു.”നീ പറഞ്ഞത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ ദാരിദ്ര്യത്തെ ചെറുക്കാനുള്ള പടയങ്കി നീ ഒരുക്കുക. മലവെള്ളം അതിന്റെ ലക്ഷ്യം പ്രാപിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ദാരിദ്ര്യം എന്നെ സ്‌നേഹിക്കുന്നവനെ പിടികൂടുന്നതാണ്.”-തിര്‍മിദി
5. ഒരു ദിവസം തിരുനബി അംഗസ്‌നാനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിനായി നബി ഉപയോഗിച്ച വെള്ളം അനുചരന്മാര്‍ തങ്ങളുടെ ശരീരത്തില്‍ പുരട്ടിക്കൊണ്ടിരുന്നു. അപ്പോള്‍ തിരുനബി ചോദിച്ചു.”ഇതിന് നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?” ‘അല്ലാഹുവിനോടും അവന്റെ തിരുദൂതരോടുമുള്ള സ്‌നേഹം.” അവര മറുപടിയായി പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു.”അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹവും അവരിരുവര്‍ക്കും നിങ്ങളോടുള്ള സ്‌നേഹവും ഒരാളെ സന്തുഷ്ടനാക്കുന്നുവെങ്കില്‍ സംസരിക്കുമ്പോള്‍ അവന്‍ സത്യംമാത്രം പറയട്ടെ. വിശ്വസിച്ച് ഏല്‍പിക്കപ്പെട്ട വസ്തുക്കള്‍ യഥാവിധി തിരിച്ചുകൊടുക്കട്ടെ. അയല്‍വാസിയുമായി നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യട്ടെ.”
(മശ്കൂത്ത്)