ഇസ്ലാം അടിമത്തം നിരോധിച്ചിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്

Question : “ഇസ്ലാം അടിമത്തം നിരോധിച്ചിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എങ്കിൽ സമത്വത്തെയും നീതിയെയും സംബന്ധിച്ച് സംസാരിക്കാൻ ഇസ്ലാമിന് എന്തവകാശമാണുള്ളത്?”
Answer : മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. അതുകൊണ്ടുതന്നെ അവർക്കിടയിൽ വിവേചനം അരുതെന്ന് അത് അനുശാസിക്കുന്നു. “മനുഷ്യരേ, ഒരാണിൽനിന്നും പെണ്ണിൽനിന്നുമത്രെ നിങ്ങളെ നാം സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ നാം സമുദായങ്ങളും ഗോത്രങ്ങളുമാക്കി. നിങ്ങൾ പരസ്പരം പരിചയപ്പെടേണ്ടതിന്” (ഖുർആൻ 49: 13).
പ്രവാചകൻ പറയുന്നു: “നിശ്ചയം, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളുടെയെല്ലാം പിതാവും ഒരാൾ തന്നെ എല്ലാവരും ആദമിൽ നിന്നു ള്ളവരാണ്. ആദമോ മണ്ണിൽ നിന്നും. അതിനാൽ അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (മുസ്ലിം, അബൂദാവൂദ്).
നിയമത്തിന്റെ മുമ്പിൽ സർവരും സമൻമാരാണെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. പൗരാവകാശങ്ങളുടെ കാര്യത്തിൽ സർവരും തുല്യരാണ്. പണത്തിന്റെയും പദവിയുടെയും പേരിലുള്ള പ്രത്യേകാവകാശങ്ങൾ അതാർക്കും അനുവദിച്ചുകൊടുക്കുന്നില്ല. തദടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ തീർത്തും നിരാകരിക്കുകയും ചെയ്യുന്നു.
ഇങ്ങനെയൊക്കെയായിരുന്നിട്ടും ഇസ്ലാം എന്തുകൊണ്ട് അടിമത്തം നിരോധിച്ചില്ല എന്ന പ്രശ്നം വിശദമായ വിശകലനമർഹിക്കുന്നു.
1. മുഹമ്മദ് നബിയുടെ നിയോഗകാലത്ത് ലോകമെങ്ങും ക്രൂരമായ അടിമത്തമാണ് നിലനിന്നിരുന്നത്. പുരാതനറോമിൽ അടിമ ആടുമാടുകളെപ്പോലെ കച്ചവടം ചെയ്യപ്പെടുന്ന വിൽപ്പനച്ചരക്ക് മാത്രമായിരുന്നു. ഓടിപ്പോകാതിരിക്കാനായി കാലുകളിലണിയിക്കപ്പെട്ട ചങ്ങലകളുമായാണ് അവർ ഭാരിച്ച ജോലികൾ പോലും ചെയ്തിരുന്നത്. കാലിത്തൊഴുത്തുകൾക്ക് സമാനമായ സ്ഥലങ്ങളായിരുന്നു അവരുടെ വാസസ്ഥലം. ഭക്ഷണമല്ലാതെ മറ്റൊന്നിനും അവർക്കവകാശമുണ്ടായിരുന്നില്ല. അതും യജമാനന്റെ എച്ചിലുകളായിരുന്നു. ചാട്ടവാറടികൾക്ക് മുതുക് കാണിച്ചുകൊടുക്കാൻ വിധിക്കപ്പെട്ടവരായിരുന്നു അക്കാലത്തെ അടിമകൾ. കാളകൾക്കിടയിലെന്ന പോലെ അടിമകൾക്കിടയിലും പോര് സംഘടിപ്പിക്കുക സാധാരണമായിരുന്നു. അങ്ങനെ അവർ പരസ്പരം തല്ലിച്ചാകുന്നത് കണ്ട് ഉല്ലസിക്കൽ യജമാനൻമാരുടെ മുഖ്യ വിനോദമായിരുന്നു.
ഇന്ത്യയിലെ സ്ഥിതിയും ഭിന്നമായിരുന്നില്ല. ഇന്ത്യയിൽ ജാതിവ്യവസ്ഥയുടെ പേരിലാണ് അടിമത്തം നിലനിന്നിരുന്നത്. അതിനാലത് ദൈവനിശ്ചയമായാണ് ഗണിക്കപ്പെട്ടിരുന്നത്. അമേരിക്കയിലും ആഫ്രിക്കയിലും അടുത്ത കാലം വരെയും ക്രൂരമായ അടിമത്തവും വർണവിവേചനവും നിലനിന്നിരുന്നു. ഇതര പാശ്ചാത്യനാടുകളുടെ സ്ഥിതിയും അതുതന്നെ.
ഇത്തരമൊരവസ്ഥയിലാണ് ഇസ്ലാം ഇക്കാര്യത്തിൽ സമൂലമായ മാറ്റം വരുത്തിയത്. ആദ്യമായി അതു ചെയ്തത് അടിമകളോടുള്ള സമീപനത്തിൽ സമഗ്രമായി പരിവർത്തനം സൃഷ്ടിക്കുകയായിരുന്നു. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യരാണെന്ന് പ്രഖ്യാപിച്ചു. ആ ബോധം എല്ലാവരിലും വളർത്തുകയും ചെയ്തു. അല്ലാഹു ആജ്ഞാപിച്ചു. “മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുക. ബന്ധുക്കളോടും അനാഥകളോടും അഗതികളോടും ബന്ധുവായ അയൽക്കാരോടും അകന്ന അയൽക്കാരോടും സഹവാസികളോടും യാത്രക്കാരനോടും നിങ്ങളുടെ അധീനതയിലുള്ള അടിമകളോടും നൻമയിൽ വർത്തിക്കുക. അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല” (4: 36).
നബിതിരുമേനി അരുൾ ചെയ്യുന്നു: “നിങ്ങളുടെ സഹോദരൻമാരും ബന്ധുക്കളുമാണവർ. തന്റെ കീഴിലുള്ള സഹോദരന് താൻ ഭക്ഷിക്കുന്നതുപോലുള്ള ആഹാരവും ധരിക്കുന്നതുപോലുള്ള വസ്ത്രവും നൽകേണ്ടതാണ്. അവർക്ക് അസാധ്യമായ കാര്യം അവരെ ഏൽപിക്കരുത്. അഥവാ, പ്രയാസകരമായ വല്ല ജോലികളും അവരെ ഏൽപിക്കുകയാണെങ്കിൽ നിങ്ങളും അവരെ സഹായിക്കുക” (ബുഖാരി).‘ഇത് എന്റെ അടിമ, ഇത് എന്റെ അടിമസ്ത്രീ’ എന്നിങ്ങനെ പറയാൻ പാടില്ലെന്ന് പഠിപ്പിച്ച പ്രവാചകൻ അവരെ നിങ്ങളുടെ കീഴിൽ വരാൻ ഇടയാക്കിയ അല്ലാഹു നിങ്ങളെ അവരുടെ കീഴിൽ കൊണ്ടുവരാനും കഴിവുറ്റവനാണെന്ന് സമൂഹത്തെ ഉണർത്തി.നബി പറഞ്ഞു: “വല്ലവനും തന്റെ അടിമയെ വധിക്കുന്ന പക്ഷം അവനെ നാമും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗഛേദം ചെയ്താൽ നാം അവനെയും അംഗഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാൽ നാമവനെയും ഷണ്ഡീകരിക്കും.” (ബുഖാരി, മുസ്ലിം). മാന്യമായ ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഉറപ്പുവരുത്തിയ ഇസ്ലാം ഇതു വഴി അടിമകളുടെ സുരക്ഷിതത്വവും ഭദ്രമാക്കി. മറ്റു സ്ത്രീകളെപ്പോലെ വിവാഹവേളയിൽ അടിമസ്ത്രീകൾക്കും വിവാഹമൂല്യം നിശ്ചയിച്ചു. ഖുർആൻ പറയുന്നു: “നിങ്ങളിലാർക്കെങ്കിലും സ്വതന്ത്രകളായ സത്യവിശ്വാസിനികളെ വിവാഹം ചെയ്യാൻ സാമ്പത്തിക ശേഷിയില്ലെങ്കിൽ നിങ്ങളുടെ അധീനതയിലുള്ള സത്യവിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക. നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് നന്നായി അറിയുന്നവൻ അല്ലാഹുവാണ്. നിങ്ങൾ പരസ്പരം ബന്ധുക്കളാണ്. അതിനാൽ അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങളവരെ വിവാഹം കഴിച്ച കൊള്ളുക, അവരുടെ വിവാഹമൂല്യം മര്യാദയോടെ നൽകുകയും ചെയ്യുക.” (4: 26)പ്രവാചകൻ(സ) പറയുന്നു: “നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരി പോലുള്ള ശിരസ്സോടുകൂടിയ നീഗ്രോ അടിമയായിരുന്നാലും ശരി. “ഖലീഫാ ഉമറുൽ ഫാറൂഖ് ആസന്ന മരണനായിരിക്കെ ഭാവി ഭരണാധികാരിയെ സംബന്ധിച്ച ചർച്ചക്കിടയിൽ തന്റെ വികാരം പ്രകടിപ്പിച്ചതിങ്ങനെയാണ്: “അബൂഹുദൈഫ മോചിപ്പിച്ച അടിമയായിരുന്ന സാലിം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ ഭരണാധികാരിയായി ഞാൻ നിശ്ചയിക്കുമായിരുന്നു.”അബൂബക്ർ സ്വിദ്ദീഖ്, ഉമറുൽ ഫാറൂഖ് പോലുള്ള വളരെ പ്രമുഖരായ അനുചരൻമാരുൾപ്പെടുന്ന സംഘത്തിന്റെ സർവ സൈന്യാധിപനായി വിമോചിത അടിമയായ സൈദിന്റെ മകൻ ഉസാമയെ നിശ്ചയിച്ച നബി സൈദിന് തന്റെ പിതൃസഹോദരീ പുത്രി സൈനബിനെ വിവാഹം കഴിപ്പിച്ചുകൊടുക്കാൻ സന്നദ്ധനായി.അറബികളായ സ്വതന്ത്രൻമാർക്കും അടിമകൾക്കുമിടയിൽ സാഹോദര്യം സ്ഥാപിക്കുക പ്രവാചകന്റെ പതിവിൽ പെട്ടതായിരുന്നു. നീഗ്രോ അടിമയായിരുന്ന ബിലാലും ഖശ്അമീഗോത്രക്കാരനായ ഖാലിദുബ്നു റുവൈഹയും തമ്മിലും അടിമയായിരുന്ന സൈദും സ്വന്തം പിതൃവ്യനായ ഹംസയും തമ്മിലും അടിമയായിരുന്ന ഖാരിജ ബ്നു സൈദും പിൽക്കാലത്ത് പ്രഥമ ഖലീഫയായിത്തീർന്ന അബൂബക്ർ സ്വിദ്ദീഖും തമ്മിലും നബി തിരുമേനി സാഹോദര്യം സ്ഥാപിക്കുകയുണ്ടായി.അടിമകളെ അവഗണിക്കാനോ പ്രയാസപ്പെടുത്താനോ ഇസ്ലാം അനുവദിച്ചില്ല. ഒരിക്കൽ അടിമയെ പിറകിൽ നടത്തി വാഹനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാരനോട് അബൂഹുറയ്റ പറഞ്ഞു: “നിന്റെ പിറകിൽ അവനെയും കയറ്റു. നിന്റെ സഹോദരനാണവൻ. നിന്റേതുപോലുള്ള ആത്മാവ് അവനുമുണ്ട്.”ഈവിധം അടിമയ്ക്ക് സമൂഹത്തിൽ മാന്യമായ പദവിയും അംഗീകാരവും പരിഗണനയും നൽകി അവന്റെ അവകാശങ്ങൾ സംരക്ഷിച്ച ഇസ്ലാം അവനോടുള്ള അനീതിയെയും അതിക്രമത്തെയും കൊടിയ കുറ്റമായി കണക്കാക്കുകയുണ്ടായി. അതോടൊപ്പം അടിമയുടെ ബാധ്യതകളിലും ശിക്ഷകളിലും ഗണ്യമായ ഇളവനുവദിക്കുകയും ചെയ്തു.2. ഇസ്ലാം അടിമത്തത്തെ ഒരടിസ്ഥാനമായി അംഗീകരിക്കുന്നില്ല. അന്തിമമായി അതിനറുതി വരുത്താനുള്ള നടപടികളാണ് അത് സ്വീകരിച്ചത്. അടിമത്ത മോചനത്തിന് വമ്പിച്ച പ്രാധാന്യം നൽകി. അല്ലാഹു ചോദി ക്കുന്നു: “മനുഷ്യൻ എന്തുകൊണ്ട് ദുർഘടമായ പുണ്യപാത കടക്കുന്നില്ല. എന്താണ് ആ ദുർഘട മാർഗമെന്ന് നിനക്കറിയാമോ? അടിമയുടെ മോചനമാണത്)” (90: 11-13)ഇസ്ലാം സകാത്തിന്റെ ഒരോഹരി നിശ്ചയിച്ചത് അടിമകളുടെ മോചനത്തിനുവേണ്ടിയാണ് (9: 60). തന്റെ ഉടമസ്ഥതയിലുള്ള അടിമയെ മോചിപ്പിക്കലും മറ്റുള്ളവരുടെ വശമുള്ളവരെ വാങ്ങി മോചിപ്പിക്കലും ഇസ്ലാം നിശ്ചയിച്ച അടിമമോചന മാർഗ്ഗങ്ങളത്. അതനുസരിച്ചാണ് നബിതിരുമേനിയും അവിടത്തെ അനുചരൻമാരും തങ്ങളുടെ കീഴിലുണ്ടായിരുന്ന അടിമകളെ മോചിപ്പിച്ചത്. അബൂബക്ർ സ്വിദ്ദീഖിനെപ്പോലുള്ള സഹൃദയർ സമ്പത്തിന്റെ സിംഹഭാഗവും വിനിയോഗിച്ചത് അടിമകളെ വാങ്ങി മോചിപ്പിക്കാനാണ്. പത്തുപേർക്ക് എഴുത്തും വായനയും പഠിപ്പിച്ചുകൊടുക്കുന്ന അടിമകളെ പ്രവാചകൻ മോചിപ്പിച്ചിരുന്നു.പല പാപങ്ങൾക്കും ഇസ്ലാം നിശ്ചയിച്ച പ്രായശ്ചിത്തങ്ങളിൽ പ്രഥമവും പ്രധാനവും അടിമകളെ മോചിപ്പിക്കലാണ്. “ആരെങ്കിലും ഒരു വിശ്വാസിയെ വധിക്കാനിടയായാൽ പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കണം. കൊല്ലപ്പെട്ടവന്റെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകുകയും വേണം. അവർ നഷ്ടപരിഹാരം വിട്ടുകൊടുത്താലൊഴികെ (4: 92).ശപഥലംഘനം, വ്രതമനുഷ്ഠിക്കവെ ഭാര്യാഭർത്താക്കൻമാർ ലൈംഗികബന്ധം പുലർത്തൽ പോലുള്ള അപരാധങ്ങളുടെ പ്രായശ്ചിത്തവും അടിമകളെ മോചിപ്പിക്കലത്രെ. ഇങ്ങനെ അടിമത്ത മോചനത്തിന് ഇസ്ലാം വിവിധ മാർഗങ്ങൾ നിശ്ചയിച്ചു. പരലോകത്ത് അതിമഹത്തായ പ്രതിഫലം വാഗ്ദാനം നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇസ്ലാമിക സമൂഹത്തിൽ സംഭവിച്ചപോലെ വിപുലവും വ്യാപകവുമായ നിലയിൽ അടിമകൾ വിമോചിതരായ മറ്റൊരു കാലഘട്ടവും ചരിത്രത്തിലുണ്ടായിട്ടില്ല.മോചനപത്രമെഴുതി സ്വാതന്ത്ര്യം നേടാനും ഇസ്ലാം അവസരമൊരുക്കി. അതനുസരിച്ച് അടിമയും യജമാനനും യോജിച്ചു തീരുമാനിക്കുന്ന മൂല്യം നിശ്ചയിച്ച് സ്വാതന്ത്ര്യം നേടാൻ അടിമകൾക്ക് സാധിക്കുമായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ സ്വാതന്ത്ര്യം നൽകാൻ യജമാനൻ ബാധ്യസ്ഥനാണ്. അതിലിടപെടാനോ കരാർ നിരാകരിക്കാനോ അയാൾക്ക് അവകാശമില്ല. മോചനപത്രമെഴുതുന്ന നിമിഷം മുതൽ അടിമ അടിമയല്ലാതായി, കൂലിപ്പണിക്കാരന്റെ സ്ഥാനത്തെത്തുന്നു. പിന്നീട് ചെയ്യുന്ന ജോലിക്ക് പ്രതിഫലമുണ്ടാവുകയും അത് മോചനമൂല്യമായി മാറുകയും ചെയ്യുന്നു. മറ്റു തൊഴിലുകളിലൂടെ പണമുണ്ടാക്കി മോചനമൂല്യം ശേഖരിക്കാനും അയാൾക്കവകാശമുണ്ടായിരിക്കും. ഇത്തരമൊരു വ്യവസ്ഥ യൂറോപ്പിൽ അംഗീകരിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിൽ മാത്രമാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.ഇങ്ങനെ വിവിധ വിധേന മോചനം നേടിയ അടിമകൾ ഇസ്ലാമിക ചരിത്രത്തിൽ മഹത്തായ സ്ഥാനമലങ്കരിക്കുകയും ഭരണംവരെ കൈയാളുകയുമുണ്ടായി. ബിലാലുബ്നു റബാഹിനെപ്പോലെ അതുല്യമായ പദവിയിലെത്തിയവരും അവരിലുണ്ട്.3. അടിമകൾ തലമുറ തലമുറകളായി തുടരുന്ന അവസ്ഥക്ക് ഇസ്ലാം അറുതി വരുത്തി. യജമാനന് അടിമസ്ത്രീയിൽ കുട്ടികളുണ്ടായാൽ അവർ യജമാനന്റെ കുട്ടികളായാണ് പരിഗണിക്കപ്പെടുകയെന്നും മറ്റു മക്കളെപ്പോലെ തന്നെ പൂർണാവകാശമുള്ള സ്വതന്ത്രരായ പൗരൻമാരായിരിക്കുമെന്നും ഇസ്ലാം പ്രഖ്യാപിച്ചു. അതോടൊപ്പം യജമാനന്റെ മരണത്തോടെ അവരുടെ മാതാക്കൾ സ്വതന്ത്രരായിത്തീരുമെന്നും അത് വിളംബരം ചെയ്തു. അതോടൊപ്പം യജമാനൻമാർ തങ്ങളുടെ കീഴിലുള്ള അടിമസ്ത്രീകളെ വേശ്യാവൃത്തിക്കുപയോഗിച്ച് വരുമാനമുണ്ടാക്കുന്ന അത്യന്തം നീചമായ സമ്പ്രദായത്തിന് പൂർണമായും അറുതിവരുത്തുകയും ചെയ്തു.

