‘അവർ മരിച്ചതല്ല, കൊല്ലപ്പെട്ടതാണ്’: ഫലസ്തീൻ ജനതയ്ക്കായി വീണ്ടും ശബ്ദമുയർത്തി പെപ് ഗ്വാർഡിയോള

അമ്മാൻ: ഫലസ്തീനിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന മനുഷ്യർ വെറും അക്കങ്ങളല്ലെന്നും അവർ പേരുകളും കുടുംബങ്ങളും സ്വപ്നങ്ങളുമുള്ള വ്യക്തികളാണെന്നും തുറന്നടിച്ച് പ്രമുഖ സ്പാനിഷ് ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോള.
ഫലസ്തീൻ ജനത നേരിടുന്ന ക്രൂരതകൾക്കെതിരെ ലോകം നിശബ്ദത പാലിക്കരുതെന്നും ഗ്വാർഡിയോള ആഹ്വാനം ചെയ്തു.
ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ (UNRWA) പുറത്തുവിട്ട പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം തൻ്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
“അവർ അനുബന്ധ നാശനഷ്ടങ്ങളല്ല, കുട്ടികളാണ്”
യു.എൻ.ആർ.ഡബ്ല്യു.എയുടെ ഔദ്യോഗിക സ്പാനിഷ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിൽ കടുത്ത വാക്കുകളോടെയാണ് ഗ്വാർഡിയോള സംസാരിച്ചത്:
“അവർ മരിച്ചതല്ല, കൊല്ലപ്പെട്ടവരാണ്. അവർ വെറും സംഖ്യകളല്ല, ആ ജീവനുകൾക്ക് പേരുണ്ടായിരുന്നു, മുഖമുണ്ടായിരുന്നു, കുടുംബമുണ്ടായിരുന്നു. അവരുടേതായ സ്വപ്നങ്ങളും ഓർമ്മകളുമുണ്ടായിരുന്നു.
അവർ വെറും അനുബന്ധ നാശനഷ്ടങ്ങളല്ല (Collateral Damage), കുട്ടികളായിരുന്നു. കൃത്യമായ പേരുകളില്ലാതെ അവരെ വിളിക്കുമ്പോൾ, വേദനകൾ മറച്ചുവെക്കുന്ന ഭാഷയാണ് നമ്മൾ ഉപയോഗിക്കുന്നത്. അവിടെയാണ് നമ്മുടെ മനുഷ്യത്വം നഷ്ടപ്പെടുന്നത്.”
ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ഗസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മാതാപിതാക്കളെ തിരയുന്ന കുഞ്ഞുങ്ങളുടെയും പട്ടിണി അനുഭവിക്കുന്നവരുടെയും ചിത്രങ്ങൾ നടുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

