നബിചരിതം

ഉദ്ധരണികള്‍

മുഹമ്മദ് നബി

ഗിബ്ബണ്‍(Edward Gibbon)

(the HIstory of the Decline and Fall of the Roman Empire, Londo 1838-39 Vol V.P. 335)

അദ്ദേഹം (മുഹമ്മദ് നബി) ഏറ്റവും വിശ്വസ്തനായ ഒരു സംരക്ഷകനും സംഭാഷണത്തില്‍ അങ്ങേയറ്റം മാധുര്യവും ഇണക്കവും ഉളള ആളുമായിരുന്നു. അദ്ദേഹത്തെ കാണുന്നവരുടെ ഹൃദയങ്ങള്‍ ബഹുമാനം കൊണ്ടു നിറഞ്ഞുപോകും. അദ്ദേഹത്തെ സമീപിക്കുന്നവര്‍ അദ്ദേഹത്തെ സ്‌നേഹിക്കും. അദ്ദേഹത്തെ വര്‍ണ്ണിക്കുന്നവര്‍ പറയും 'അദ്ദേഹത്തെ പോലെ ഒരാളെ ഇതിനുമുന്‍പോ ശേഷമോ കണ്ടിട്ടില്ല'. എന്ന്. അദ്ദേഹം ഏറ്റവും നല്ല മിതഭാഷിയായിരുന്നു. എപ്പോഴെങ്കിലും സംസാരിക്കുമ്പോള്‍ വ്യക്തമായും ദൃഢതയോടുംകൂടി ആയിരിക്കും സംസാരിക്കുക. അത് ഒരിക്കല്‍ കേട്ടാല്‍ പിന്നെ മറക്കുകയുമില്ല.

മുഹമ്മദിന്റെ മതത്തില്‍ സംശയാസ്പദമായ യാതൊന്നും ഇല്ല. ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും മഹത്തായ തെളിവാണ് ഖുര്‍ആന്‍.

ലൗകികമായി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിട്ടും രാജകീയമായ ആഡംബരങ്ങള്‍ സ്വീകരിക്കുവാന്‍ മുഹമ്മദ് ഇഷ്ടപ്പെട്ടില്ല. കുടുംബത്തിലുള്ളവരെ സ്വന്തം കരങ്ങള്‍ കൊണ്ട് അദ്ദേഹം പരിചരിച്ചിരുന്നു. അടുപ്പില്‍ തീ കത്തിക്കുക, വീടു തൂത്തു വൃത്തിയാക്കുക, ആട്ടിനെ കറക്കുക, ചെരുപ്പുകളും കമ്പിളി ഉടുപ്പുകളും തുന്നി ശരിപ്പെടുത്തുക എന്നീ ജോലികള്‍ അദ്ദേഹം ചെയ്തിരുന്നു. ഒരു സന്യാസിയുടെ ജീവിതം ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഒരു സാധാരണക്കാരനായ അറബിയുടേയോ അല്ലെങ്കില്‍ ഒരു സാധാരണ പടയാളിയുടെയോ മാതിരിയുള്ള ഏറ്റവും ലഘുവായ ആഹാരമേ കഴിച്ചിരുന്നുള്ളൂ. പ്രധാന സന്ദര്‍ഭങ്ങളില്‍ അനുയായികള്‍ക്കു വിഭവസമൃദ്ധമായ സദ്യകള്‍ നര്‍കിയുന്നു. സ്വന്തം വീട്ടില്‍ ആഴ്ചകളോളം അടുപ്പില്‍ തീ കത്തിക്കാന്‍ വകയില്ലാത്ത അവസ്ഥയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു പ്രവാചകന്, ദൈവപ്രബോധനം ലഭിച്ച ഒരു പ്രവാചകന് മാത്രമേ മാനവ വിശ്വാസത്തിന്റെ സാമ്രാജ്യത്തില്‍ നിയമപരമായ ആധിപത്യം ചെലുത്തുവാന്‍ സാധിക്കുകയുള്ളു.

സര്‍ വില്യംമ്യൂര്‍

(The Life of Muhammed, London 1903)

ചരിത്രത്തില്‍ മുഹമ്മദിന് സമമായി മറ്റാരുമില്ല. നിരുത്സാഹപ്പെടുത്തല്‍, ഭീഷണി, തിരസ്‌കരണം, മര്‍ദ്ദനം എന്നിവയെ അഭിമുഖീകരിച്ചുകൊണ്ട് അചഞ്ചലമായ വിശ്വാസദാര്‍ഢ്യത്തോടെ പശ്ചാത്തപിച്ചു മടങ്ങുന്നതിനെ പറ്റയും ദൈവനിഷേധിക്കുണ്ടാകുന്ന ശിക്ഷയെപ്പറ്റിയും അറേബ്യയിലെ പ്രവാചകന്‍ ഇരുപത്തിമൂന്നു സംവത്സരക്കാലം പ്രചരണം ചെയ്തതിനു സമാന്തരമായ ഒരു സംഭവം ചരിത്രത്തില്‍ കാണുവാന്‍ സാധ്യമല്ല. ഭാവിയില്‍ ക്ഷമയോടും ദൃഢതയോടും വിശ്വസിച്ചുകൊണ്ട് ഒരു ചെറു സംഘം ആണും പെണ്ണുമായ അനുയായികളോടൊപ്പം സര്‍വ്വവിധ ഉപദ്രവങ്ങളും ആപത്തുകളും അദ്ദേഹം നേരിട്ടു. ഒടുവില്‍ രക്ഷയുടെ കവാടം വിദൂരമായ ഒരു ദിക്കില്‍ തുറന്നു കണ്ടപ്പോള്‍ എല്ലാ അനുചരന്മാരും രക്ഷപ്പെടുന്നതുവരെ നിശ്ശബ്ദമായി കാത്തിരുന്നതിനു ശേഷം കൃതഘ്‌നരും മര്‍ദ്ദകരുമായ ജനങ്ങളില്‍ നിന്ന് അദ്ദേവും സ്വയം അപ്രത്യക്ഷനായി.

എച്ച്.ജി വെല്‍സ്

(വളരെ അധികം ചരിത്ര പുസ്തകങ്ങളും നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുള്ള ഒരു ഇംഗ്ലീഷുകാരനായിരുന്നു എച്ച്. ജി. വെല്‍സ്. 1920ല്‍ പ്രസിദ്ധപ്പെടുത്തിയ 'ദി ഔട്ട് ലൈന്‍സ് ഓഫ് ഹിസ്റ്ററി' എന്ന പുസ്തകത്തില്‍ നബി(സ)യെ പറ്റി പല തെറ്റായ അഭിപ്രായങ്ങള്‍ എഴുതിയിട്ടുള്ളതിനെ നിഷ്പക്ഷ ബുദ്ധികളായ വായനക്കാര്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ ആക്ഷപിച്ചിരുന്നു. അതേ അവസരത്തില്‍ എച്ച്. ജി. വെല്‍സ് ചില നല്ല കാര്യങ്ങളും പ്രസ്തുത ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.)

'യവനര്‍ ആരംഭിക്കുകയും പിന്നീടു അവര്‍ തന്നെ കൈവിട്ടുകളയുകയും ചെയ്തിരുന്ന വിജ്ഞാനശാഖകളെ നൂതനമായ കാഴ്ചപ്പാടിലും നൂതനമായ മാര്‍ഗ്ഗത്തില്‍ കൂടിയും അറബികള്‍ വികസിപ്പിച്ചു. ഗ്രീക്കുകാരനെ വിജ്ഞാനത്തിന്റെ പിതാവായി സങ്കല്‍പിക്കൂകയാണെങ്കില്‍ അറബിയെ വിജ്ഞാനത്തിന്റെ വളര്‍ത്തച്ഛനായി സങ്കല്‍പിക്കാം. യഥാര്‍ത്ഥമായ ശാസ്ത്രീയ മനോഭാവവും ലളിതവും ഋജുവുമായ പ്രതിപാദനവും ഏറ്റവും സത്യസന്ധമായ വസ്തു സ്ഥിതികഥനവും അറബികളുടെ പ്രത്യേകതകളായിരുന്നു. അറബികളില്‍ കൂടി ആയിരുന്നു, അല്ലാതെ, ലത്തീന്‍ ഭാഷയില്‍ കൂടിയായിരുന്നില്ല, ആധുനിക ലോകത്തിന് വിജ്ഞാനത്തിന്റെ പ്രകാശവും ഉന്മേഷവും ലഭിച്ചത്.

ഡോ. ആനി ബസന്റ്

Dr. Annie Beasant (From Adayar Speech)

രസകരമായ ഒരു സംഗതി ഇവിടെ പ്രസ്താവിക്കാം. പ്രവാചകനായ മുഹമ്മദിന്റെ പതാകയ്ക്കു കീഴില്‍ സയന്‍സ് യൂറോപ്പിലേക്കു ആഗമിച്ചത് കൊണ്ടാണ് ക്രൈസ്തവര്‍ക്കു തീര്‍ത്താല്‍ തീരാത്ത വിരോധം സയന്‍സിനോടു ഉണ്ടായത്. ക്രൈസ്തവരുടെ ദൃഷ്ടിയില്‍ സയന്‍സു പൈശാചികമായിത്തീര്‍ന്നു. ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിക്കു സയന്‍സ് ക്രിസ്തുമത വിരുദ്ധമായ ഒന്നാണ്. വിദ്വേഷത്തോടും വെറുപ്പോടും കൂടി ക്രൈസ്തവലോകം ശാസ്ത്രത്തെ വീക്ഷിച്ചു. മൂഹമ്മദ് നബിയുടെ നേരെ ക്രൈസ്തവര്‍ നടത്തിയ അവഹേളനങ്ങള്‍ പരിശോധിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ പേരില്‍ ക്രൈസ്തവലോകത്ത് കണ്ടുവരപ്പെട്ട സര്‍വ്വവും ക്രിസ്തീയ പാതിരിമാരുടെ നിഷ്‌കരുണമായ ആക്ഷേപത്തിനു പാത്രമായിട്ടുണ്ടെന്നു കാണാം.

ഇസ്‌ലാം എന്നാല്‍ ദൈവകല്‍പനക്ക് കീഴ്‌പെടുക എന്നാണ്. മുമ്പു കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരും അവരുടെ മതവും ഇസ്‌ലാം ആയിരുന്നുവെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ആകയാല്‍ ഇസ്‌ലാം ആണ് സകലരുടെയും മതം എന്നു മുഹമ്മദ് നബി പഠിപ്പിച്ചു.

പാശ്ചാത്യദേശങ്ങളില്‍ അവിഹിതമായ ബഹുഭാര്യാത്വത്തേക്കാള്‍ ഇസ്‌ലാമിലെ അംഗീകരിക്കപ്പെട്ട ബഹുഭാര്യാത്വമാണ് ഉത്തമം. ഒന്നില്‍ കാപട്യവും രണ്ടാമത്തേതില്‍ നിഷ്‌കപടതയും കാണാം. പുറം തള്ളപ്പെട്ട് കുലടയായി ജീവിതം നയിക്കുന്നതിനേക്കാള്‍ തുല്യപദവിയും സ്‌നേഹവും ലഭിക്കുന്ന ഒരു സഹഭാര്യ ആകുന്നതാണ് മാനവും മര്യാദയും യശസ്സും.