അനുഷ്ഠാനം

ഖുര്‍ആന്‍ സൂക്തങ്ങള്‍

നോമ്പ്

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 187

187. നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുക55യായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.

നോമ്പ്

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 183-186

183. വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ.  നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.

184. നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി52 ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ്53 നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.

185. ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത്54 ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്. 

നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.

186. എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.

 

സകാത്ത്‌

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തൗബ സൂക്തം 278

60. സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും21 അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു നിര്‍ണയിച്ച കടമയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നൂര്‍ സൂക്തം 56

56. നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യാനുഗ്രഹം ലഭിച്ചേക്കാം.

ഹജ്ജ്

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 96-97

96. തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം മക്കയിലേതുതന്നെ. അത് അനുഗൃഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും.

97. അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 144

144. നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമി36ന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത്37 തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 197

197. ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചവര്‍ സ്ത്രീപുരുഷവേഴ്ചയോ നീചവൃത്തിയോ തര്‍ക്കവിതര്‍ക്കമോ പാടില്ല. നിങ്ങള്‍ എന്തു സുകൃതം ചെയ്താലും അല്ലാഹു അതറിയും. നിങ്ങള്‍ യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക.

നമസ്കാരം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 101-103

101. നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ സത്യനിഷേധികള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള്‍ തന്നെ; തീര്‍ച്ച.

102. നീ അവര്‍ക്കിടയിലുണ്ടാവുകയും  അവര്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയുമാണെങ്കില്‍ അവരിലൊരുകൂട്ടര്‍ നിന്നോടൊപ്പം നില്‍ക്കട്ടെ. അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അവര്‍ സാഷ്ടാംഗം ചെയ്തുകഴിഞ്ഞാല്‍ പിറകോട്ട് മാറിനില്‍ക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത വിഭാഗം വന്ന് നിന്റെ കൂടെ നമസ്‌കരിക്കുകയും വേണം. അവരും ജാഗ്രത പുലര്‍ത്തുകയും ആയുധമണിയുകയും ചെയ്യട്ടെ. നിങ്ങള്‍ ആയുധങ്ങളുടെയും സാധനസാമഗ്രികളുടെയും കാര്യത്തില്‍ അല്‍പം അശ്രദ്ധരായാല്‍ നിങ്ങളുടെ മേല്‍ ചാടിവീണ് ഒരൊറ്റ ആഞ്ഞടി നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സത്യനിഷേധികള്‍. മഴ കാരണം ക്ലേശമുണ്ടാവുകയോ രോഗികളാവുകയോ ചെയ്താല്‍ ആയുധം താഴെ വെക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. അപ്പോഴും നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സംശയമില്ല; അല്ലാഹു സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.

103. അങ്ങനെ നിങ്ങള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ പിന്നെ, നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍ത്തുകൊണ്ടിരിക്കുക. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലായാല്‍ നമസ്‌കാരം തികവോടെ നിര്‍വഹിക്കുക. നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ത്വാഹാ സൂക്തം 14

14. ''തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 45

45. സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്‌കാരം വലിയ ഭാരം തന്നെ; ഭക്തന്മാര്‍ക്കൊഴികെ.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അന്‍കബുത്ത് സൂക്തം 45

45. ഈ വേദപുസ്തകത്തില്‍ നിനക്കു ബോധനമായി ലഭിച്ചവ നീ ഓതിക്കേള്‍പ്പിക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഓര്‍ക്കുക: നിങ്ങള്‍ ചെയ്യുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍കൗസര്‍ സൂക്തം 1-3

1. നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു.

2. അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്‌കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക.

3. നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 153

153. വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഹജ്ജ് സൂക്തം 77-78

77. വിശ്വസിച്ചവരേ, നിങ്ങള്‍ നമിക്കുക. സാഷ്ടാംഗം പ്രണമിക്കുക. നിങ്ങളുടെ നാഥന്ന് വഴിപ്പെടുക. നന്മ ചെയ്യുക. നിങ്ങള്‍ വിജയംവരിച്ചേക്കാം.

78. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവിധം സമരം ചെയ്യുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു മാര്‍ഗതടസ്സവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്‌ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷകന്‍. എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി!

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ഹൂദ് സൂക്തം 114

114. പകലിന്റെ രണ്ടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്‌വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്‌ബോധനമാണിത്.

ശഹാദത്ത് കലിമ

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അഅ്‌റാഫ് സൂക്തം 158

158. പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അഅ്‌റാഫ് സൂക്തം 158

163. നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല.  അവന്‍ പരമ കാരുണികന്‍. ദയാപരന്‍.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 18

18. താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സ്വയം സാക്ഷിയാകുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി സ്ഥാപിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ത്വാഹാ സൂക്തം 14

14. ''തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം യൂനുസ് സൂക്തം 87

77. അതേ തുടര്‍ന്ന് അല്ലാഹു അവരുടെ മനസ്സുകളില്‍ കപടത കുടിയിരുത്തി. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെയും അതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവോട് അവര്‍ ചെയ്ത പ്രതിജ്ഞ ലംഘിച്ചതിനാലും അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാലുമാണിത്.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം മുഹമ്മദ് സൂക്തം 19

19. അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നില്‍പുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.