സാമ്പത്തിക പ്രവര്‍ത്തനം

ഖുര്‍ആന്‍ സൂക്തങ്ങള്‍

മാനവികത

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 134

134.  ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 8

8.  ഓഹരിവെക്കുമ്പോള്‍ ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെ വന്നിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് അവര്‍ക്കും എന്തെങ്കിലും കൊടുക്കുക. അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഇസ്‌റാഅ് സൂക്തം 26

26.  അടുത്ത കുടുംബക്കാരന്ന് അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കന്നുമുള്ളത് അവര്‍ക്കും. എന്നാല്‍ ധൂര്‍ത്തടിക്കരുത്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നഹല്‍ സൂക്തം 72

72.  അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും നല്‍കി. പൗത്രന്മാരെയും. വിശിഷ്ട വസ്തുക്കള്‍ ആഹാരമായി തന്നു. എന്നിട്ടും ഇക്കൂട്ടര്‍ അസത്യത്തില്‍ വിശ്വസിക്കുകയാണോ? അല്ലാഹുവിന്റെ  അനുഗ്രഹത്തെ അപ്പാടെ തള്ളിപ്പറയുകയും?

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അറൂം സൂക്തം 41

41.  മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അറൂം സൂക്തം 21

21.  അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അഅ്‌റാഫ് സൂക്തം 199

199.  നീ വിട്ടുവീഴ്ച കാണിക്കുക. നല്ലതു കല്‍പിക്കുക. അവിവേകികളെ അവഗണിക്കുക.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അല്‍ അന്‍ആം സൂക്തം 152

152.  ഏറ്റം ഉത്തമമായ രീതിയിലല്ലാതെ നിങ്ങള്‍ അനാഥയുടെ ധനത്തോടടുക്കരുത്; അവനു കാര്യബോധമുണ്ടാകുംവരെ. അളവു- തൂക്കങ്ങളില്‍ നീതിപൂര്‍വം തികവു വരുത്തുക. നാം ആര്‍ക്കും അയാളുടെ കഴിവിന്നതീതമായ ബാധ്യത ചുമത്തുന്നില്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതിപാലിക്കുക; അത് അടുത്ത കുടുംബക്കാരന്റെ കാര്യത്തിലായാലും. അല്ലാഹുവോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുക. നിങ്ങള്‍ കാര്യബോധമുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ മാഊന്‍ സൂക്തം 1-3

1.  മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?

2.  അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനാണ്.

3.  അഗതിക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അദ്ദുഹ സൂക്തം 9-11

9.  അതിനാല്‍ അനാഥയോട് നീ കാഠിന്യം കാട്ടരുത്.

10.  ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്.

11.  നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിക്കുക.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഹാഖഃ സൂക്തം 33-35

33.  അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.

34.  അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല.

35.  അതിനാല്‍ അവനിന്നിവിടെ ഒരു മിത്രവുമില്ല.