ആദര്‍ശം

ഖുര്‍ആന്‍ സൂക്തങ്ങള്‍

വേദങ്ങള്‍

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 84-90

84. അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിനു നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പ്പെട്ട ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു.

85. സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു.

86. അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്ത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു

87. അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.

88. അതാണ് അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു.

89. നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍. ഇപ്പോളിവര്‍ അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.

90. അവരെതന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക. പറയുക: 'ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല.'

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 213

213. മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം69 സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ ജനം ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 84

84. പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്; ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്‌സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്; മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്ന് വന്നെത്തിയത്- എല്ലാറ്റിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് മാത്രം കീഴ്‌പെട്ട് ജീവിക്കുന്നവരുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫജര്‍ സൂക്തം 14-19

14. നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച.

15. എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: 'എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.'

16. എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: 'എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.'

17. കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല.

18. അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നുമില്ല.

19. പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മാഇദ സൂക്തം 48

48. പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല്‍ മഹത്കൃത്യങ്ങളില്‍ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അന്‍കബൂത്ത് സൂക്തം 46.

ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: ''ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്.'' 

വിധിവിശ്വാസം

.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം യൂനുസ് സൂക്തം 100

100. ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. ആലോചിച്ച് മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നിന്ദ്യത വരുത്തിവെക്കും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തഗാബുന്‍ സൂക്തം 11

11. അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫുര്‍ഖാന്‍ സൂക്തം 2

2. ആകാശഭൂമികളുടെ ആധിപത്യത്തിനുടമയാണവന്‍. അവനാരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അര്‍റഅ്ദ് സൂക്തം 11

അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല. അവനൊഴികെ അവര്‍ക്ക് രക്ഷകനുമില്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തൗബ  സൂക്തം 51

51. പറയുക: അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം  സൂക്തം 17-18

17. അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ? അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

18. അല്ലാഹു തന്റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനാണ്. സൂക്ഷ്മജ്ഞനും.


അന്ത്യദിനം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അബസ സൂക്തം 33-38

33. എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.

34. അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.

35. മാതാവിനെയും പിതാവിനെയും.

36. ഭാര്യയെയും മക്കളെയും.

37. അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.

38. അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും; 


വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 30

30. ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന്  ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.

.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 30

28. നാം അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന ദിനം. അന്ന് നാം ബഹുദൈവവിശ്വാസികളോടു പറയും: ''നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിവെച്ചവരും അവിടെത്തന്നെ നില്‍ക്കുക.'' പിന്നീട് നാം അവരെ പരസ്പരം വേര്‍പ്പെടുത്തും. അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍ പറയും: ''നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല.

29. ''അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അശ്രദ്ധരായിരുന്നു.''

30. അന്ന് അവിടെവെച്ചു ഓരോ മനുഷ്യനും താന്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ രുചി അനുഭവിച്ചറിയും. എല്ലാവരും തങ്ങളുടെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും. അവര്‍ കെട്ടിയുണ്ടാക്കിയ കള്ളത്തരങ്ങളൊക്കെയും അവരില്‍നിന്ന് തെന്നിമാറിപ്പോകും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അശ്ശുഅരാഅ് സൂക്തം 88-93

88. ''സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്.

89. ''കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.''

90. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് അന്ന് സ്വര്‍ഗം വളരെ അടുത്തായിരിക്കും.

91. വഴിപിഴച്ചവരുടെ മുന്നില്‍ നരകം വെളിപ്പെടുത്തുകയും ചെയ്യും.

 92,93. അന്ന്   അവരോടു  ചോദിക്കും: ''അല്ലാഹുവെവിട്ട്   നിങ്ങള്‍ പൂജിച്ചിരുന്നവയെല്ലാം എവിടെപ്പോയി? അവ നിങ്ങളെ സഹായിക്കുന്നുണ്ടോ? എന്നല്ല; അവയ്ക്ക് സ്വയം രക്ഷപ്പെടാനെങ്കിലും കഴിയുന്നുണ്ടോ?''

.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അമ്പിയാഅ് സൂക്തം 101-104

101. എന്നാല്‍ നേരത്തെ തന്നെ നമ്മില്‍ നിന്ന് നന്മ ലഭിച്ചവര്‍ അതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടും.

102. അവരതിന്റെ നേരിയ ശബ്ദംപോലും കേള്‍ക്കുകയില്ല. അവര്‍ എന്നെന്നും തങ്ങളുടെ മനസ്സിഷ്ടപ്പെടുന്ന സുഖാസ്വാദ്യതകളിലായിരിക്കും.

103. ആ മഹാ സംഭ്രമം അവരെ ഒട്ടും ആകുലരാക്കുകയില്ല. മലക്കുകള്‍ അവരെ സ്വീകരിച്ച് എതിരേല്‍ക്കും. മലക്കുകള്‍ അവര്‍ക്കിങ്ങനെ സ്വാഗതമോതുകയും ചെയ്യും:''നിങ്ങളോടു വാഗ്ദാനം ചെയ്ത ആ മോഹന ദിനമാണിത്.''

104. പുസ്തകത്താളുകള്‍ ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ചപോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുകതന്നെ ചെയ്യും.

ദൈവദൂതന്മാര്‍

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 132

132. ഇബ്‌റാഹീമും യഅ്ഖൂബും32 തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: ''എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരണപ്പെടരുത്.''

.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ഇബ്‌റാഹീം സൂക്തം 4

നാം നിയോഗിച്ച ഒരു ദൂതന്നും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ ഏറെ പ്രതാപിയും യുക്തിമാനും തന്നെ.

.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫാത്വിര്‍ സൂക്തം 24

24. നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്. മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.

.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നജ്മ് സൂക്തം 3-4

3. അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല.

4. ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്.


മാലാഖ

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 30

30. നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ''ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.'' അവരന്വേഷിച്ചു: ''ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.'' അല്ലാഹു പറഞ്ഞു: ''നിങ്ങളറിയാത്തത് ഞാനറിയുന്നു.''

  വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നഹല്‍ സൂക്തം 2

2. അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താനിച്ഛിക്കുന്നവരുടെ മേല്‍ തന്റെ തീരുമാനപ്രകാരം ദിവ്യചൈതന്യവു1 മായി മലക്കുകളെ ഇറക്കുന്നു. ''നിങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക: ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക.''

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അസ്സുമര്‍ സൂക്തം 75

75. മലക്കുകള്‍ തങ്ങളുടെ നാഥനെ വാഴ്ത്തിയും കീര്‍ത്തനം ചെയ്തും സിംഹാസനത്തിനു ചുറ്റും അണിനിരന്നതായി നിനക്കു കാണാം. അപ്പോള്‍ ജനത്തിനിടയില്‍ നീതിപൂര്‍വമായ വിധിത്തീര്‍പ്പുണ്ടാകും. 'പ്രപഞ്ച നാഥനായ അല്ലാഹുവിന് സ്തുതി'യെന്ന് പറയപ്പെടുകയും ചെയ്യും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഖദര്‍ സൂക്തം 4

4. ആ രാവില്‍ മലക്കുകളും ജിബ്‌രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.


ആദര്‍ശം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അര്‍റഅ്ദ് സൂക്തം 28

സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഇഖ്‌ലാസ് സൂക്തം 1-4

1. പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.

2.അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.

3. അവന്‍ പിതാവോ പുത്രനോ അല്ല.

4. അവനു തുല്യനായി ആരുമില്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 103

103.കണ്ണുകള്‍ക്കൊന്നും അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 255

255. അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ  മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 48

48. അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്; തീര്‍ച്ച.


ദൈവം

പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. 

അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. 

ഏവരാലും ആശ്രയിക്കപ്പെടുന്നവ നും.

 അവന്‍ പിതാവോ പുത്രനോ അല്ല.

 അവനു തുല്യനായി ആരുമില്ല.

        (വിശുദ്ധ ഖുര്‍ആന്‍, അധ്യായം:: 112,സൂക്തം:1-4)

നോമ്പ്

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 187

187. നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുക55യായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.

നോമ്പ്

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 183-186

183. വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ.  നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.

184. നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി52 ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ്53 നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.

185. ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത്54 ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്. 

നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.

186. എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.

 

സകാത്ത്‌

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തൗബ സൂക്തം 278

60. സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും21 അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു നിര്‍ണയിച്ച കടമയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നൂര്‍ സൂക്തം 56

56. നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യാനുഗ്രഹം ലഭിച്ചേക്കാം.