പാരസ്പര്യം

നബി വചനങ്ങള്‍

പരിസ്ഥിതി

1. റസൂല്‍ പ്രസ്താവിച്ചതായി അനസ് എന്ന അനുചരന്‍ പറയുന്നു. 'ഒരു മുസ്‌ലിം ചെടി നടുകയോ കൃഷിയിറക്കുകയോ ചെയ്യുക. അങ്ങനെ ഏതെങ്കിലും പക്ഷിയോ മനുഷ്യനോ മൃഗമോ അതില്‍നിന്ന് ഭക്ഷിക്കുക. എങ്കില്‍ അതത്രയും അയാളുടെ ദാനമായി പരിഗണിക്കപ്പെടും.''

     (സ്വഹീഹു മുസ്‌ലിം)

2. തിരുനബി അരുളി: ' ആരെങ്കിലും ഒരു ചെറുകിളിയെ വെറുതെ കൊന്നാല്‍ അത് അന്ത്യനാളില്‍ ഇങ്ങനെ പരാതിപ്പെടും. 'എന്റെ രക്ഷിതാവേ, ഇയാള്‍ എന്നെവെറുതെ കൊന്നു. ഒരു പ്രയോജനവുമില്ലാതെയാണ് അയാള്‍ എന്നെ കൊന്നത്. ഒരു പൈങ്കിളിയെയോ അതിനേക്കാള്‍ വലുതിനേയോ ഒരു മുസ്‌ലിം അന്യായമായി കൊന്നാല്‍ അല്ലാഹു അയാളോട് അതേപറ്റി ചോദിക്കും. അപ്പോള്‍ ഒരാള്‍ ചോദിച്ചു.'അല്ലാഹുവിന്റെ ദൂതരേ, കൊല്ലുതിന്റെ ന്യായമെന്തായിരിക്കും?' നബി പറഞ്ഞു.'അറുത്തുതിന്നുക. (തിന്നാന്‍ വേണ്ടിയായിരിക്കണം അറുക്കുന്നത്.) തലയറുത്ത് എറിയാനായിരിക്കരുത്.''

3.ഒരിക്കല്‍ ആടിനെ അറുത്ത് തന്നെ സല്‍ക്കരിക്കാന്‍ തയ്യാറായ അനുചരനോട് തിരുനബി അരുളി.' കറവുള്ളതിനെ അറുക്കാതെ നോക്കണം.''

4. നബി അരുളി .'ഒരാള്‍ ഒരു മരം നട്ടു. കായ്ക്കുന്നതുവരെ അതിനെ ക്ഷമാപൂര്‍വം സംരക്ഷിച്ചു. എങ്കില്‍ അതിന്റെ ഫലം ലഭിക്കുന്ന എല്ലാ വസ്തുക്കളുടെയും പേരില്‍ അയാള്‍ക്ക് അല്ലാഹുവിങ്കല്‍ പുണ്യമുണ്ടായിര്ക്കും., തീര്‍ച്ച.''

5. നബി പറഞ്ഞതായി അനുചരന്‍ അനസ് ഉദ്ധരിക്കുന്നു.'നടാനായി ഒരു തൈ നിങ്ങളുടെ കൈവശം ഇരിക്കുമ്പോഴാണ് ലോകം അവസാനിക്കുതെങ്കില്‍ നിങ്ങള്‍ അത് നട്ടുതീരുന്നതിനുമുമ്പ് ലോകം അവസാനിച്ചില്ലെങ്കില്‍ അയാള്‍ അത് നടട്ടെ.''

(മുസ്‌നദ്, സ്വഹീഹുല്‍ ബുഖാരി എന്നീ ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ നബിവചനം.)

6. നബി അരുളി: 'ചത്ത (തരിശായ) ഭൂമിയെ ജീവിപ്പിക്കുന്നത് (കൃഷിയോഗ്യമാക്കുന്നത്) ആരോ, ആ ഭൂമി അയാള്‍ക്കുള്ളതാണ്.''

(അബൂദാവൂദ്, തിര്‍മിദി എന്നിവരുടെ ഹദീസ് ശേഖരത്തിലും മുസ്‌നദ് എന്ന ഹദീസ് ഗ്രന്ഥത്തിലും രേഖപ്പെടുത്തിയ നബിവചനം.)

 

സ്ത്രീ

1. തിരുനബി അരുളി: 'അംറില്‍നിന്ന് നിവേദനം:  ഹജ്ജത്തുല്‍ വിദാഇല്‍ പ്രവാചകന്‍ അല്ലാഹുവിനെ സ്തുതിക്കുകയും അവന്റെ വിശുദ്ധി വാഴ്ത്തുകയും അനുസ്മരണവും ഉപദേശവും നല്‍കുകയും ചെയ്ത ശേഷം ഇങ്ങനെ ആജ്ഞാപിക്കുന്നത് ഞാന്‍ കേട്ടു. 'അറിയുക, സ്ത്രീകളോട് നല്ലനിലയില്‍ വര്‍ത്തിക്കാനുള്ള നിര്‍ദേശം നിങ്ങള്‍ സ്വീകരിക്കുക. അവര്‍ നിങ്ങളുടെ ആശ്രിതരാണ്.''

(തിര്‍മിദി)

2. തിരുനബി അരുളി. 'പെണ്‍മക്കളുടെ ജനനത്താല്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവരോട് നന്നായി പെരുമാറുകയും ചെയ്തവന് ആ പെണ്‍കുട്ടികള്‍ നരകാഗ്നിക്കിടയില്‍ മറയായി നില്‍ക്കും.'

3. പ്രവാചകന്‍ വിരലുകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു.'പ്രായപൂര്‍ത്തിയെത്തുംവരെ രണ്ട് പെണ്‍കുട്ടികളെ പരിപാലിച്ചവനും ഞാനും അന്ത്യനാളില്‍ ഇങ്ങനെയായിരിക്കും.''

4. നബി പറഞ്ഞു.'ഏറ്റവും മഹത്തായ ധര്‍മം, അല്ലെങ്കില്‍ ഏറ്റവും മഹത്തായ ധര്‍മങ്ങളിലൊന്ന്‍ ഞാന്‍ പറഞ്ഞുതരട്ടെയോ? വിവാഹമുക്തയോ വിധവയോ ആയി നിന്റെയടുത്തേക്ക് തിരിച്ചുവരുന്ന നിന്റെ പുത്രിയാണത്. നീയല്ലാതെ മറ്റാരും അവള്‍ക്ക് ഉപജീവനം ഒരുക്കിക്കൊടുക്കാനില്ലാത്ത അവസ്ഥയില്‍.''

5. നബി പറഞ്ഞു. 'പെണ്‍കുഞ്ഞ് ജനിക്കുന്ന വീട്ടിലേക്ക് ദൈവം മാലാഖമാരെ പറഞ്ഞയക്കും. 'നിങ്ങള്‍ക്ക് ദൈവത്തിന്റെ ശാന്തി!' എന്ന് അഭിവാദ്യംചെയ്തശേഷം അവര്‍ ആ കുഞ്ഞിനെ ചിറകിലൊതുക്കി തലോടിക്കൊണ്ട് പറയും. ''അബലയായ പാവം പെണ്ണിന്റെ അബലയായ പാവം കുഞ്ഞ്. ഇതിന് സംരക്ഷണം നല്‍കുന്നവന് അന്ത്യനാള്‍വരെ ദൈവത്തിന്റെ സഹായമുണ്ടാകും. 

6. നബി അരുളുു.'തികവുറ്റ വിശ്വാസികള്‍ മികച്ച സല്‍സ്വഭാവത്തിന്റെ ഉടമകളായിരിക്കും. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സ്ത്രീകളോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവരാണ്.''  

 

അഗതികള്‍

1. തിരുനബി അരുളി: ' വിധവയ്ക്കും അഗതിക്കും വേണ്ടി അധ്വാനിക്കുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവനെപ്പോലെയാണ്.''

(സ്വഹീഹുല്‍ ബുഖാരി)

2. നബി അരുളി:. അന്ത്യദിനത്തില്‍ അല്ലാഹു പറയും.'മനുഷ്യപുത്രാ, ഞാന്‍ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു. നീയെനിക്ക് ഭക്ഷണം നല്‍കിയില്ല.'' മനുഷ്യന്‍ പറയും. 'എന്റെ നാഥാ, ഞാന്‍ എങ്ങനെയാണ് നിനക്ക് ഭക്ഷണം തരിക, നീ സര്‍വലോക രക്ഷിതാവല്ലേ?''  അല്ലാഹു ചോദിക്കും.' എന്റെ ഇന്ന അടിമ നിന്നോട് ഭക്ഷണം ചോദിച്ചു. നീ അവന് ഭക്ഷണം നല്‍കിയില്ല. നീ അവനത് നല്‍കിയിരുന്നെങ്കില്‍ അത് നീ എന്‍റെയടുക്കല്‍ കാണുമായിരുന്നുവെന്ന് നിനക്കറിയില്ലേ.  മനുഷ്യപൂത്രാ, ഞാന്‍ നിന്നോട് കുടിക്കാന്‍ വെളളം ആവശ്യപ്പെട്ടു. നീയെനിക്ക് അത് തന്നില്ല.''  അപ്പോള്‍ മനുഷ്യന്‍ പറയും. 'എന്റെ നാഥാ, ഞാനെങ്ങനെയാണ് നി കുടിപ്പിക്കുന്നത്, നീ ലോകരക്ഷിതാവല്ലേ?' അല്ലാഹു പറയും.'എന്റെ ഇന്ന അടിമ എന്നോട് കുടിക്കാന്‍ ചോദിച്ചിരുന്നു. നീ അവന് കുടിക്കാന്‍ കൊടുത്തില്ല. അ് നീ അവനത് കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുക്കല്‍ കാണുമായിരുന്നു.'' 

      (സ്വഹീഹു മുസ്‌ലിം)

3. നബി അരുളി.'വിശന്ന ജീവന് വയറു നിറയെ ആഹാരം നല്‍കുന്നതാണ് ഏറ്റവും ഉത്തമമായ ധര്‍മം.'' 

(മശ്കൂത്ത്)

4. നബി പറഞ്ഞു.'ചോദിക്കുന്നവന് ഒരു കരിഞ്ഞ ആട്ടിന്‍കുളമ്പെങ്കിലും നല്‍കി തിരിച്ചയക്കുക.''

(മശ്കൂത്ത്)

5. നബി പറഞ്ഞു.'ആളുകളുടെ വാതില്‍ക്കല്‍ ചുറ്റിക്കറങ്ങുകയും ഒന്നോ-രണ്ടോ ഉരുളകളോ ഒന്നോ-രണ്ടോ കാരക്കയോ വാങ്ങിക്കുകയും ചെയ്യുന്നവനല്ല അഗതി. മറിച്ച്, ആവശ്യത്തിനുമാത്രം ധനമില്ലാത്തവനും തങ്ങളുടെ ദാരിദ്ര്യം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെട്ട്,ധര്‍മം  ലഭിക്കാത്തവനും ജനങ്ങളുടെ മുമ്പില്‍ എഴുന്നേറ്റുനിന്നു ചോദിക്കാത്തവനുമാണ് യഥാര്‍ഥ അഗതി.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)

അനാഥ

1. ഒരാള്‍ തിരുനബിയോട് തന്റെ മനസ്സിന്റെ കാഠിന്യത്തെക്കുറിച്ച് ആവലാതി പറഞ്ഞു. അപ്പോള്‍ തിരുനബി പറഞ്ഞു.'അനാഥയെ (വാത്സല്യത്തോടെ) തലോടുക. അഗതിക്ക് ആഹാരം നല്‍കുകയും ചെയ്യുക.''

  (മശ്കൂത്ത് എന്ന ഹദീസ് ഗ്രന്ഥത്തില്‍ നിന്ന്)

2. നബിതിരുമേനി തന്റെ ചൂണ്ടുവിരലും നടുവിരലും വിടര്‍ത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു.'ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഈവിധമായിരിക്കും.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)

3. തിരുനബി പറയുു. 'മുസ്‌ലിംകള്‍ക്കിടയില്‍നിന്ന് അനാഥയെ ആഹാരപാനീയങ്ങള്‍ക്ക് കൂടെക്കൂട്ടുന്നവനെ അല്ലാഹു എന്തുതന്നെയായാലും എന്നെന്നും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും; പൊറുക്കപ്പെടാത്ത പാപം ചെയ്യുന്നില്ലെങ്കില്‍.''

(തിര്‍മിദി)

4. നബി അരുളി.'അല്ലാഹുവേ, ദൂര്‍ബലരായ രണ്ടു വിഭാഗത്തിന്റെ അവകാശത്തെ ഞാന്‍ ആദരിക്കുന്നു; അനാഥരുടെയും സ്ത്രീയുടെയും.''

(നസാഈയുടെ ഹദീസ് ഗ്രന്ഥത്തില്‍നിന്ന്)

5. നബി അരുളി. 'മുസ്‌ലിംകളുടെ വീടുകളില്‍ വെച്ച് ഏറ്റവും ഉത്തമമായ വീട്, അവിടെ ഒരു അനാഥക്കുട്ടി ഉണ്ടായിരിക്കുകയും അവന്‍ നന്നായി പരിപാലിക്കപ്പെടുകയും ചെയ്യുന്ന വീടാണ്. മുസ്‌ലംവീടുകളില്‍ ഏറ്റവും മോശമായ വീട് അവിടെ ഒരു അനാഥക്കുട്ടിയുണ്ടായിരിക്കുകയും അവനോട് മോശമായി പെരുമാറുകയും ചെയ്യുന്ന വീടാണ്.''

(ഇബ്‌നുമാജയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

 

അയല്‍ക്കാര്‍

1. തിരുമേനി അരുളി: 'അല്ലാഹുവാണെ, അവന്‍ വിശ്വാസിയ്യല്ല. അവന്‍ വിശ്വാസിയല്ല. അവന്‍ വിശ്വാസിയല്ല.'' 'ദൈവദൂതരേ, ആരാണ് വിശ്വാസിയല്ലെന്ന് അവിടുന്ന് പറഞ്ഞത്?''  എന്ന് അനുയായികള്‍ ചോദിച്ചു. തിരുനബി പറഞ്ഞു.'ഏതൊരുവന്റെ ഉപദ്രവത്തില്‍നിന്ന് തന്റെ അയല്‍വാസി സുരക്ഷിതനാവുന്നില്ലയോ അവന്‍ തന്നെ''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)

2. തിരുനബി അരുളി.'അയല്‍വാസിയെക്കുറിച്ച് ജിബ്രീല്‍ മാലാഖ എന്നെ ഉപദേശിച്ചുകൊണ്ടിരുന്നു. എത്രത്തോളമെന്നാല്‍ അയല്‍വാസി തന്റെ അനന്തരാവകാശിയായേക്കുമോ എന്നെനിക്കു തോന്നി.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)

3. ഇബ്‌നു അബ്ബാസ് എന്ന അനുചരന്‍ നബി പറഞ്ഞതായി ഉദ്ധരിക്കുന്നു. 'തന്റെ അയല്‍വാസി വിഷന്നവനായിരിക്കേ വയറു നിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല.''

(മശ്കൂത്ത് എന്ന ഹദീസ് ഗ്രന്ഥത്തില്‍നി്)

4. അബൂദര്‍റ് എന്ന അനുചരനോട് തിരുനബി നിര്‍ദ്ദേശിച്ചു. 'നീ കറി പാചകം ചെയ്യുമ്പോള്‍ വെള്ളം വര്‍ധിപ്പിച്ച് നിന്റെ അയല്‍വാസിയെ കൂടി പരിഗണിക്കുക.''

(സ്വഹീഹു മുസ്‌ലിം)

5. തിരുനബി അരുളി. 'മുസ്‌ലിംസ്ത്രീകളേ, ഒരയല്‍ക്കാരിയും തന്റെ അയല്‍ക്കാരിക്ക് (പാരിതോഷികം നല്‍കുന്നത്) നിസ്സാരമായി ഗണിക്കരുത്. അത് ഒരാടിന്റെ കുളമ്പാണെങ്കിലും.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)