നബിചരിതം

നബി വചനങ്ങള്‍

ഹജ്ജും വിടവാങ്ങലും

'മനുഷ്യരേ! എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാന്‍ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങള്‍ ആദരവ് കല്‍പ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങള്‍ക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു.

ഓര്‍ത്തിരിക്കുക. നിങ്ങള്‍ പിഴച്ച് പരസ്പരം കഴുത്തുവെട്ടാന്‍ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങള്‍ കണ്ടുമുട്ടും. അപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവന്‍ നിങ്ങളെ ചോദ്യം ചെയ്യും. അജ്ഞാനകാലത്ത് നടന്ന ജീവനാശങ്ങള്‍ക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകന്‍ തന്നെ. നിങ്ങളെല്ലാവരും ആദമില്‍ നിന്നും ജനിച്ചു. ആദം മണ്ണില്‍നിന്നും. നിങ്ങളില്‍ വെച്ച് ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്‍. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. നിങ്ങള്‍ ഖുര്‍ആന്‍ അടിസ്ഥാനമാക്കിക്കൊണ്ട് ജീവിക്കുന്ന കാലമത്രയും നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമത്രെ അത്.

ജനങ്ങളെ! സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്റെ സംതൃപ്തിയോടുകൂടിയല്ലാതെ അവന്റെ ധനം കരസ്ഥമാക്കുവാന്‍ ഒരാള്‍ക്കും പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. ആ ഇനത്തില്‍ ഒന്നാമതായി ഞാന്‍ ദുര്‍ബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്.

മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്‌നിമാര്‍ക്കുള്ള പോലെ തന്നെ, നിങ്ങള്‍ക്ക് അവരോടും ചില ബാദ്ധ്യതകള്‍ ഉണ്ട്. നിങ്ങള്‍ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക. അല്ലാഹു നിങ്ങളോട് സൂക്ഷിക്കാനേല്‍പ്പിച്ച ആസ്തിയാണ് (അമാനത്ത്) നിങ്ങളുടെ പത്‌നിമാര്‍. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങള്‍ ഭക്ഷിക്കുന്നത് തന്നെ അവര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുക.

മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേള്‍ക്കുക. നിങ്ങളുടെ നാഥന്റെ പരിശുദ്ധഹറമില്‍ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോള്‍ നിങ്ങളുടെ നാഥന്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.

' പ്രസംഗത്തിന്റെ അവസാനത്തില്‍ ആ ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയില്‍ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോള്‍ എന്താണ് നിങ്ങള്‍ പറയുക?.'ജനസമൂഹം ഒരേ സ്വരത്തില്‍ മറുപടി നല്‍കി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാദ്ധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങള്‍ മറുപടി നല്‍കും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയര്‍ത്തികൊണ്ട് അവിടുന്ന് പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!'     ''

ഇങ്ങനെ മൂന്നുപ്രാവശ്യം ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.

( സഹീഹുല്‍ ബുഖാരി )

മക്കാവിജയം

പ്രവാചകന്‍ മക്കാവിജയദിവസം എഴുന്നേറ്റുനിന്നു പറഞ്ഞു ആകാശഭൂമികള്‍ സൃഷ്ടിച്ച അന്നു തന്നെ അല്ലാഹു മക്കയെ പവിത്രമാക്കിയിരിക്കുന്നു. അല്ലാഹു പവിത്രമാക്കിയതു കാരണം അത് അന്ത്യനാള്‍ വരെ പവിത്രമായിരിക്കും. എന്റെ മുമ്പോ ശേഷമോ ഉള്ള ആര്‍ക്കും അവിടെ യുദ്ധം അനുവദനീയമല്ല. കാലത്തില്‍ നിന്നുള്ള ഒരു നാഴികയല്ലാതെ അതില്‍ യുദ്ധം എനിക്ക് അനുവദിക്കപെട്ടിട്ടില്ല. അവിടുത്തെ വേട്ടമൃഗങ്ങളെ തുരത്തിഓടിക്കരുത്, മരങ്ങള്‍ മുറിക്കരുത്, പുല്ല് അരിയരുത്, അവിടെ വീണുകിട്ടിയ വസ്തു നഷ്ടപെട്ടവര്‍ക്കു വിവരം നല്‍കുന്നവനല്ലാതെ എടുക്കരുത്

( സഹീഹുല്‍ ബുഖാരി )

ഹുദൈബിയ സന്ധി

ബറാഅ് (റ) പറയുന്നു. വിജയമെന്നാല്‍ മക്കാവിജയമായിട്ടാണ് നിങ്ങള്‍ കണക്കാക്കുന്നത്. ഞങ്ങള്‍ വിജയമെന്നത് ഹുദയ്ബിയാ ദിനത്തിലെ രിദ്‌വാന്‍ പ്രതിജ്ഞ ആണെന്നാണ് കാണുന്നത്. നബി (സ) യോടൊത്ത് ഞങ്ങള്‍ ആയിരത്തിനാനൂറു പേരുണ്ടായിരുന്നു. ഹുദയ്ബിയ എന്നത് ഒരു കിണറാണ്. ഒരു തുള്ളി പോലും അവശേഷിക്കാത്ത വിധം ഞങ്ങള്‍ അതിലെ വെള്ളം കോരിക്കുടിച്ചു. ഈ വിവരമറിഞ്ഞ നബി സ കിണറിന്റെ അടുത്തുവന്നു. അതിന്റെ വക്കത്തിരുന്നു. ഞങ്ങളോട് ഒരു പാത്രത്തില്‍ വെള്ളമെടുക്കാന്‍ പറഞ്ഞു. അതില്‍നിന്ന് അദ്ദേഹം വുദ്ധു ചെയ്തു. വായില്‍ വെള്ളമൊഴിച്ചു. എന്നിട്ട് പ്രാര്‍ഥിച്ചു. ആ വെള്ളം കിണറിലേക്ക് ഒഴിച്ചു. തുടര്‍ന്ന് അവിടം വിട്ട് അല്‍പം അകലേക്ക് പോയി. പിന്നീട് ഞങ്ങള്‍ക്കും ഞങ്ങളുടെ വാഹനങ്ങള്‍ക്കും (ഒട്ടകങ്ങള്‍) മതിയാവോളം വെള്ളം അതില്‍ നിന്ന് കിട്ടി.

(ബുഖാരി, അഹ്മദ്‌)

എതിര്‍പ്പുകള്‍ വീണ്ടും

ഇബ്‌നു മസ്ഹൂദ് പറയുന്നു: ഒരിക്കല്‍ അല്ലാഹുവിന്റെ ദൂതര്‍ സുജൂദ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിനു ചുറ്റും ഖുറൈശി ഗോത്രത്തിലെ വിഗ്രഹാരാധകരായ കുറേ ആളുകളും ഉണ്ടായിരുന്നു. ഉഖ്ബത്തു ബ്‌നു അബീമുഅയ്ത്  ഒരു ഒട്ടകത്തിന്റെ മറു പിള്ളയുമായി വന്ന് നബിയുടെ പുറത്തേക്കിട്ടു. നബിക്ക് തല പൊക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഫാത്തിമ (പ്രവാചക പുത്രി
) വന്ന് അവിടുത്തെ പുറത്ത് നിന്നും എടുത്തു.
(സ്വഹീഹുല്‍ ബുഖാരി)

മദീനയിലേക്ക്

പ്രവാചകന്‍ അരുളി :മറ്റു നാടുകളെ അതിജയിക്കുന്ന നാട്ടിലേക്ക് ഹിജ്‌റ (പാലായനം) പോകാന്‍ ഞാന്‍ കല്‍പിക്കപെട്ടിരിക്കുന്നു. അവര്‍ ആ നാടിനെ യഥിരിബ് എന്ന പറയുന്നു. അത് മദീന ആണ്. ഉല ഇരുമ്പിന്റെ അഴുക്കുകളെ പുറത്ത് കളയും പോലെ മദീന ദുഷിച്ച ജനങ്ങളെ പുറത്തേക്ക് തള്ളും

(സ്വഹീഹുല്‍ ബുഖാരി)

പ്രവാചകനായി നിയുക്തനാകുന്നു

പ്രവാചക പത്‌നി ആഇശയില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: പ്രവാചക(സ)ന്ന് വെളിപാടിന്റെ തുടക്കമുണ്ടായത് സത്യ(ചില നിവേദനങ്ങളനുസരിച്ച്, നല്ല) സ്വപ്നദര്‍ശനങ്ങളിലൂടെയാണ്. അദ്ദേഹം കാണുന്ന സ്വപ്നങ്ങളേതും പകല്‍വെളിച്ചത്തില്‍ കാണുന്നതുപോലെയുള്ള അനുഭവമായിരുന്നു. പിന്നീട് തിരുമേനി ഏകാന്തതപ്രിയനായി. പല ദിനരാത്രങ്ങള്‍ ഹിറാഗുഹയില്‍ ആരാധനയിലേര്‍പ്പെട്ടു കഴിച്ചുകൂട്ടി. ഏതോ തരത്തിലുള്ള ആരാധനയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. കാരണം, അന്ന് അദ്ദേഹം ഇബാദത്തിന്റെ ഇന്നത്തെ ശര്‍ഈരീതി അല്ലാഹുവിങ്കല്‍നിന്ന് പഠിപ്പിക്കപ്പെട്ടിരുന്നില്ലല്ലോ. അദ്ദേഹം തിന്നാനും കുടിക്കാനുമുള്ള വസ്തുക്കളുമായി അവിടെ ചെന്ന് ഏതാനും നാള്‍ കഴിഞ്ഞുകൂടുമായിരുന്നു. പിന്നെ ഹ. ഖദീജയുടെ അടുത്തേക്ക് തിരിച്ചുവരും. അവരദ്ദേഹത്തിന് കൂടുതല്‍ ദിവസത്തേക്കുള്ള പാഥേയം ഒരുക്കിക്കൊടുത്തിരുന്നു. ഒരുനാള്‍ അദ്ദേഹം ഹിറാഗുഹയിലായിരിക്കെ പെട്ടെന്നദ്ദേഹത്തിന് ദിവ്യസന്ദേശമിറങ്ങി. മലക്ക് വന്ന് അദ്ദേഹത്തോടു പറഞ്ഞു: 'വായിക്കുക.' അനന്തരം ആഇശ റസൂല്‍തിരുമേനിയുടെ വാക്കുകള്‍തന്നെ ഉദ്ധരിക്കുകയാണ്: ''ഞാന്‍ പറഞ്ഞു: 'ഞാന്‍ വായിക്കാന്‍ പഠിച്ചവനല്ല.' അപ്പോള്‍ ആ മലക്ക് എന്നെ പിടിച്ച്, ഞാന്‍ കഠിനമായി ഞെരിയുമാറ് ആശ്ലേഷിച്ചു. പിന്നെ അത് എന്നെ മോചിപ്പിച്ചുകൊണ്ട് പറഞ്ഞു: 'വായിക്കുക.' ഞാന്‍ പറഞ്ഞു: 'ഞാന്‍ വായിക്കാന്‍ പഠിച്ചവനല്ല.' അതെന്നെ രണ്ടാമതും പിടിച്ചാശ്ലേഷിച്ചു. ഞാന്‍ കഠിനമായി ഞെരിയുമാറായി. പിന്നെ അതെന്നെ മോചിപ്പിച്ചു. എന്നിട്ടു പറഞ്ഞു: 'വായിക്കുക.' ഞാന്‍ വീണ്ടും പറഞ്ഞു. 'ഞാന്‍ വായിക്കാന്‍ പഠിച്ചവനല്ല.' അത് മൂന്നാമതും, ഞാന്‍ കഠിനമായി ഞെരിയുമാറ് പിടിച്ചാശ്ലേഷിച്ചു. പിന്നെ എന്നെ മോചിപ്പിച്ചുകൊണ്ട് വായിക്കുക, നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍ മുതല്‍  (അവന്‍ അറിഞ്ഞിട്ടില്ലാത്തത്) എന്നുവരെ ഓതി.'' ആഇശ പറയുന്നു: ''അനന്തരം റസൂല്‍(സ) ഭയന്നുവിറച്ച് അവിടെനിന്ന് ഹ. ഖദീജ(റ)യുടെ സമീപത്തെത്തിയിട്ട് പറഞ്ഞു: 'എനിക്ക് പുതച്ചുതരൂ, പുതച്ചുതരൂ.' അവരദ്ദേഹത്തിന് പുതച്ചുകൊടുത്തു. വിഭ്രമം ഒന്നു ശമിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: 'ഓ ഖദീജാ, എനിക്കെന്തോ സംഭവിച്ചിരിക്കുന്നു.' തുടര്‍ന്നദ്ദേഹം നടന്നതെല്ലാം അവരെ കേള്‍പ്പിച്ചിട്ട് പറഞ്ഞു: 'ഞാന്‍ മരിക്കുകയാണ്.' അവര്‍ പറഞ്ഞു: 'ഒരിക്കലുമല്ല, അങ്ങ് സൗഭാഗ്യവാനാകും. ദൈവം അങ്ങയെ നിന്ദിക്കുകയില്ല. അങ്ങ് ബന്ധുക്കളോട് നന്നായി പെരുമാറുന്നു. സത്യം പറയുന്നു. (ഒരു നിവേദനത്തില്‍ 'ഉത്തരവാദിത്വങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നു' എന്നുകൂടിയുണ്ട്). നിസ്സഹായരുടെ ഭാരം ചുമക്കുന്നു. അവശരായവര്‍ക്ക് സമ്പാദിച്ചു കൊടുക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു. സത്കാര്യങ്ങളില്‍ സഹകരിക്കുന്നു.' അനന്തരം അവര്‍ തിരുമേനിയെയും കൂട്ടി തന്റെ പിതൃവ്യപുത്രനായ വറഖതുബ്നു നൗഫലിന്റെ അടുത്തേക്കുപോയി. അദ്ദേഹം ജാഹിലീകാലത്ത് ക്രിസ്ത്യാനിയായിരുന്നു. അറബിയിലും ഹിബ്രുഭാഷയിലും പുതിയനിയമം എഴുതിയിരുന്നു. പ്രായാധിക്യം മൂലം അന്ധത ബാധിച്ചിരുന്നു അദ്ദേഹത്തിന്. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: 'സഹോദരാ, അങ്ങയുടെ അളിയന്റെ കഥയൊന്നുകേള്‍ക്കൂ.' വറഖ തിരുമേനിയോട് ചോദിച്ചു: 'അളിയാ എന്തുണ്ടായി?' റസൂല്‍തിരുമേനി നടന്ന കാര്യങ്ങളൊക്കെ വറഖയെ ധരിപ്പിച്ചു. വറഖ പറഞ്ഞു: 'അല്ലാഹു മൂസാ(അ)യുടെ അടുത്തേക്ക് നിയോഗിച്ച അതേ നാമൂസ് (ദിവ്യസന്ദേശവാഹകന്‍) തന്നെയാണത്. കഷ്ടം, അങ്ങ് പ്രവാചകനാകുന്ന കാലത്ത് ഞാന്‍ കരുത്തുള്ള യുവാവായിരുന്നെങ്കില്‍! കഷ്ടം, അങ്ങയുടെ ജനം അങ്ങയെ ആട്ടിപ്പായിക്കുമ്പോള്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍!' റസൂല്‍(സ) ചോദിച്ചു: 'എന്ത്, ഈ ജനം എന്നെ ആട്ടിപ്പായിക്കുമെന്നോ?' വറഖ: 'അതെ, അങ്ങ് കൊണ്ടുവന്ന ഈ സന്ദേശം കൊണ്ടുവന്നവരാരും ശത്രുതക്ക് വിധേയരാവാതിരുന്നിട്ടില്ല. അന്ന് ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ അങ്ങയെ ശക്തിയുക്തം പിന്തുണക്കും.' പക്ഷേ, ഏറെനാള്‍ കഴിയുന്നതിനുമുമ്പ് വറഖ നിര്യാതനാവുകയാണുണ്ടായത്.

 

(സ്വഹീഹുല്‍ ബുഖാരി)