മുസ് ലിം ജീവിതം

നബി വചനങ്ങള്‍

മുസ്‌ലിം വീട്‌

നബി (സ) പറയുന്നു മനുഷ്യന്റെ സൗഭാഗ്യം മൂന്ന് കാര്യങ്ങളിലാണ്, നിര്‍ഭാഗ്യവും മുന്ന് കാര്യങ്ങളില്‍ തന്നെ നല്ലവളായ ഭാര്യ, സൗകര്യമുള്ള വീട്, നല്ല വാഹനം എന്നിവയാണ് സൗഭാഗ്യം. ചീത്തയായ ഭാര്യ, മോശമായി വീട്, കൊള്ളരുതാത്ത വാഹനം, എന്നിവയാണ് നിര്‍ഭാഗ്യം

( ബുഖാരി )

വേഷം

നബി (സ) പറയുന്നു എന്റെ സമുദായത്തിലെ പുരുഷന്മാര്‍ക്ക് സ്വര്‍ണ്ണവും പട്ടും നിഷിദ്ധമാക്കപെട്ടിരിക്കുന്നു സ്ത്രീകള്‍ക്കത് അനുവദനീയവുമാണ്.

( ബുഖാരി, മുസ്‌ലിം )

ആരോഗ്യം

നബി (സ) പറയുന്നു നിങ്ങള്‍ അല്ലാഹുവിനോട് വിശ്വാസദാര്‍ഢ്യത്തെയും ആരോഗ്യത്തെയും ചോദിക്കുക. വിശ്വാസ ദാര്‍ഢ്യം കഴിഞ്ഞാല്‍ പിന്നെ ആരോഗ്യത്തേക്കാള്‍ ഉത്തമമായതൊന്നും ഒരാള്‍ക്കും നല്‍കപെട്ടിട്ടില്ല

( നസാഈ )

ചര്യകള്‍

1. ഹുദൈഫ എന്ന അനുചരന്‍ അറിയിക്കുന്നു.  ''രാത്രി ഉറങ്ങാന്‍ കിടക്കുേമ്പോള്‍ തിരുനബി തന്റെ കൈ കവിളിനു താഴെ വെച്ചുകൊണ്ട് ഇങ്ങനെ പറയും. ''അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.'' ഉറക്കമുണര്‍ന്നാല്‍ അവിടുന്ന് ഇങ്ങനെ പറയും. ''സ്തുതി അല്ലാഹുവിന്. മരണശേഷം അവന്‍ നമ്മെ ജീവിപ്പിച്ചു. അവനിലേക്കാണ് മടക്കം.''

(സ്വഹീഹുല്‍ ബുഖാരി)

2. ഒരാള്‍ തിരുദൂതരോട് ചോദിച്ചു. ''ഇസ്‌ലാമില്‍ ഉത്തമമായ കാര്യം ഏതാണ്?'' 

തിരുദൂതര്‍ മറുപടി പറഞ്ഞു. ''അഗതികള്‍ക്ക് ഭക്ഷണം നല്‍കുക. അറിയുന്നവനും അറിയാത്തവനും സലാം പറയുക.''

(സ്വഹീഹുമുസ്‌ലിം)

3. ജാബിര്‍ എന്ന അനുചരന്‍ പറയുന്നു. '' തിരുനബി ഞങ്ങളെ സന്ദര്‍ശിക്കാന്‍ വന്നു. ജടപിടിച്ച് പിന്നിപ്പോയ മുടിയുള്ള ഒരാളെ തിരുനബി കാണുകയുണ്ടായി. അപ്പോള്‍ തിരുനബി പറഞ്ഞു. ''ഇയാള്‍ക്ക് തന്റെ മുടി ചീകിയൊതുക്കാന്‍ ഒന്നും കിട്ടിയില്ലേ?'' അഴുക്കുപുരണ്ട വസ്ത്രങ്ങള്‍ ധരിച്ച ഒരാളെയും നബി കൂട്ടത്തില്‍ കണ്ടു. അപ്പോള്‍ നബി ചോദിച്ചു. ''ഈ മനുഷ്യന് തന്റെ  വസ്ത്രം കഴുകാന്‍ പറ്റിയ ഒന്നും കിട്ടിയില്ലേ?''

(മശ്കൂത്ത് എന്ന ഹദീസ്ഗ്രന്ഥത്തില്‍നിന്ന്)

ആഹാരം

1. അനസിന്റെ മകന്‍ മുആദ് അറിയിക്കുന്നു. നബി തിരുമേനി പറഞ്ഞു. ''ഒരാള്‍ ഭക്ഷണം കഴിച്ച ശേഷം 'എന്റെ യാതൊരു കഴിവും ശക്തിയുമില്ലാതെ എനിക്ക് ഈ ഭക്ഷണം നല്‍കിയ അല്ലാഹുവിന് സ്തുതി' എന്നു പറഞ്ഞാല്‍ അവന്റെ ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.''

(അബൂദാവൂദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)