ധാർമികത

നബി വചനങ്ങള്‍

ധാര്‍മികത

1. അബൂ അയ്യൂബില്‍ അന്‍സാരി പറയുന്നു: ഒരിക്കല്‍ ഒരാള്‍ തിരുനബിയെ സമീപിച്ചു. എന്നിട്ട് നബിയോട് ആവശ്യപ്പെട്ടു.  'എനിക്ക് ഏറ്റവും ചുരുങ്ങിയരൂപത്തിലുള്ള ഉപദേശം നല്‍കിയായലും!' തിരുമേനി ഉപദേശിച്ചു. ''താങ്കള്‍ നമസ്‌കരിക്കുകേമ്പോല്‍ ജീവിതത്തിലെ അവസാനനമസ്‌കാരമാണെന്ന ഭാവത്തില്‍ നമസ്‌കരിക്കുക. സംസാരിക്കുമ്പോള്‍ പിന്നീടൊരിക്കലും ക്ഷമാപണം ചെയ്യാനിടയാക്കുന്ന യാതൊന്നും പറയാതിരിക്കുക. ആളുകളുടെ കൈകളിലുള്ളതില്‍ ആശ വെടിയുക,''

(അഹ്മദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

2. തിരുനബി അരുളി: അന്ത്യനാളില്‍ സത്യവിശ്വാസിയുടെ തുലാസില്‍ വെക്കുന്ന ഏറ്റവും കനം കൂടിയ വസ്തു സല്‍സ്വഭാവമായിരിക്കും. അശ്ലീലവും അസഭ്യവും പറയുന്നവരെ അല്ലാഹു വെറുക്കും.(തിര്‍മിദിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

3. തിരുനബി പറഞ്ഞതായി അനുചരനും ജാമാതാവുമായ ഖലീഫാ അലി പറയുന്നു. '' അശ്ലീലം പറയുന്നവനും അത് പ്രചരിപ്പിക്കുന്നവനും കുറ്റത്തില്‍ സമമാണ്.''

(മശ്കൂത്ത് എന്ന ഹദീസ്ഗ്രന്ഥത്തില്‍നിന്ന്)

4. നബി തിരുമേനി അരുളി: ''പരദൂഷണം എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?'' 

അവര്‍ പറഞ്ഞു. ''അല്ലാഹുവിനും അവന്റെ ദൂതനുമാണ് അത് ഏറെ അറിയുക.''

തിരുനബി പറഞ്ഞു. ''നീ നിന്റെ സഹോദരനെക്കുറിച്ച് അവന് ഇഷ്ടമില്ലാത്തത് പറയലാണ് അത്.''

അതുകേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു. ''ഞാന്‍ പറയുന്ന കാര്യം എന്റെ സഹോദരനില്‍ ഉള്ളതാണെങ്കിലോ?'' 

അപ്പോള്‍ നബി പറഞ്ഞു. ''നീ പറയുന്ന കാര്യം അവനിലുള്ളതാണെങ്കില്‍ നീ അവനെക്കുറിച്ച് പരദൂഷണം പറഞ്ഞു. നീ പറയുന്നത് അവനില്‍ ഇല്ലെങ്കില്‍ നീ അവന്റെ പേരില്‍ കള്ളം പറഞ്ഞു.''

(മശ്കൂത്ത്)

5. തിരുനബി അരുളി. ''നിങ്ങള്‍ മുഖസ്തുതി പറയുന്നവരെ കണ്ടാല്‍ മുഖത്ത് മണ്ണു വാരിയിടുക.''

(സ്വഹീഹുമുസ്‌ലിം)

6. തിരുനബി അരുളി. ''അധര്‍മകാരി സ്തുതിക്കപ്പെടുേമ്പോള്‍ അല്ലാഹു കുപിതനാവുകയും അവന്റെ സിംഹാസനം വിറകൊള്ളുകയും ചെയ്യും.''

(മശ്കൂത്ത്)

7. തിരുനബി അരുളി. ''നീ നിന്റെ സഹോദരനുമായി തര്‍ക്കിക്കരുത്. അവനെ കളിയാക്കരുത്. അവനുമായി കരാര്‍ ചെയ്ത് ലംഘിക്കരുത്.''

(തിര്‍മിദിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

8. തിരുനബി പറഞ്ഞതായി മസ്ഊദിന്റെ മകന്‍ അബ്ദുല്ല എന്ന അനുചരന്‍ അറിയിക്കുന്നു. ''പിശാച് മനുഷ്യരൂപത്തില്‍ പ്രവര്‍ത്തിക്കുന്നു. അവന്‍ ആളുകളുടെ അടുത്തു വന്ന് കള്ളവര്‍ത്തമാനം പറയുന്നു. എന്നിട്ട് ജനങ്ങള്‍ പിരിഞ്ഞുപോകുന്നു. പിന്നീട് അവരില്‍നിന്ന് ഒരാള്‍ പറയും: ഞാന്‍ ഇന്ന വര്‍ത്തമാനം മുഖപരിചയമുള്ള ഒരാളില്‍നിന്നും കേട്ടു. അയാളുടെ പേര്‍ എനിക്കറിയില്ല.''

(സ്വഹീഹുമുസ്‌ലിം)

9. ഇബ്‌നു ഉമര്‍ പറയുന്നു. ''ഏഷണിയും പരദൂഷണവും പറയുന്നതും പരദൂഷണം കേള്‍ക്കുന്നതും തിരുദൂതര്‍ നിരോധിച്ചിരിക്കുന്നു.''

(രിയാളു സ്വാലിഹീന്‍ എന്ന ഹദീസ്ഗ്രന്ഥത്തില്‍നിന്ന്)

10. തിരുനബി അരുളിയതായി അനുചരന്‍ അബൂഹുറൈറ ഉദ്ധരിക്കുന്നു. ''നിങ്ങള്‍ അസൂയയെ സൂക്ഷിക്കുക. തീ വിറകിനെ തിന്നുതീര്‍ക്കുന്നതുപോലെ അസൂയ സല്‍കര്‍മങ്ങളെ തിന്നു തീര്‍ക്കും.''

(അബൂദാവൂദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

11. ബുറൈദ പറയുന്നു: തിരുനബി തന്റെ ജാമാതാവായ അലിയോട് പറഞ്ഞു. ''അന്യസ്ത്രീയെ വീണ്ടും വീണ്ടും നോക്കരുത്. ആദ്യത്തെ നോട്ടം നിനക്ക് അനുവദനീയമാണ്. രണ്ടാമത്തെ നോട്ടം പാടില്ല.''

(അബൂദാവൂദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

12. തിരുനബി അരുളി: ഒരുവന്‍ തന്റെ രണ്ടു താടിയെല്ലുകള്‍ക്കിടയിലുള്ളതിന്റെ (നാവ്) യും രണ്ടു കാലുകള്‍ക്കിടയിലുള്ളതിന്റെ (ലിംഗം) യും ഉത്തരവാദിത്വമേല്‍ക്കുകയാണെങ്കില്‍ ഞാന്‍ അവന് സ്വര്‍ഗത്തിന്റെ ഉത്തരവാദിത്വമേല്‍ക്കും. 

(സ്വഹീഹുമുസ്‌ലിം)