ഖുര്‍ആന്‍റെ തീരത്ത്

നബി വചനങ്ങള്‍

ഖുര്‍ആന്‍

1. ഉസ്മാനുബ്‌നു അഫ്ഫാനില്‍നിന്ന് നിവേദനം ചെയ്യുന്നു: റസൂല്‍ പറഞ്ഞതായി ഉസ്മാന്‍ പറഞ്ഞു. 'ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമര്‍.''

(സ്വഹീഹുല്‍ ബുഖാരി)

2. റസൂല്‍ പറഞ്ഞതായി ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നു:  ഖുര്‍ആനില്‍നിന്ന് യാതൊന്നും ഹൃദയത്തില്‍ ഇല്ലാത്തവന്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഭവനം പോലെയാണ്.

(തിര്‍മിദി)

3. നബി പറഞ്ഞതായി അബൂമൂസാ ഉദ്ധരി്കുന്നു: നിങ്ങള്‍ ഈ ഖുര്‍ആന്‍ പതിവായി പഠിച്ചുകൊണ്ടിരിക്കണം. എന്തെന്നാല്‍, മുഹമ്മദിന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ സത്യം, ഒട്ടകം കയറുപൊട്ടിച്ച് ചാടിപ്പോകുന്നതിനേക്കാള്‍ വേഗത്തില്‍ ഖുര്‍ആന്‍ ചാടിപ്പോകും.

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലം)

4. പ്രവാചകന്‍ പറയുന്നതായി അനുചരന്‍ അബൂഹുറൈറ ഉദ്ധരിക്കുന്നു: ജ്ഞാനം തേടിക്കൊണ്ട് ഒരാള്‍ ഒരു മാര്‍ഗം സ്വീകരിച്ചാല്‍ അതുമുഖേന അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുന്നു. അല്ലാഹുവിന്റെ വേദം ഓതിക്കൊണ്ടും അത് പരസ്പരം ചര്‍ച്ചചെയ്തുപഠിച്ചുകൊണ്ടും ദൈവികഭവനങ്ങളിലൊന്നില്‍ ഒരു കൂട്ടര്‍ സമ്മേളിക്കുന്നില്ല; അവര്‍ക്കുമീതെ ശാന്തിവര്‍ഷിക്കുകയും ദൈവകാരുണ്യം അവരെ പൊതിയുകയും മലക്കുകള്‍ അവരെ വലയംചെയ്യുകയും അല്ലാഹു അവന്റെ സിധിയിലുള്ളവരോട് അവരെ പ്രശംസിക്കുകയും ചെയ്തിട്ടല്ലാതെ. പക്ഷേ, കര്‍മം പിന്നാക്കമാക്കിയവനെ കുലം മുന്നോട്ടാക്കുകയില്ല.''

(സ്വഹീഹു മുസ്‌ലിം)

5. ഉബൈദത്തുല്‍ മുലൈകി തിരുനബി പറഞ്ഞതായി ഉദ്ധരിക്കുന്നു: ഖുര്‍ആനിന്റെ അനുയായികളേ, നിങ്ങള്‍ ഖുര്‍ആനിനെ തലയിണയാക്കരുത്. രാപ്പകലുകളില്‍ അതു വേണ്ടവിധം പാരായണം ചെയ്യുക. നിങ്ങള്‍ അത് പ്രചരിപ്പിക്കുകയും ഭംഗിയായി പാരായണം നടത്തുകയും ചെയ്യുക. ഖുര്‍ആനിനെകുറിച്ച് ചിന്തിക്കുകയും ചെയ്യുക. എന്നാല്‍, നിങ്ങള്‍ വിജയികളായേക്കാം. അതുമുഖേന നിങ്ങള്‍ ഭൗതികഫലങ്ങള്‍ ആഗ്രഹിക്കരുത്. എന്നാല്‍, അതിന് മഹത്തായ പ്രതിഫലമുണ്ട്..

(മശ്കൂത്ത്)

6. നബി പറഞ്ഞു,'വെള്ളം കൊണ്ട് ഇരുമ്പ് തുരുമ്പു പിടിക്കുതുപോലെ മനസ്സിനും തുരുമ്പു പിടിക്കുന്നതാണ്. നബിയോട് സദസ്സില്‍നിന്നാരോ ചോദിച്ചു.'തിരുദൂതരേ,എന്തുകൊണ്ടാണ് മനസ്സിന്റെ തുരുമ്പ് നീക്കാന്‍ കഴിയുക?'' നബി പറഞ്ഞു.'മരണത്തെ ധാരാളമായി ഓര്‍ത്തും ഖുര്‍ആന്‍ പാരായണം നടത്തിയും.''  

(മശ്കൂത്ത്)