പലിശ

നബി വചനങ്ങള്‍

പലിശ

 1. അബൂഹുറൈറ എന്ന അനുചരന്‍ തിരുനബി പറഞ്ഞതായി അറിയിക്കുന്നു. 'ജനങ്ങള്‍ക്ക് ഒരു കാലം വരും. അന്ന് അവര്‍ പലിശ തിന്നവരായിരിക്കും.'' അതുകേട്ട് ഒരാള്‍ ചോദിച്ചു. 'ആളുകള്‍ എല്ലാവരും അത് ഭക്ഷിക്കുമോ?' തിരുനബി പറഞ്ഞു. 'അതു ഭക്ഷിക്കാത്തവനെ അതിന്‍റെ പൊടിയെങ്കിലും ബാധിക്കും.''

(അഹ്മദ്, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, ബൈഹഖി തുടങ്ങിയവരുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

 2. നബി പറഞ്ഞു. 'പലിശയ്ക്ക് എഴുപത്തിമൂന്നോളം കവാടങ്ങളുണ്ട്. അതില്‍ ഏറ്റവും നിസ്സാരമായതുപോലും ഒരാള്‍ തന്‍റെ മാതാവിനെ വ്യഭിചരിക്കുന്നതുപോലെ മ്ലേച്ഛമാണ്.''

(ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

 3. അനസ് പറയുന്നു: ഒരിക്കല്‍ റസൂല്‍ ഞങ്ങളോട് പലിശയുടെ ഗൗരവത്തെപ്പറ്റി പ്രസംഗിച്ചു. അതിലദ്ദേഹം പറഞ്ഞു. 'പലിശയിലൂടെ ഒരാള്‍ സമ്പാദിക്കുന്ന ഒരു ദിര്‍ഹം കുറ്റത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍, മുപ്പത്തിയാറുതവണ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ ഗുരുതരമാണ്.''

(ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

 4. അബ്ദുല്ലയുടെ മകന്‍ ജാബിര്‍ പറയുന്നു: പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും എഴുതിവെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവനെയും റസൂല്‍ ശപിക്കുകയുണ്ടായി. റസൂല്‍ പറഞ്ഞതിങ്ങനെയാണ്. 'അവരെല്ലാം ഒരുപോലെയാണ്.''

(സ്വഹീഹു മുസ്‌ലിം എന്ന ഹദീസ്‌ശേഖരത്തില്‍നിന്ന്)

5. നബി പറഞ്ഞു. 'ഒരു ജനതയില്‍ വ്യഭിചാരവും പലിശയും വ്യാപകമായി കാണപ്പെടുകയില്ല; അവര്‍ അല്ലാഹുവിന്‍റെ ശിക്ഷയ്ക്ക് സ്വയം അനുമതി നല്‍കിയിട്ടല്ലാതെ.''

(ഹാകിമിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)