ഉടമസ്ഥത

നബി വചനങ്ങള്‍

ഉടമസ്ഥത

1. ശുഐബിന്‍റെ മകന്‍ അംറ് എന്ന അനുചരന്‍ പറയുന്നു. 'ഒരു രാത്രി കഠിനമായ അസ്വാസ്ഥ്യം കാരണം നബിക്ക് ഉറക്കം വന്നില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു. 'പ്രവാചകരേ, താങ്ങള്‍ക്ക് ഉറക്കം വരാത്തതെന്താണ്?'' 

അതുകേട്ട നബി പറഞ്ഞു. ''വീണുകിടക്കുന്ന ഒരു കാരക്ക കണ്ടപ്പോള്‍ ഞാനതെടുത്തു ഭക്ഷിച്ചു. പിന്നീട് ഞാനോര്‍ത്തു. എന്‍റെ പക്കല്‍ സകാത്ത് മുതലില്‍പെട്ട കാരക്കയുണ്ട്. ഞാന്‍ ഭക്ഷിച്ചത് ആ കാരക്കയില്‍പ്പെട്ട വല്ലതുമാണോ അതോ എന്‍റെ കുടുംബത്തിന്‍റെ കൈവശമുള്ളതാണോ? ഈ ചിന്തയാണ് എന്‍റെ ഉറക്കം നഷ്ടപ്പെടുത്തുന്നത്.''

(അഹ്മദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞു. 'കുറ്റകരമായ രീതിയില്‍ ഒരാള്‍ പണം സമ്പാദിക്കുകയും എന്നിട്ട് അതുപയോഗിച്ചു കുടുംബബന്ധങ്ങള്‍ ചേര്‍ക്കുകയും ദാനധര്‍മങ്ങള്‍ നടത്തുകയും ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്താല്‍പ്പോലും അന്ത്യനാളില്‍ അതെല്ലാം ഒരുമിച്ചുകൂട്ടി അല്ലാഹു അയാളെ നരകത്തില്‍ എറിയുന്നതായിരിക്കും.''

(അബൂദാവൂദിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

3. നബി പറഞ്ഞു. 'തരിശുനിലം ദൈവത്തിനും അവന്‍റെ ദൂതനും ഉള്ളതാണ്. പിന്നെ ഞാന്‍ വഴി നിങ്ങള്‍ക്കും. അതിനാല്‍ ആരെങ്കിലും തരിശുനിലം ജീവിപ്പിച്ചാല്‍ അത് അവന് അവകാശപ്പെട്ടതാണ്. ഭൂമി മൂന്നുകൊല്ലം തരിശിട്ടാല്‍ അതിന്റെ അവകാശം നഷ്ടപ്പെടും.''

4. നബി പറഞ്ഞു.: ആരെങ്കിലും അന്യായമായി ഒരു ചാണ്‍ ഭൂമി കൈയേറിയാല്‍ അന്ത്യനാളില്‍ ദൈവം അവനെ ഏഴു ഭൂമികള്‍ കൊണ്ട് മാല ചാര്‍ത്തും.''

5. നബി പറഞ്ഞു. 'വെള്ളം, പുല്ല്, തീ എന്നീ മൂന്ന് വസ്തുക്കളിള്‍ മുസ്‌ലിംകള്‍ പങ്കാളികളാണ്.''

6. നബി അരുളി: അറിഞ്ഞുകൊള്ളുക. നിങ്ങള്‍ അതിക്രമം കാണിക്കരുത്. ഉടമസ്ഥന്‍ സന്തോഷപൂര്‍വം (സമ്മതപൂര്‍വം) നല്‍കിയാലല്ലാതെ ആരുടെയും ധനം അനുവദനീയമല്ല.    (ബൈഹഖി)