സാമ്പത്തിക വികസനം

നബി വചനങ്ങള്‍

സാമ്പത്തികവികസനം

1. തിരുനബി പറഞ്ഞു: എല്ലാ സമൂഹങ്ങള്‍ക്കും ഒരു പരീക്ഷണവസ്തുവുണ്ട്. എന്‍റെ സമുദായത്തിന്‍റെ  പരീക്ഷണവസ്തു സമ്പത്താണ്.

(സുനനുത്തിര്‍മിദി എന്ന ഹദീസ്ഗ്രന്ഥത്തില്‍നിന്ന്) 

2. നബി പറഞ്ഞു. 'അല്ലാഹുവാണ് സത്യം. നിങ്ങള്‍ക്ക് ദാരിദ്ര്യം ബാധിക്കുതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. ഞാന്‍ പേടിക്കുന്നത്  മുന്‍ഗാമികള്‍ക്കുണ്ടായിരുന്നതുപോലുള്ള സമ്പദ്‌സമൃദ്ധി നിങ്ങള്‍ക്കുമുണ്ടാകുന്നതിനെയാണ്. അങ്ങനെ നിങ്ങള്‍ മാത്സര്യത്തിലാകും. മുന്‍ഗാമികള്‍ കിടമത്സരം നടത്തിയപോലെ. അങ്ങനെ നിങ്ങള്‍ നശിക്കും; അവര്‍ നശിച്ചതുപോലെ.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

3. അലി പറയുന്നു: ഞങ്ങള്‍ തിരുനബിയുടെ കൂടെ പള്ളിയില്‍ ഇരിക്കുകയാണ്. അപ്പോള്‍ മിസ്അബ് ഇബ്‌നു ഉമൈര്‍ ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നു. തോലുകൊണ്ട് കഷ്ണം വെച്ച ഒരു പുതപ്പല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ ദേഹത്തില്ലായിരുന്നു. അതുകണ്ട നബി അദ്ദേഹത്തിന്‍റെ മുമ്പത്തെ സുസ്ഥിതിയും ഇപ്പോഴത്തെ അവസ്ഥയും ഓര്‍ത്ത് കരഞ്ഞുപോയി. പിന്നീട് അവിടുന്ന് ചോദിച്ചു. 'നിങ്ങളിലൊരാള്‍ രാവിലെ ഒരു വസ്ത്രവും വൈകു്രംന്നേ മറ്റൊരു വസ്ത്രവും ധരിക്കുകയും മുമ്പില്‍നിന്ന് ഒരു ഭക്ഷണത്തളിക മാറ്റുമ്പോഴേക്ക് മറ്റൊന്ന്   കൊണ്ടുവന്ന് വെക്കുകയും നിങ്ങളുടെ വീടുകള്‍ക്ക് കഅ്ബയുടേതിന് സമാനമായ വിരിയും മറയുമുണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ടാകുന്നതിനെ കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു?'' 

അവര്‍ പറഞ്ഞു. 'അല്ലാഹുവിന്‍റെ ദൂതരേ, അന്നു ഞങ്ങള്‍ക്ക് ഇന്നത്തേതിനേക്കാള്‍ എത്രയോ നല്ല അവസ്ഥയായിരിക്കും! ആരാധനയ്ക്കായി ഞങ്ങള്‍ക്ക് ഒഴിഞ്ഞിരിക്കാമല്ലോ. ഞെരുക്കം തീരുകയും ചെയ്യും.'' 

അപ്പോള്‍ നബി പറഞ്ഞു. 'അല്ല, അന്നത്തേതിനേക്കാള്‍ ഇപ്പോഴത്തെ അവസ്ഥയാണ് നിങ്ങള്‍ക്ക് നല്ലത്.''

(സുനനുത്തിര്‍മിദി)

4. നബി പറഞ്ഞു. 'മനുഷ്യന് ഒരു കുന്ന് സമ്പത്ത് കി്യാട്ടില്‍ മറ്റൊന്നുകൂടി കിട്ടിയെങ്കില്‍ എന്ന് അവന്‍ കൊതിക്കും. രണ്ടെണ്ണം ലഭിച്ചാല്‍ മൂന്നാമതൊന്നിനായിരിക്കും പിന്നെ ആഗ്രഹം. മനുഷ്യന്‍റെ വയറു നിറക്കാന്‍ മണ്ണിനല്ലാതെ ആവില്ല.''

5. നബി പറഞ്ഞു.'ഒരു ആത്മാവും അതിന്‍റെ അന്നം കിട്ടാതെ മരിക്കുകയില്ല. അതിനാല്‍ ദൈവത്തെ ഭയപ്പെട്ടു നിലകൊള്ളുക. ഉപജീവനത്തിന് നല്ല മാര്‍ഗങ്ങള്‍മാത്രം തേടുക. ആഹാരം ലഭിക്കുന്നതിലുള്ള കാലതാമസം ദൈവത്തെ ധിക്കരിക്കുന്ന വഴികളിലേക്ക് നിങ്ങളെ നയിക്കാതിരിക്കട്ടെ. ദൈവത്തിങ്കലുള്ളന്നതെന്തും നമുക്ക് ലഭിക്കുക അവനെ അനുസരിക്കുന്നതിലൂടെയാണ്.''