വിവാഹം

നബി വചനങ്ങള്‍

വിവാഹം

1. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഉദ്ധരിക്കുന്നു. നബി പറഞ്ഞു. 'ഓ യുവാക്കളേ, നിങ്ങളിലാര്‍ക്കെങ്കിലും വിവാഹം ചെയ്യാന്‍ കഴിവുണ്ടായാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ വിവാഹം അവന്‍റെ ദൃഷ്ടി താഴ്ത്തിക്കളയുന്നതും ഗുഹ്യസ്ഥാനത്തെ നിര്‍മലമാക്കുന്നതുമാണ്. ആര്‍ക്കെങ്കിലും അതിന് സാധ്യമല്ലെങ്കില്‍ അവന്‍ വ്രതമാചരിക്കട്ടെ. കാരണം, അത് അവന് ഒരു പരിചയാണ്.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

2. നബി പറഞ്ഞു.'നാലു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ത്രീയെ വിവാഹം ചെയ്യുന്നത്. അവളുടെ ധനം, അവളുടെ തറവാട്, അവളുടെ സൗന്ദര്യം, അവളുടെ ഭക്തിജീവിതം. നീ ഭക്തയെ നേടാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിനക്ക് നാശം!''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

3. നബി അരുളി: വിവാഹാലോചനയുമായി നിങ്ങളെ സമീപിക്കുന്ന ഒരാളുടെ ദീനിനെക്കുറിച്ചും (ഭക്തിജീവിതം) സ്വഭാവത്തെക്കുറിച്ചും നിങ്ങള്‍ സംതൃപ്തനാണെങ്കില്‍ നിങ്ങള്‍ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുക. നിങ്ങള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ വലിയ നാശവും കുഴപ്പവും ഉണ്ടാകും. 

4. തിരുനബി അരുളി: 'ധനികരെ ക്ഷണിക്കുകയും ദരിദ്രരെ അവഗണിക്കുകയും ചെയ്യുന്ന വിവാഹസല്‍ക്കാരത്തിലെ ഭക്ഷണമാണ് ഏറ്റവും ചീത്തയായ ഭക്ഷണം. ആരെങ്കിലും ക്ഷണം നിരസിച്ചാല്‍, അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും  അവന്‍ ധിക്കരിച്ചു.  

5. നബി അരുളി: വിവാഹിതരാകുക. വിവാഹത്തോടെ ദീനിന്‍റെ (ഭക്തിജീവിതത്തിന്‍റെ) മൂന്നിലൊന്നു പൂര്‍ത്തിയായി.

6. നബി പറഞ്ഞു. 'വിശ്വാസിക്ക് അല്ലാഹുവോടുള്ള ഭക്തി കഴിച്ചാല്‍ പിന്നെ ഏറ്റവും ഗുണകരമായത് സുചരുതയായ ഭാര്യയാണ്. അവന്‍ കല്പിച്ചാല്‍ അവള്‍ അനുസരിക്കും. അവളെ നോക്കിയാല്‍ അവന്‍ സന്തുഷ്ടനാകും. അവളുടെ കാര്യത്തില്‍ ശപഥം ചെയ്താല്‍ അവള്‍ അതു പൂര്‍ത്തീകരിക്കും. അവന്‍റെ അഭാവത്തില്‍ അവള്‍ തന്‍റെ ശരീരവും ധനവും സംരക്ഷിക്കും.''

7. നബി പറഞ്ഞു: വിധവയെ വിവാഹം ചെയ്തുകൊടുക്കുന്നത് അവളുടെ സമ്മതത്തോടെയായിരിക്കണം. കന്യകയോടും വിവാഹവേളയില്‍ സമ്മതം വാങ്ങണം. മൗനം അവളുടെ സമ്മതമാണ്.