വിശ്വാസം

നബി വചനങ്ങള്‍

മാലാഖ

ഉമറുബ്‌നുല്‍ ഖത്വാബില്‍നിന്ന് നിവേദനം: നബിയോട് ജിബ്രീല്‍ ചോദിച്ചു: ഈമാന്‍ എന്നാല്‍ എന്താെണെന്ന് പറഞ്ഞുതന്നാലും! 

 തിരുദൂതര്‍ പറഞ്ഞു: അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും പരലോകത്തിലും വിശ്വസിക്കുക; ഗുണദോഷങ്ങളായ സകല കാര്യങ്ങളും അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെന്നും വിശ്വസിക്കുക. -സ്വഹീഹു മുസ്‌ലിം 

പ്രവാചകന്മാര്‍

1. തിരുനബി അരുളി: ഉത്തമമായ വചനം അല്ലാഹുവിന്റെ ഗ്രന്ഥവും ഉത്തമമായ ചര്യ മുഹമ്മദിന്റെ ചര്യയുമാണ്. 

(സ്വഹീഹു മുസ്‌ലിം)

2. തിരുനബി അരുളി: തന്റെ പിതാവിനേക്കാളും സന്താനത്തേക്കാളും മുഴുവന്‍ മനുഷ്യരേക്കാളും എന്നെ സ്‌നേഹിക്കുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല. 

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)

3. അംറുബ്‌നുല്‍ ആസ് നിവേദനം ചെയ്യുന്നു: 

നബി പറഞ്ഞു.''തന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നതിനെ പിന്തുടരുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസിയാവുകയില്ല.'' 

(മശ്കൂത്ത്)

4. അബ്ദുല്ലാഹില്‍ മുഗഫ്ഫലില്‍നിന്ന് നിവേദനം: ഒരാള്‍ നബിയുടെ അടുക്കല്‍ വന്നു പറഞ്ഞു. ''ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.'' നബി അയാളോട് പറഞ്ഞു.''നീ എന്താണ് പറയുന്നതെന്ന് നല്ലവണ്ണം ആലോചിക്കുക.'' 'അല്ലാഹുവാണ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു എന്ന് അയാള്‍ മൂന്നുതവണ പറഞ്ഞു. അപ്പോള്‍ തിരുനബി പറഞ്ഞു.''നീ പറഞ്ഞത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ ദാരിദ്ര്യത്തെ ചെറുക്കാനുള്ള പടയങ്കി നീ ഒരുക്കുക. മലവെള്ളം അതിന്റെ ലക്ഷ്യം പ്രാപിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ദാരിദ്ര്യം എന്നെ സ്‌നേഹിക്കുന്നവനെ പിടികൂടുന്നതാണ്.''-തിര്‍മിദി

5. ഒരു ദിവസം തിരുനബി അംഗസ്‌നാനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിനായി നബി ഉപയോഗിച്ച വെള്ളം അനുചരന്മാര്‍ തങ്ങളുടെ ശരീരത്തില്‍ പുരട്ടിക്കൊണ്ടിരുന്നു. അപ്പോള്‍ തിരുനബി ചോദിച്ചു.''ഇതിന് നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?'' 'അല്ലാഹുവിനോടും അവന്റെ തിരുദൂതരോടുമുള്ള സ്‌നേഹം.'' അവര മറുപടിയായി പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു.''അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹവും അവരിരുവര്‍ക്കും നിങ്ങളോടുള്ള സ്‌നേഹവും ഒരാളെ സന്തുഷ്ടനാക്കുന്നുവെങ്കില്‍ സംസരിക്കുമ്പോള്‍ അവന്‍ സത്യംമാത്രം പറയട്ടെ. വിശ്വസിച്ച് ഏല്‍പിക്കപ്പെട്ട വസ്തുക്കള്‍ യഥാവിധി തിരിച്ചുകൊടുക്കട്ടെ. അയല്‍വാസിയുമായി നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യട്ടെ.''

(മശ്കൂത്ത്)

ദൈവം

1. സുഫ്‌യാനുബ്‌നു അബ്ദില്ലായില്‍നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ''അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടല്ലാതെ മറ്റാരോടും ഞാന്‍ ചോദിക്കേണ്ടിവരാത്തവിധം എനിക്ക് ഇസ്‌ലാമിനെപ്പറ്റി ഒരു വിവരണം നല്കിയാലും' എന്ന് ഞാന്‍ നബിയോട് പറഞ്ഞു. തിരുനബി മറുപടി പറഞ്ഞു: ''അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് നീ പറയൂ. എന്നിട്ട് നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കൂ.''

2. അനസ് ഉദ്ധരിക്കുന്ന ഒരു നബി വചനം. അനസ് പറയുന്നു: അത്യുന്നതനായ ദൈവം ഇങ്ങനെ പറഞ്ഞതായി റസൂല്‍ പറയുന്നത് ഞാന്‍ കേട്ടു. ''ആദമിന്റെ പുത്രാ, നീ എന്നോട് പ്രാര്‍ഥിക്കുകയും എന്റെ കാരുണ്യം ആശിക്കുകയും ചെയ്യുന്ന കാലമത്രയും നിന്റെ പക്കല്‍നിന്ന് സംഭവിക്കുന്ന പാപങ്ങള്‍ ഗൗനിക്കാതെ ഞാന്‍ നിനക്ക് മാപ്പ് നല്‍കുന്നതാണ്. ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ ചക്രവാത്തോളമെത്തിയിട്ട് നീ എന്നോട് മാപ്പു ചോദിച്ചാലും ഞാന്‍ നിനക്ക് മാപ്പു നല്‍കുന്നതാണ്. ആദമിന്റെ പുത്രാ, ഭൂമിയോളം വരുന്ന കുറ്റങ്ങള്‍ ചെയ്തശേഷം നീ എന്റെയടുത്തു വന്നാലും എന്നോട് മറ്റൊന്നിനെയും (ദിവ്യത്വത്തിലും അധികാരത്തിലും) പങ്കു ചേര്‍ക്കാത്ത നിലയിലാണ് നീയെന്നെ കണ്ടുമുട്ടുന്നതെങ്കില്‍ ആ പാപങ്ങളുടെ അത്രതന്നെ പാപമോചനവുമായി ഞാന്‍ നിന്റെയടുത്തുവരുന്നതാണ്.''

(തിര്‍മിദി)

3.  തിരുനബി അരുള്‍ ചെയ്തു: ആര്‍ അല്ലാഹുവിനുവേണ്ടി സ്‌നേഹിക്കുകയും അല്ലാഹുവിനുവേണ്ടി കോപിക്കുകയും അല്ലാഹുവിനുവേണ്ടി കൊടുക്കുകയും അല്ലാഹുവിനുവേണ്ടി തടയുകയും ചെയ്യുന്നുവോ അവന്‍ തന്റെ ഈമാന്‍ പൂര്‍ത്തീകരിച്ചു. 

(സ്വഹീഹുല്‍ ബുഖാരി)

5. അബൂഹുറൈറ നിവേദനം ചെയ്യുന്നു. നബി പറഞ്ഞു: ''അല്ലാഹു നിങ്ങളില്‍ മൂന്നു കാര്യങ്ങള്‍ ഉണ്ടാകുന്നത് ഇഷ്ടപ്പെടുകയും മൂന്നു കാര്യങ്ങള്‍ ഉണ്ടാകുന്നത് വെറുക്കുകയും ചെയ്യുന്നു. അവന് ഇബാദത്ത് ചെയ്യുക, അവനില്‍ (അവന്റെ ദിവ്യത്വത്തില്‍) മറ്റാരെയും പങ്കാളികളാക്കാതിരിക്കുക, ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ ഒറ്റക്കെട്ടായി മുറുകെപ്പിടിക്കുക എന്നിവയാണ് അവന്‍ നിങ്ങള്‍ക്കായി ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങള്‍. കണ്ടതും കേട്ടതും കൊണ്ടുനടക്കുക, ചോദ്യങ്ങള്‍ പെരുപ്പിക്കുക, ധനം പാഴാക്കുക എന്നിവയത്രേ അവന്‍ വെറുക്കുന്ന കാര്യങ്ങള്‍.'' 

         (സ്വഹീഹു മുസ്‌ലിം) 

6. തിരുനബി (അബ്ദുല്‍ ഖൈസ് ഗോത്രത്തിന്റെ നായകന്മാരോട്) ചോദിച്ചു. ''അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുകയെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?'' അവര്‍ പറഞ്ഞു. ''അത് ഏറ്റവും നന്നായി അറിയുക അല്ലാഹുവിനും അവന്റെ ദൂതനും തന്നേ.'' അപ്പോള്‍ നബി അവര്‍ക്കു പറഞ്ഞുകൊടുത്തു. ''അല്ലാഹു ഒഴികെ ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് കൊടുക്കുക. റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക. ഇവയാണ് അവ.''

      (മശ്കൂത്ത്)


ആദര്‍ശം

ഉമറുബ്‌നുല്‍ ഖത്വാബില്‍നിന്ന് നിവേദനം: നബിയോട് ജിബ്രീല്‍ ചോദിച്ചു: ഈമാന്‍ എന്നാല്‍ എന്താെണെന്ന് പറഞ്ഞുതന്നാലും! 

 തിരുദൂതര്‍ പറഞ്ഞു: അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും പരലോകത്തിലും വിശ്വസിക്കുക; ഗുണദോഷങ്ങളായ സകല കാര്യങ്ങളും അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെന്നും വിശ്വസിക്കുക. -സ്വഹീഹു മുസ്‌ലിം 

 

പരലോകം

1. റസൂല്‍ പറഞ്ഞു.'നിങ്ങളില്‍ ഓരോരുത്തരുമായും ദ്വിഭാഷിയും മറയുമില്ലാതെ അ്‌ലാഹു നേരിട്ട് സംഭാഷണം നടത്തുന്നതാണ്. മനുഷ്യന്‍ തന്റെ വലതു ഭാഗത്തേക്ക് നോക്കുന്നു. (വല്ല സഹായിയുമുണ്ടോയെന്ന്) അവന്റൈ കര്‍മങ്ങളല്ലാതെ മറ്റൊന്നും അവന്‍ കാണുകയില്ല. അനന്തരം ഇടതുഭാഗത്തേക്ക് അവന്‍ നോക്കുന്നു. അവന്‍ തന്റെ കര്‍മങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. പിന്നീട് തന്റെ മുന്‍ഭാഗത്തേക്ക് നോക്കുന്നു. അവിടെ കണ്‍മുമ്പില്‍ നരകമല്ലാതെ മറ്റൊും അവന്‍ കാണുന്നില്ല. അതുകൊണ്ട് ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. '' 

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

2. നബി അരുളി,'ഇഹലോകവാസകളില്‍ ഏറ്റവും സമ്പനായ ഒരു നരകാവകാശിയെ അന്ത്യനാളില്‍ കൊണ്ടുവന്ന് നരകത്തില്‍ മുക്കിയെടുത്ത് മനുഷ്യാ നീ വല്ല നന്മയും കണ്ടിട്ടുണ്ടോ, വല്ല അനുഗ്രഹവും അനുഭവിച്ചിട്ടുണ്ടോ എന്ന് അവനോടു ചോദിക്കപ്പെടുന്നു. 'അല്ലാഹുവാണ, നാഥാ, ഇല്ല' എന്നവന്‍ പറയും. ഇഹലോകത്ത് വെച്ച് ഏറ്റവും ദുരിതമനുഭവിച്ച് ഒരു സ്വര്‍ഗാവകാശിയെ കൊണ്ടുവ് സ്വര്‍ഗത്തിലൊന്ന് മുക്കിയെടുത്ത് അവനോട് ചോദിക്കപ്പെടും. 'മനുഷ്യാ, നീ വല്ല ദുരിതവും കണ്ടിട്ടുണ്ടോ? വല്ല ജീവിതക്ലേശവും അനുഭവിച്ചിട്ടുണ്ടോ?' 'അല്ലാഹുവാണ, നാഥാ, യാതൊരു ദുരിതവും ഞാന്‍ അനുഭവിച്ചിട്ടില്ല, യാതൊരു ക്ലേശവും ഞാന്‍ കണ്ടിട്ടുല്ല എന്നവന്‍ പറയും.

(സ്വഹീഹു മുസ്‌ലിം)

3. നബി അരുളി.'ഞാന്‍ നരകാഗ്നിയേക്കാള്‍ ഭയാനകമായ മറ്റൊന്നും കണ്ടിട്ടില്ല. അതില്‍നിന്നും ഓടിയകലേണ്ടവന്‍ കിടന്നുറങ്ങുകയാണ്. സ്വര്‍ഗത്തേക്കാള്‍ ഉത്കൃഷ്ടമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല. അതിനെ തേടുന്നവനും കിടന്നുറങ്ങുകയാണ്.

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

4. നരകം ഇച്ഛാഭിലാഷങ്ങളാല്‍ വലയിതമാണ്. സ്വര്‍ഗം അനിഷ്ടകരമായ കാര്യങ്ങളാലും

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

5. ഇബ്‌നു ഉമര്‍ പറയുന്നു.'നബി എന്റെ ചുമലുകളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.'ഈ ലോകത്ത് നീയൊരു അപരിചിതനെപ്പോലെയാവുക. അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെ.'' (സ്വഹീഹു ബുഖാരി)

 

വിധിവിശ്വാസം

1. അബൂഖുസാമ തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു. 'ഞാന്‍ നബിയോട് ചോദിച്ചു.'പ്രവാചകരേ, ഞങ്ങള്‍ രോഗശമനാര്‍ഥം ഉപയോഗിക്കുന്ന മന്ത്രവും ഔഷധങ്ങളും ദുഃഖ ദുരിതങ്ങള്‍ അകറ്റാന്‍ വേണ്ടി ചെയ്യുന്ന മറ്റു രക്ഷാപ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ വല്ല വിധിയെയും മാറ്റുമോ? '' 

തിരുമേനി മറുപടിയായി പറഞ്ഞു. ' അതും അല്ലാഹുവിന്റെ വിധിയില്‍പ്പെട്ടതാണ്.''

(തിര്‍മിദി)

2. നബി പറഞ്ഞു.' ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന്റെയടുക്കല്‍ ഏറെ പ്രിയപ്പെട്ടവനുമാണ്. എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരപ്രദമായ കാര്യത്തില്‍ അതീവ താല്‍പര്യം കാണിക്കുക. അല്ലാഹുവിനോട് സഹായമര്‍ഥിക്കുകയും ചെയ്യുക. നീ ദുര്‍ബലനാവരുത്. നിനക്ക് വല്ല ആപത്തും വന്നാല്‍, ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍,ഇങ്ങനെ വരുമായിരുന്നു എന്നൊന്നും നീ പറയരുത്. മറിച്ച്, അല്ലാഹു (എല്ലാം) വിധിച്ചിരിക്കുന്നു, അവന്‍ ഉദ്ദേശിച്ചത് ചെയ്യും എന്നു നീ പറയുക. കാരണം, അങ്ങനെയായിരുന്നെങ്കില്‍ എന്ന പ്രയോഗം പിശാചിന്റെ ചെയ്തികള്‍ക്കുള്ള വാതില്‍ തുറക്കുന്നു.

(മശ്കൂത്ത്)

3.  അബൂ അ്ബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞു: സത്യസന്ധനും വിശ്വസ്തനുമായ പ്രവാചകന്‍ ഞങ്ങളെ അറിയിച്ചിരിക്കുന്നു. ' നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടി നാല്‍പത് ദിവസം തന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ രേതസ്‌കണമായി നിലകൊള്ളുന്നു. പിന്നീട് അത്രതന്നെ കാലം ഒട്ടിപ്പിടിച്ച വസ്തുവായും. തുടര്‍ന്ന്‍ മാംസക്കഷ്ണമായും അത്രതന്നെ സ്ഥിതിചെയ്യുന്നു പിന്നീട് അതില്‍ ജീവചൈതന്യം സന്നിവേശിപ്പിക്കാന്‍ മലക്ക് നിയോഗിക്കപ്പെടുന്നു. ഭക്ഷണം, ജീവിതാവധി, പ്രവര്‍ത്തനം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍, എന്നീ നാലുകാര്യങ്ങള്‍ രേഖപ്പെടുത്താന്‍ മലക്ക് ആജ്ഞാപിക്കപ്പെടുകയും ചെയ്യുന്നു. അല്ലാഹുവാണ, അവനല്ലാതെ ഒരു ഇലാഹുമില്ല. നിങ്ങളിലൊരാള്‍ സ്വര്‍ഗാവകാശിയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. അങ്ങനെ അവനും സ്വര്‍ഗവും തമ്മില്‍ ഒരു മുഴം അകലമേയുള്ളൂ എന്ന നില വരും. അപ്പോള്‍ വിധി അവനെ മുന്‍കടക്കും. അവന്‍ നരകവാസിയുടെ കര്‍മങ്ങള്‍ അനുഷ്ഠിക്കും. അങ്ങനെ അതില്‍ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിലൊരാള്‍ നരകാവകാശിയുടെ കര്‍മരീതി പിന്തുടരും. അങ്ങനെ അവനും നരകത്തിനുമിടയില്‍ അകലം ഒരു മുഴം മാത്രം എന്ന നിലവരും. അപ്പോള്‍ വിധി അവനെ മറികടക്കും. സ്വര്‍ഗവാസിയുടെ കര്‍മങ്ങള്‍ അവന്‍ കൈകൊള്ളും. അതുവഴി അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം) 

 

വേദം

1. റസൂല്‍ പറഞ്ഞു; വിശുദ്ധ ഖുര്‍ആന്‍ ഹലാല്‍ (അനുവദനീയം), ഹറാം (നിഷിദ്ധം), മുഹ്കം (ഭദ്രം), മുതശാബിഹ് (സദൃശമായത്)അംഥാല്‍ (ഉപമകള്‍) എന്നിങ്ങനെ അഞ്ചു വിധത്തിലാണ് അവതരിച്ചിരിക്കുന്നത്. അതിനാല്‍, അനുവദനീയമായതിനെ അനുവദനീയമയും നിഷിദ്ധമായതിനെ നിഷിദ്ധമായും നിങ്ങള്‍ അംഗീകരിക്കുക. ഭദ്രമായതിനെ അനുഷ്ഠിക്കുകയും സദൃശമായതിനെ വിശ്വസിക്കുകയും ചെയ്യുക. ഉപമകളില്‍നിന്ന് പാഠമുള്‍ക്കൊള്ളുക.

(മശ്കൂത്ത്)

2. റസൂല്‍ പറഞ്ഞു. 'അല്ലാഹു നിര്‍ബന്ധവിധികള്‍ നല്കിയിരിക്കുന്നു. അവയെ നിങ്ങള്‍ പാഴാക്കരുത്. ചില കാര്യങ്ങള്‍ അവന്‍ നിരോധിച്ചിട്ടുണ്ട്. അത് ലംഘിക്കരുത്. ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അവയെ നിങ്ങള്‍ മറികടക്കരുത്. ബോധപൂര്‍വം തന്നെ ചില കാര്യങ്ങളെക്കുറിച്ച് മൗനം പാലിച്ചിട്ടുണ്ട്. അവയെക്കുറിച്ച് അന്വേഷിക്കരുത്. 

(മശ്കൂത്ത്)

3. സിയാദുബ്‌നു ലബീദില്‍നിന്ന് നിവേദനം: നബി അല്‍പനേരം എന്തോ ഓര്‍ത്തശേഷം ഇങ്ങനെ പറഞ്ഞു.'അറിവ് നഷ്ടപ്പെടുന്ന വേളയിലാണ് അതുണ്ടാവുക.'' 

ഞാന്‍ ചോദിച്ചു. 'പ്രവാചകരേ, എങ്ങനെയാണ് അറിവ് നഷ്ടപ്പെടുക? ഞങ്ങള്‍ ഖുര്‍ആന്‍ പഠിക്കുന്നു. ഞങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കുന്നു. അവര്‍ തങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കുന്നു പിന്നെയെങ്ങനെ നഷ്ടപ്പെടാനാണ് അറിവ്? ''

പ്രവാചകന്‍ പറഞ്ഞു.'അയ്യോ സിയാദ്! താങ്കളെ മദീനയിലെ അല്പം വിവരമുള്ള ഒരാളായാണ് ഞാന്‍ കാണുന്നത്. ഈ ജൂതന്മാരും ക്രിസ്ത്യാനികളും തൗറാത്തും ഇഞ്ചീലും പാരായണം ചെയ്യുന്നു. അവയിലുള്ളതൊന്നും അനുഷ്ഠിക്കുന്നുമില്ല.'' 

   (ഇബ്‌നു മാജ)

പ്രവാചകന്മാര്‍

പ്രവാചകന്മാര്‍

പ്രവാചകന്‍ പറഞ്ഞു.'എന്റെയും എനിക്കുമുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെയും ഉപമ. അതിമനോഹരമായ ഒരു ഭവനം പടുത്തുയര്‍ത്തിയവനെപ്പോലെയാണ്. അയാള്‍ വീട് ന്നനായി പണിതു മോടിപിടിപ്പിച്ചു. അവിടേക്ക് വന്ന സന്ദര്‍ശകരെ അതു വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ, അതില്‍ സ്ഥാപിക്കാന്‍ ഒരു ഇഷ്ടികകൂടി ബാക്കിയുണ്ടല്ലോ എ് അവര്‍ അഭിപ്രായപ്പെട്ടു. ഞാനാകുന്നു ആ ഇഷ്ടിക.ഞാനാണ് അന്ത്യപ്രവാചകൻ  

അന്ത്യപ്രവാചകന്‍.