രാഷ്ട്രീയവ്യവസ്ഥ

നബി വചനങ്ങള്‍

ഭരണാധികാരി

1. തിരുനബി അരുളി: മൂന്നു പേര്‍ ഒരു യാത്രയിലാണെങ്കില്‍ അവര്‍ തങ്ങളില്‍ ഒരാളെ നേതാവാകട്ടെ.

(അബൂദാവൂദ്)

2. അംറിന്റെ മകന്‍ അബ്ദുല്ല എന്ന അനുചരന്റെ വാക്കുകള്‍: നബി അരുളി. ''മൂന്നു പേര്‍. അവര്‍ ഒരു വിജനപ്രേദേശത്തത്താണെങ്കിലും തങ്ങളില്‍നിന്ന് ഒരാളെ അമീറാക്കാതിരിക്കാന്‍ അവര്‍ക്ക് പാടില്ല.''

  (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

3. തിരുനബി അരുളി. ''പിശാച് മനുഷ്യരെ വേട്ടയാടുന്ന ചെന്നായയാണ്. കൂട്ടംെതറ്റി ഒറ്റപ്പെട്ട ആടിനെ ചെന്നായ പിടിക്കുന്നതുപോലെ പിശാച് മനുഷ്യനെ വേട്ടയാടുന്നു. അതിനാല്‍ നിങ്ങള്‍ ഒറ്റപ്പെടുന്നത് സൂക്ഷിക്കുക. നിങ്ങള്‍ സംഘടനയുടെയും ബഹുജനങ്ങളുടെയും കൂടെയാവുക.''

(മശ്കൂത്ത്)

4. തിരുനബി അരുളി. ''അറിയുക. നിങ്ങളോരോരുത്തരും മേല്‍നോട്ടക്കാരാണ്. തങ്ങളുടെ മേല്‍നോട്ടത്തിലുള്ളവരെക്കുറിച്ചു നിങ്ങള്‍ ചോദിക്കപ്പെടും. പുരുഷന്‍ തന്റെ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനാണ്. തന്റെ മേല്‍നോട്ടത്തിലുള്ളവരെക്കുറിച്ച് അവന്‍ ചോദിക്കപ്പെടും. സ്ത്രീ അവളുടെ ഭര്‍തൃഗൃഹത്തിന്റെയും സന്താനങ്ങളുടെയും മേല്‍നോട്ടക്കാരാണ്. തന്റെ മേല്‍നോട്ടത്തിലുള്ളവരെക്കുറിച്ച് അവളും ചോദിക്കപ്പെടും.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

5. യസാറിന്റെ മകന്‍ മഅ്ഖില്‍ എന്ന അനുചരന്‍ പറയുന്നു: തിരുദൂതര്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. ''ഒരാള്‍ മുസ്‌ലിംകളുടെ കാര്യങ്ങളില്‍ ഉത്തരവാദിത്വം ഏല്‍ക്കുകയും എന്നിട്ട് അവരെ വഞ്ചിക്കുകയുമാണെങ്കില്‍ അല്ലാഹു അയാള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

6. യസാറിന്റെ മകന്‍ മഅ്ഖില്‍ എന്ന അനുചരന്‍ പറയുന്നു: തിരുനബി അരുള്‍ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. ''ഒരാള്‍ മുസ്‌ലിംകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും എന്നിട്ട് അവരോട് ഗുണകാംക്ഷ കാണിക്കാതിരിക്കുകയും അവരുടെ കാര്യത്തിന് സ്വന്തം കാര്യത്തിന് അധ്വാനിക്കുന്നതുപോലെ അധ്വാനിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു അവനെ നരകത്തില്‍ മുഖം കുത്തിവീഴ്ത്തും.''

(ത്വബ്‌റാനിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

7. തിരുനബി അരുളി: കുറ്റകരമായ കാര്യം കല്പിക്കപ്പെടാത്തേടത്തോളം കാലം ഭരണാധികാരികളുടെ വാക്കു കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യല്‍ മുസ്‌ലിമിന് നിര്‍ബന്ധമാണ്. അതവന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഇനി കുറ്റകരമായ കാര്യങ്ങള്‍ ആജ്ഞാപിക്കപ്പെട്ടാല്‍ കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടതില്ല.

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)

8. ഇബ്‌നു ഉമറില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് വാക്യം: പ്രവാചകന്‍ പറഞ്ഞു. '' അമീറിനുള്ള അനുസരണം പിന്‍വലിക്കുന്നവന് അന്ത്യനാളില്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന അവസരത്തില്‍ തനിക്ക് അനുകൂലമായി യാതൊന്നുമുണ്ടാവില്ല. അനുസരണപ്രതിജ്ഞയുടെ ബാധ്യതയില്ലാതെ ('തന്റെ കണ്ഠത്തില്‍ അനുസരണപ്രതിജ്ഞയില്ലാത്തവന്‍' എന്ന് വാക്യാര്‍ഥം) മരിച്ചവന്‍ ജാഹിലിയ്യാമരണം (അജ്ഞാതകാലത്തെ അവസ്ഥയിലുള്ള മരണം) വരിച്ചു.''

(സ്വഹീഹു മുസ്‌ലിം)

9. തിരുനബി പറഞ്ഞതായി ഖലീഫ അലി ഉദ്ധരിക്കുന്നു. ''തെറ്റായ കാര്യങ്ങളില്‍ അനുസരണമില്ല. നന്മയില്‍ മാത്രമാണ് അനുസരണം.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

10. അബൂസഈദില്‍ ഖുദ്‌രി എന്ന അനുചരന്‍ തിരുനബിയില്‍നിന്ന് ഉദ്ധരിക്കുന്നു. ''നേര്‍മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകുന്ന ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നുപറയലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്.''

(സ്വഹീഹു മുസ്‌ലിം)

ശൂറ

എന്റെ സമുദായത്തിലെ ദൈവഭക്തരും അനുസരണബോധമുള്ളവരുമായ ആളുകളെ വിളിച്ചുകൂട്ടി പ്രശ്‌നം അവരുടെ കൂടിയാലോചനക്ക് വിടുക. ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കരുത്.

( ബുഖാരി )

മതസ്വാതന്ത്ര്യം

1. തിരുനബി അരുളി: 

തിരുനബി അരുളി: ആരെങ്കിലും കരാറിലേര്‍പ്പെട്ട അമുസ്‌ലിം പൗരനെ അക്രമിക്കുകയോ അവന്റെ അവകാശം ഹനിക്കുകയോ അവന്റെ കഴിവിനപ്പുറമുള്ള ഭാരം ചുമത്തുകയോ അവന്റെ വല്ല സാധനവും സമ്മതമില്ലാതെ എടുക്കുകയോ ചെയ്താല്‍ അന്ത്യദിനത്തില്‍ ഞാന്‍ ആ അമുസ്‌ലിമിന്റെ വാദിയായിരിക്കും.

(അബൂദാവൂദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)


പ്രതിരോധം

അബ്ദുല്ല ബ്‌നു മസ്ഊദില്‍ നിന്ന് : മുഹമ്മദ് നബി സത്യനിഷേധികള്‍ക്കെതിരെ സൈനിക സന്നാഹത്തിന് ആഹ്വാനം ചെയ്യവെ പ്രവാചക അനുയായി മിഗ്ദാദ് നബി സന്നിധിയില്‍ വന്ന് പ്രഖ്യാപിച്ചു നീയും നിന്റെ നാഥനും പോയി യുദ്ധം ചെയ്യുകയെന്ന് മൂസ നബിയോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞത് പോലെ താങ്കളോട് ഞങ്ങള്‍ പറയുകയില്ല മറിച്ച് താങ്കളുടെ വലത്തും ഇടത്തും മുന്നിലും പിന്നിലും അണിനിരന്ന് ഞങ്ങള്‍ പൊരുതും തദവസരം നബി സന്തോഷിക്കുന്നതും തിരുമുഖം പ്രസന്നമാകുന്നതും ഞാന്‍ കണ്ടു

( സഹീഹുല്‍ ബുഖാരി )

സച്ചരിതരായ ഖലീഫമാര്‍

1. യസീദുബ്‌നു അബീസുഫ്‌യാന്‍ പറയുന്നു. ഖലീഫ അബൂബക്കര്‍ എന്നെ ശാമിലേക്ക് പട്ടാളമേധാവിയായി നിയോഗിച്ചപ്പോള്‍ പറഞ്ഞു. ''യസീദ്! നിനക്ക് ചില ബന്ധുക്കളുണ്ട്. നേതൃത്വത്തില്‍ നി അവര്‍ക്ക് മുന്‍ഗണന നല്കിയേക്കും. അതാണ് ഞാന്‍ നിന്നെക്കുറിച്ചു കൂടുതല്‍ ഭയപ്പെടുന്ന കാര്യം. പ്രവാചകന്‍ പറഞ്ഞിരിക്കുന്നു: മുസ്‌ലിംകളുടെ ഭരണച്ചുമതല ഏറ്റെടുക്കുന്നവര്‍ സ്‌നേഹബന്ധത്തിന്റെ പേരില്‍ ചിലരെ അവരുടെ മേല്‍ അധികാരികളായി നിയമിക്കുന്ന പക്ഷം അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാകും. അല്ലാഹു അവനില്‍നിന്ന് യാതൊരു പശ്ചാത്താപവും പ്രായശ്ചിത്തവും സ്വീകരിക്കുന്നതല്ല. അങ്ങനെ അല്ലാഹു അവരെ നരകത്തില്‍ പ്രവേശിപ്പിക്കും.''

(കിതാബുല്‍ ഖറാജ് എന്ന ഗ്രന്ഥത്തില്‍നിന്ന്)

2. ഉമൈസിന്റെ മകള്‍ അസ്മാഅ് എന്ന വനിത പറയുന്നു. അബൂബക്കര്‍ ഉമറിനോട് പറഞ്ഞു. ''അല്ലയോ ഖത്താബിന്റെ മകനേ, ഞാന്‍ എന്റെ പിന്നില്‍ ഉപേക്ഷിച്ചുപോകുന്നവരോടുള്ള വാത്സല്യം മുന്‍നിര്‍ത്തി താങ്കളെ ഖലീഫയായി തെരഞ്ഞെടുത്തിരിക്കുന്നു. താങ്കള്‍ തിരുനബിയുമായി സഹവസിച്ചു. തിരുനബി സ്വന്തത്തേക്കാള്‍ നമുക്കും അവിടുത്തെ കുടുംബത്തേക്കാള്‍ നമ്മുടെ കുടുംബത്തിനും എപ്രകാരം മുന്‍ഗണന നല്‍കിയിരുന്നുവെന്ന് താങ്കള്‍ കണ്ടിട്ടുണ്ട്. എത്രേത്താളമെന്നാല്‍, തിരുനബിയില്‍നിന്ന് നമുക്കു ലഭിച്ചിരുന്നതില്‍ മിച്ചം വരുന്നത് അവിടുത്തെ കുടുംബത്തിന് നാം സമ്മാനമായി കൊടുത്തയയ്ക്കാറുണ്ടായിരുന്നു.''

(കിതാബുല്‍ ഖറാജ് എന്ന ഗ്രന്ഥത്തില്‍നിന്ന്)

3. ഖലീഫാ ഉമര്‍ പ്രസംഗിച്ചുകൊണ്ട് പറഞ്ഞു. ''ജനങ്ങളേ, അസാന്നിധ്യത്തില്‍ ഗുണകാംക്ഷകാണിക്കുകയും സല്‍പ്രവൃത്തികളില്‍ സഹായിക്കുകയും ചെയ്യുക. എനിക്ക് നിങ്ങളുടെ മേലുള്ള അവകാശമാണത്. ഉത്തരവാദപ്പെട്ടവരേ, നേതാവിന്റെ വിവേകത്തേക്കാളും സൗമ്യതയേക്കാളും അല്ലാഹുവിന് പ്രിയംകരവും വലിയ ഉപകാരവുമുള്ള മറ്റൊരു വിവേകവുമില്ല. നേതാവിന്റെ അവിവേകത്തേക്കാള്‍ അല്ലാഹുവിന് ഏറ്റവും കോപകരവും ഏറെ ഉപകാരപ്രദവുമായ മറ്റൊരു അവിവേകവും സ്വഭാവദൂഷ്യവുമില്ല.''

(കിതാബുല്‍ ഖറാജ് എന്ന ഗ്രന്ഥത്തില്‍നിന്ന്)