സാമ്പത്തികം

നബി വചനങ്ങള്‍

സാമ്പത്തികവികസനം

1. തിരുനബി പറഞ്ഞു: എല്ലാ സമൂഹങ്ങള്‍ക്കും ഒരു പരീക്ഷണവസ്തുവുണ്ട്. എന്‍റെ സമുദായത്തിന്‍റെ  പരീക്ഷണവസ്തു സമ്പത്താണ്.

(സുനനുത്തിര്‍മിദി എന്ന ഹദീസ്ഗ്രന്ഥത്തില്‍നിന്ന്) 

2. നബി പറഞ്ഞു. 'അല്ലാഹുവാണ് സത്യം. നിങ്ങള്‍ക്ക് ദാരിദ്ര്യം ബാധിക്കുതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. ഞാന്‍ പേടിക്കുന്നത്  മുന്‍ഗാമികള്‍ക്കുണ്ടായിരുന്നതുപോലുള്ള സമ്പദ്‌സമൃദ്ധി നിങ്ങള്‍ക്കുമുണ്ടാകുന്നതിനെയാണ്. അങ്ങനെ നിങ്ങള്‍ മാത്സര്യത്തിലാകും. മുന്‍ഗാമികള്‍ കിടമത്സരം നടത്തിയപോലെ. അങ്ങനെ നിങ്ങള്‍ നശിക്കും; അവര്‍ നശിച്ചതുപോലെ.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

3. അലി പറയുന്നു: ഞങ്ങള്‍ തിരുനബിയുടെ കൂടെ പള്ളിയില്‍ ഇരിക്കുകയാണ്. അപ്പോള്‍ മിസ്അബ് ഇബ്‌നു ഉമൈര്‍ ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നു. തോലുകൊണ്ട് കഷ്ണം വെച്ച ഒരു പുതപ്പല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ ദേഹത്തില്ലായിരുന്നു. അതുകണ്ട നബി അദ്ദേഹത്തിന്‍റെ മുമ്പത്തെ സുസ്ഥിതിയും ഇപ്പോഴത്തെ അവസ്ഥയും ഓര്‍ത്ത് കരഞ്ഞുപോയി. പിന്നീട് അവിടുന്ന് ചോദിച്ചു. 'നിങ്ങളിലൊരാള്‍ രാവിലെ ഒരു വസ്ത്രവും വൈകു്രംന്നേ മറ്റൊരു വസ്ത്രവും ധരിക്കുകയും മുമ്പില്‍നിന്ന് ഒരു ഭക്ഷണത്തളിക മാറ്റുമ്പോഴേക്ക് മറ്റൊന്ന്   കൊണ്ടുവന്ന് വെക്കുകയും നിങ്ങളുടെ വീടുകള്‍ക്ക് കഅ്ബയുടേതിന് സമാനമായ വിരിയും മറയുമുണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ടാകുന്നതിനെ കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു?'' 

അവര്‍ പറഞ്ഞു. 'അല്ലാഹുവിന്‍റെ ദൂതരേ, അന്നു ഞങ്ങള്‍ക്ക് ഇന്നത്തേതിനേക്കാള്‍ എത്രയോ നല്ല അവസ്ഥയായിരിക്കും! ആരാധനയ്ക്കായി ഞങ്ങള്‍ക്ക് ഒഴിഞ്ഞിരിക്കാമല്ലോ. ഞെരുക്കം തീരുകയും ചെയ്യും.'' 

അപ്പോള്‍ നബി പറഞ്ഞു. 'അല്ല, അന്നത്തേതിനേക്കാള്‍ ഇപ്പോഴത്തെ അവസ്ഥയാണ് നിങ്ങള്‍ക്ക് നല്ലത്.''

(സുനനുത്തിര്‍മിദി)

4. നബി പറഞ്ഞു. 'മനുഷ്യന് ഒരു കുന്ന് സമ്പത്ത് കി്യാട്ടില്‍ മറ്റൊന്നുകൂടി കിട്ടിയെങ്കില്‍ എന്ന് അവന്‍ കൊതിക്കും. രണ്ടെണ്ണം ലഭിച്ചാല്‍ മൂന്നാമതൊന്നിനായിരിക്കും പിന്നെ ആഗ്രഹം. മനുഷ്യന്‍റെ വയറു നിറക്കാന്‍ മണ്ണിനല്ലാതെ ആവില്ല.''

5. നബി പറഞ്ഞു.'ഒരു ആത്മാവും അതിന്‍റെ അന്നം കിട്ടാതെ മരിക്കുകയില്ല. അതിനാല്‍ ദൈവത്തെ ഭയപ്പെട്ടു നിലകൊള്ളുക. ഉപജീവനത്തിന് നല്ല മാര്‍ഗങ്ങള്‍മാത്രം തേടുക. ആഹാരം ലഭിക്കുന്നതിലുള്ള കാലതാമസം ദൈവത്തെ ധിക്കരിക്കുന്ന വഴികളിലേക്ക് നിങ്ങളെ നയിക്കാതിരിക്കട്ടെ. ദൈവത്തിങ്കലുള്ളന്നതെന്തും നമുക്ക് ലഭിക്കുക അവനെ അനുസരിക്കുന്നതിലൂടെയാണ്.''

 

 

ഉടമസ്ഥത

1. ശുഐബിന്‍റെ മകന്‍ അംറ് എന്ന അനുചരന്‍ പറയുന്നു. 'ഒരു രാത്രി കഠിനമായ അസ്വാസ്ഥ്യം കാരണം നബിക്ക് ഉറക്കം വന്നില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു. 'പ്രവാചകരേ, താങ്ങള്‍ക്ക് ഉറക്കം വരാത്തതെന്താണ്?'' 

അതുകേട്ട നബി പറഞ്ഞു. ''വീണുകിടക്കുന്ന ഒരു കാരക്ക കണ്ടപ്പോള്‍ ഞാനതെടുത്തു ഭക്ഷിച്ചു. പിന്നീട് ഞാനോര്‍ത്തു. എന്‍റെ പക്കല്‍ സകാത്ത് മുതലില്‍പെട്ട കാരക്കയുണ്ട്. ഞാന്‍ ഭക്ഷിച്ചത് ആ കാരക്കയില്‍പ്പെട്ട വല്ലതുമാണോ അതോ എന്‍റെ കുടുംബത്തിന്‍റെ കൈവശമുള്ളതാണോ? ഈ ചിന്തയാണ് എന്‍റെ ഉറക്കം നഷ്ടപ്പെടുത്തുന്നത്.''

(അഹ്മദിന്റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞു. 'കുറ്റകരമായ രീതിയില്‍ ഒരാള്‍ പണം സമ്പാദിക്കുകയും എന്നിട്ട് അതുപയോഗിച്ചു കുടുംബബന്ധങ്ങള്‍ ചേര്‍ക്കുകയും ദാനധര്‍മങ്ങള്‍ നടത്തുകയും ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്താല്‍പ്പോലും അന്ത്യനാളില്‍ അതെല്ലാം ഒരുമിച്ചുകൂട്ടി അല്ലാഹു അയാളെ നരകത്തില്‍ എറിയുന്നതായിരിക്കും.''

(അബൂദാവൂദിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

3. നബി പറഞ്ഞു. 'തരിശുനിലം ദൈവത്തിനും അവന്‍റെ ദൂതനും ഉള്ളതാണ്. പിന്നെ ഞാന്‍ വഴി നിങ്ങള്‍ക്കും. അതിനാല്‍ ആരെങ്കിലും തരിശുനിലം ജീവിപ്പിച്ചാല്‍ അത് അവന് അവകാശപ്പെട്ടതാണ്. ഭൂമി മൂന്നുകൊല്ലം തരിശിട്ടാല്‍ അതിന്റെ അവകാശം നഷ്ടപ്പെടും.''

4. നബി പറഞ്ഞു.: ആരെങ്കിലും അന്യായമായി ഒരു ചാണ്‍ ഭൂമി കൈയേറിയാല്‍ അന്ത്യനാളില്‍ ദൈവം അവനെ ഏഴു ഭൂമികള്‍ കൊണ്ട് മാല ചാര്‍ത്തും.''

5. നബി പറഞ്ഞു. 'വെള്ളം, പുല്ല്, തീ എന്നീ മൂന്ന് വസ്തുക്കളിള്‍ മുസ്‌ലിംകള്‍ പങ്കാളികളാണ്.''

6. നബി അരുളി: അറിഞ്ഞുകൊള്ളുക. നിങ്ങള്‍ അതിക്രമം കാണിക്കരുത്. ഉടമസ്ഥന്‍ സന്തോഷപൂര്‍വം (സമ്മതപൂര്‍വം) നല്‍കിയാലല്ലാതെ ആരുടെയും ധനം അനുവദനീയമല്ല.    (ബൈഹഖി)

സാമ്പത്തികപ്രവര്‍ത്തനം

1. നബി പറഞ്ഞു: തനിക്ക് ആവശ്യമുള്ളതിലും വലിയ വീട് ഒരാള്‍ നിര്‍മിച്ചാല്‍ അന്ത്യദിനത്തില്‍ അയാള്‍ അത് ചുമലിലേറ്റേണ്ടിവരും.

(ത്വബ്‌റാനിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

2. തിരുനബി പറഞ്ഞതായി അബ്ദുല്ലയുടെ മകന്‍ ജാബിര്‍ പറയുന്നു: അല്ലാഹു ഒരാള്‍ക്ക് നാശം ഉദ്ദേശിച്ചാല്‍ കളിമണ്ണിലും ഇഷ്ടികക്കട്ടകളിലും അയാള്‍ക്ക് കമ്പം ജനിക്കും. അങ്ങനെ അയാള്‍ വീടുനിര്‍മാണത്തില്‍ മുഴുകും. 

3. മഅ്ദീകരീബിന്‍റെ മകന്‍ മിഖ്ദാദ് എന്ന അനുചരന്‍ പറയുന്നു: പ്രവാചകന്‍ പ്രഖ്യാപിച്ചിരിക്കുന്നു. 'സ്വന്തം കൈകൊണ്ട് വേല ചെയ്ത് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ആഹാരം ആരും തന്നെകഴിക്കുന്നില്ല. അല്ലാഹുവിന്‍റെ പ്രവാചകന്‍ ദാവൂദ് തന്‍റെ കൈ അധ്വാനിച്ചതാണ് ആഹരിച്ചിരുന്നത്.'' 

(സ്വഹീഹുല്‍ ബുഖാരി)

4. നബി പറഞ്ഞു.'പൂഴ്ത്തിവെക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്.''

  (ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

5. തിരുദൂതര്‍ പറഞ്ഞതായി സുബൈറുബ്‌നുല്‍ അവാം എന്ന അനുചരന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: നിങ്ങളിലൊരുവന്‍ കയറുമായി മല കയറി, മുതുകില്‍ ഒരു കെട്ട് വിറക് ചുമന്നുകൊണ്ടുവന്ന്   അത് വില്‍ക്കുകയും അങ്ങനെ അല്ലാഹു അവന്‍റെ മുഖത്തെ സ്വതന്ത്രമാക്കുകയും ചെയ്യുന്നത് ജനങ്ങളോട് യാചിക്കുന്നതിനേക്കാള്‍ എത്രയോ ഉത്തമമാണ്. അവര്‍ ഭിക്ഷ കൊടുത്താലും ഇല്ലെങ്കിലും.

(സ്വഹീഹുല്‍ ബുഖാരി)

6. തിരുനബി പറയുന്നു. 'സന്ധ്യയാകുമ്പോള്‍ കായികാധ്വാനംകൊണ്ട് ക്ഷീണിക്കുന്നവന്‍ പാപങ്ങള്‍ പൊറുക്കപ്പെട്ടവനായിത്തീരുന്നു.''

7. തിരുനബി പറയുന്നു. 'ചില പാപങ്ങളുണ്ട്. നമസ്‌കാരവും ദാനധര്‍മങ്ങളും ഹജ്ജും അവയ്ക്ക് പ്രായശ്ചിത്തമാവുകയില്ല. എന്നാല്‍ ഉപജീവനം തേടുന്നത് അവയ്ക്ക് പ്രായശ്ചിത്തമാകുന്നു.''

8. പ്രവാചകന്‍ പറയുന്നു. 'അല്ലാഹു തൊഴിലാളിയായ ദാസനെ ഇഷ്ടപ്പെടുന്നു. തന്‍റെ കുടുംബത്തിനുവേണ്ടി ജോലി ചെയ്തു ക്ഷീണിച്ചവന്‍ പ്രതാപവാനും മഹാനുമായ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പട പൊരുതുന്നവനെപ്പോലെയാകുന്നു.''

9. പ്രവാചകന്‍ പറയുന്നു. ' നിങ്ങള്‍ പ്രഭാതപ്രാര്‍ഥന നിര്‍വഹിച്ചാല്‍ ആഹാരത്തിനായി അധ്വാനിക്കാതെ ഉറങ്ങരുത്.''

10. ഒരു ചെറുപ്പക്കാരന്‍ ജീവിതായോധനത്തിനായി പരക്കം പായുതുന്നകണ്ട് ജനം പറഞ്ഞു. 'ഇയാളുടെ ഈ ബദ്ധപ്പാട് ദൈവമാര്‍ഗത്തിലായിരുന്നെങ്കില്‍!'' അപ്പോള്‍ പ്രവാചകന്‍ അരുളി. ' അയാള്‍ തന്‍റെ കൊച്ചുങ്ങള്‍ക്കുവേണ്ടിയാണ് നെട്ടോട്ടമോടുന്നതെങ്കില്‍ അതും ദൈവത്തിന്‍റെ പ്രിയമാര്‍ഗത്തിലുള്ള ത്യാഗം തന്നെ, സ്വന്തം ഐശ്വര്യത്തിനുവേണ്ടിയാണെങ്കിലും അയാള്‍ ദൈവമാര്‍ഗത്തില്‍ത്തന്നെ, കുടുംബത്തിന്‍റെ നിലനില്‍പ്പിനുവേണ്ടിയാണെങ്കിലും ദൈവമാര്‍ഗത്തില്‍ത്തന്നെ എന്നാല്‍ വമ്പു കാട്ടാനും സ്വത്ത് കുന്നുകൂട്ടാനുമുള്ള ആസക്തിയാണ് അതിന്‍റെ പിന്നിലെങ്കില്‍ അയാള്‍ സാത്താന്‍റെ പാതയിലാണ്.''

11. ഖദീജിന്‍റെ മകന്‍ റാഫിഅ് പറയുന്നു: ഒരാള്‍ തിരുനബിയോട് ചോദിച്ചു. 'ദൈവദൂതരേ, ഏറ്റവും ഉത്തമമായ സമ്പാദ്യം ഏതാണ്?'

അവിടുന്ന് മറുപടി പറഞ്ഞു. 'മനുഷ്യന്‍ തന്‍റെ സ്വന്തം കൈകൊണ്ട് ചെയ്യുന്ന ജോലിയും സത്യസന്ധമായ എല്ലാ കച്ചവടവും.''

(മശ്കൂത്ത് എന്ന ഹദീസ്ഗ്രന്ഥത്തില്‍നിന്ന്)

12. നബി അരുളി: സത്യസന്ധനായ കച്ചവടക്കാരന്‍ അന്ത്യനാളില്‍ പ്രവാചകന്മാരുടെയും സച്ചരിതരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും.

  (തിര്‍മിദിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

13. നബി അരുളി: വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും കടം ഈടാക്കുമ്പോഴും വിട്ടു വീഴ്ചയോടുകൂടി പെരുമാറുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കുന്നു.

(സ്വഹീഹൂല്‍ ബുഖാരി).

പലിശ

 1. അബൂഹുറൈറ എന്ന അനുചരന്‍ തിരുനബി പറഞ്ഞതായി അറിയിക്കുന്നു. 'ജനങ്ങള്‍ക്ക് ഒരു കാലം വരും. അന്ന് അവര്‍ പലിശ തിന്നവരായിരിക്കും.'' അതുകേട്ട് ഒരാള്‍ ചോദിച്ചു. 'ആളുകള്‍ എല്ലാവരും അത് ഭക്ഷിക്കുമോ?' തിരുനബി പറഞ്ഞു. 'അതു ഭക്ഷിക്കാത്തവനെ അതിന്‍റെ പൊടിയെങ്കിലും ബാധിക്കും.''

(അഹ്മദ്, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, ബൈഹഖി തുടങ്ങിയവരുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

 2. നബി പറഞ്ഞു. 'പലിശയ്ക്ക് എഴുപത്തിമൂന്നോളം കവാടങ്ങളുണ്ട്. അതില്‍ ഏറ്റവും നിസ്സാരമായതുപോലും ഒരാള്‍ തന്‍റെ മാതാവിനെ വ്യഭിചരിക്കുന്നതുപോലെ മ്ലേച്ഛമാണ്.''

(ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

 3. അനസ് പറയുന്നു: ഒരിക്കല്‍ റസൂല്‍ ഞങ്ങളോട് പലിശയുടെ ഗൗരവത്തെപ്പറ്റി പ്രസംഗിച്ചു. അതിലദ്ദേഹം പറഞ്ഞു. 'പലിശയിലൂടെ ഒരാള്‍ സമ്പാദിക്കുന്ന ഒരു ദിര്‍ഹം കുറ്റത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍, മുപ്പത്തിയാറുതവണ വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ ഗുരുതരമാണ്.''

(ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

 4. അബ്ദുല്ലയുടെ മകന്‍ ജാബിര്‍ പറയുന്നു: പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും എഴുതിവെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവനെയും റസൂല്‍ ശപിക്കുകയുണ്ടായി. റസൂല്‍ പറഞ്ഞതിങ്ങനെയാണ്. 'അവരെല്ലാം ഒരുപോലെയാണ്.''

(സ്വഹീഹു മുസ്‌ലിം എന്ന ഹദീസ്‌ശേഖരത്തില്‍നിന്ന്)

5. നബി പറഞ്ഞു. 'ഒരു ജനതയില്‍ വ്യഭിചാരവും പലിശയും വ്യാപകമായി കാണപ്പെടുകയില്ല; അവര്‍ അല്ലാഹുവിന്‍റെ ശിക്ഷയ്ക്ക് സ്വയം അനുമതി നല്‍കിയിട്ടല്ലാതെ.''

(ഹാകിമിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

ചെലവഴിക്കല്‍

1. നബി പറഞ്ഞു. 'നിങ്ങള്‍ ഇഷ്ടപ്പെടുതില്‍നിന്ന്‍ ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുന്നതല്ല.''

2. നബി അരുളി: തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിനുമുമ്പ് അവന്‍റെ കൂലി കൊടുക്കുക.

 

സാമ്പത്തികവിതരണം

1. നബി പറഞ്ഞു. '' പൂഴ്ത്തവെക്കുന്നവന്‍ പാപിയാണ്.''

(സ്വഹീഹു മുസ്‌ലിം)

2. നബി പറഞ്ഞു. 'നിങ്ങള്‍ സമ്പത്ത് കുന്നുകൂട്ടിവെക്കുകയും അങ്ങനെ ദുനിയാവില്‍ ആസക്തരാവുകയും ചെയ്യരുത്.''

3. നബി പറഞ്ഞു. 'വസ്വിയ്യത്ത് ചെയ്യാന്‍ മുതലുകള്‍ വല്ലതുമുണ്ടായിട്ട് തന്‍റെ വസ്വിയ്യത്ത് എഴുതിവെക്കാതെ രണ്ട് രാത്രിപോലും കഴിച്ചുകൂട്ടാന്‍ ഒരു മുസ്‌ലിമിന് അവകാശമില്ല.'' 

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

4. തന്‍റെ സമ്പത്ത് മുഴുവനായി ദാനം ചെയ്യാന്‍ ഒരു അനുചരന്‍ തിരുനബിയോട് അനുവാദം ചോദിച്ചു. അപ്പോള്‍ തിരുനബി അയാളോട് പറഞ്ഞു. 'മൂന്നിലൊന്നു മാത്രം ദാനം ചെയ്യുക. അതുതന്നെ ധാരാളമാണ്. തന്‍റെ  അനന്തരാവകാശികളെ ആളുകള്‍ക്കു മുമ്പില്‍ കൈനീട്ടുന്നവരായി ഉപേക്ഷിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത് അവരെ സ്വയം പര്യാപ്തരാക്കി വിട്ടേച്ചുപോകുന്നതാണ്.' 

 

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

5.