കുടുംബം

നബി വചനങ്ങള്‍

വിവാഹം

1. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഉദ്ധരിക്കുന്നു. നബി പറഞ്ഞു. 'ഓ യുവാക്കളേ, നിങ്ങളിലാര്‍ക്കെങ്കിലും വിവാഹം ചെയ്യാന്‍ കഴിവുണ്ടായാല്‍ അവന്‍ അങ്ങനെ ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ വിവാഹം അവന്‍റെ ദൃഷ്ടി താഴ്ത്തിക്കളയുന്നതും ഗുഹ്യസ്ഥാനത്തെ നിര്‍മലമാക്കുന്നതുമാണ്. ആര്‍ക്കെങ്കിലും അതിന് സാധ്യമല്ലെങ്കില്‍ അവന്‍ വ്രതമാചരിക്കട്ടെ. കാരണം, അത് അവന് ഒരു പരിചയാണ്.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

2. നബി പറഞ്ഞു.'നാലു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ത്രീയെ വിവാഹം ചെയ്യുന്നത്. അവളുടെ ധനം, അവളുടെ തറവാട്, അവളുടെ സൗന്ദര്യം, അവളുടെ ഭക്തിജീവിതം. നീ ഭക്തയെ നേടാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിനക്ക് നാശം!''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

3. നബി അരുളി: വിവാഹാലോചനയുമായി നിങ്ങളെ സമീപിക്കുന്ന ഒരാളുടെ ദീനിനെക്കുറിച്ചും (ഭക്തിജീവിതം) സ്വഭാവത്തെക്കുറിച്ചും നിങ്ങള്‍ സംതൃപ്തനാണെങ്കില്‍ നിങ്ങള്‍ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുക. നിങ്ങള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ വലിയ നാശവും കുഴപ്പവും ഉണ്ടാകും. 

4. തിരുനബി അരുളി: 'ധനികരെ ക്ഷണിക്കുകയും ദരിദ്രരെ അവഗണിക്കുകയും ചെയ്യുന്ന വിവാഹസല്‍ക്കാരത്തിലെ ഭക്ഷണമാണ് ഏറ്റവും ചീത്തയായ ഭക്ഷണം. ആരെങ്കിലും ക്ഷണം നിരസിച്ചാല്‍, അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും  അവന്‍ ധിക്കരിച്ചു.  

5. നബി അരുളി: വിവാഹിതരാകുക. വിവാഹത്തോടെ ദീനിന്‍റെ (ഭക്തിജീവിതത്തിന്‍റെ) മൂന്നിലൊന്നു പൂര്‍ത്തിയായി.

6. നബി പറഞ്ഞു. 'വിശ്വാസിക്ക് അല്ലാഹുവോടുള്ള ഭക്തി കഴിച്ചാല്‍ പിന്നെ ഏറ്റവും ഗുണകരമായത് സുചരുതയായ ഭാര്യയാണ്. അവന്‍ കല്പിച്ചാല്‍ അവള്‍ അനുസരിക്കും. അവളെ നോക്കിയാല്‍ അവന്‍ സന്തുഷ്ടനാകും. അവളുടെ കാര്യത്തില്‍ ശപഥം ചെയ്താല്‍ അവള്‍ അതു പൂര്‍ത്തീകരിക്കും. അവന്‍റെ അഭാവത്തില്‍ അവള്‍ തന്‍റെ ശരീരവും ധനവും സംരക്ഷിക്കും.''

7. നബി പറഞ്ഞു: വിധവയെ വിവാഹം ചെയ്തുകൊടുക്കുന്നത് അവളുടെ സമ്മതത്തോടെയായിരിക്കണം. കന്യകയോടും വിവാഹവേളയില്‍ സമ്മതം വാങ്ങണം. മൗനം അവളുടെ സമ്മതമാണ്. 

ദാമ്പത്യജീവിതം

1. നബി പറഞ്ഞു. 'ദൈവം അനുവദിച്ച കാര്യങ്ങളില്‍ അവന് ഏറ്റവും അനിഷ്ടകരമായ കാര്യമാണ് വിവാഹമോചനം.

2. നബി പറഞ്ഞു. 'സ്‌നേഹകടാക്ഷം ചൊരിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കുമേല്‍ ദൈവത്തിന്‍റെ കരുണാകടാക്ഷമുണ്ട്. 

3.  നബിയോട് ഒരാള്‍ ചോദിച്ചു.'ഭര്‍ത്താവിന് ഭാര്യയോടുള്ള കടമകള്‍ എന്തൊക്കെയാണ്?'' അപ്പോള്‍ നബി പറഞ്ഞു.'നീ ഭക്ഷിക്കുകയാണെങ്കില്‍ അവള്‍ക്കും ഭക്ഷണം നല്‍കുക. വസ്ത്രം ധരിക്കുകയാണെങ്കില്‍ അവളെയും ധരിപ്പിക്കുക. മുഖത്തടിക്കുകയോ അവളെ മോശമാക്കി സംസാരിക്കുകയോ ചെയ്യരുത്.''

(അഹ്മദ്, അബൂദാവൂദ് എന്നിവരുടെ ഹദീസ് ഗ്രന്ഥത്തില്‍നിന്ന്)

4. നബി പറഞ്ഞു: വിശ്വാസി ഒരിക്കലും വിശ്വാസിനിയായ പത്‌നിയോട് മോശമായി പെരുമാറുകയില്ല. അവളില്‍ അനിഷ്ടകരമായ വല്ലതും അനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രിയം തോന്നുന്ന മറ്റു ചിലതും അവളിലുണ്ടാകും.

5. നബി പറഞ്ഞു: നീ ചെലവഴിക്കുന്നതെന്തും നിനക്ക് ധര്‍മമാണ്.നിന്‍റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ആഹാരം പോലും,

നബി പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിച്ച ഒരു ദീനാര്‍ (സ്വര്‍ണനാണയം), അടിയാളന്‍റെ മോചനത്തിന് ചെലവഴിച്ച ദീനാര്‍, അഗതിക്കുവേണ്ടി ചെലവഴിച്ച ദീനാര്‍, ഭാര്യയ്ക്കുവേണ്ടി വിനിയോഗിച്ച ദീനാര്‍ ഇവയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുക ഭാര്യക്കുവേണ്ടി ചെലവഴിച്ച ദീനാറാണ്. 

(അഹ്മദ് , മുസ്‌ലിം എന്നിവരുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

6. പ്രവാചകന്‍ പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് എന്ന അനുചരന്‍ പറയുന്നു. ' താന്‍ ചെലവിന് കൊടുക്കാന്‍ കടപ്പെട്ടവരെ അവഗണിക്കുന്നതുതന്നെമെതി ഗുരുതരമായ കുറ്റം അവന്‍റെ പേരില്‍ ചാര്‍ത്തപ്പെടാന്‍.''

(അബൂദാവൂദിന്‍റെ ഹദീസ് ശേഖരത്തില്‍നിന്ന്) 

 

മാതാപിതാക്കള്‍

1. നബി പറഞ്ഞു. 'റബ്ബിന്‍റെ (നാഥന്‍റെ) തൃപ്തിയിലാണ്. റബ്ബിന്‍റെ കോപം അവരുടെ കോപത്തിലും

(ഹാകിം ശേഖരിച്ച ഹദീസ്)

2. അബൂഹുറൈറ ഉദ്ധരിക്കുന്നു. നബി പറഞ്ഞു.'പ്രായാധിക്യമുള്ള മാതാപിതാക്കളെയോ അല്ലെങ്കില്‍ അവരിലൊരാളെയോ കൂടെ കിട്ടിയിട്ടും സ്വര്‍ഗം സമ്പാദിക്കാന്‍ സാധിക്കാത്തവന് നാശം! അവന് പരാജയം! അവന്‍ തുലഞ്ഞവന്‍!'

(മുസ്‌ലിം)

3. തിരുനബി പറഞ്ഞതായി ഇബ്‌നു അബ്ബാസ് എന്ന അനുചരന്‍ ഉദ്ധരിക്കുന്നു.'ആരെങ്കിലും അല്ലാഹുവിന്‍റെ തൃപ്തി ആഗ്രഹിച്ച് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും അവരെ സേവിക്കാനും വേണ്ടി സമയം ചെലവഴിച്ചാല്‍ അവനുവേണ്ടി സ്വര്‍ഗത്തിന്‍റെ രണ്ടു കവാടങ്ങള്‍ തുറക്കപ്പെടും. മാതാപിതാക്കള്‍ക്ക് എതിരു നില്‍ക്കുകയോ അവരെ ധിക്കരിക്കുകയോ ചെയ്താല്‍ നരകത്തിന്‍റെ രണ്ടു വാതിലുകള്‍ അവനുവേണ്ടി തുറക്കപ്പെടും.'' അപ്പോള്‍ അനുചരന്മാരിലൊരാള്‍ ചോദിച്ചു.'മാതാപിതാക്കള്‍ ക്രൂരത കാണിക്കുവരാണെങ്കിലോ?'  അപ്പോള്‍ നബി മറുപടി പറഞ്ഞു. 'അതെ, അവര്‍ നിന്നോട് ക്രൂരത ചെയ്താലും നീ അവരോട് ഛെ എന്നുപോലും പറയരുത്.''

4, അബൂഹുറൈറ പറയുന്നു: ഒരാള്‍ പ്രവാചകസിധിയില്‍ വന്നു ചോദിച്ചു. 'അല്ലാഹുവിന്‍റെ ദൂതരേ, എന്‍റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?' തിരുനബി അരുള്‍ ചെയ്തു. 'നിന്‍റെ മാതാവ്.''

 അയാള്‍ ചോദിച്ചു.'പിന്നെ ആരാണ്?'  പ്രവാചകന്‍ വീണ്ടും പറഞ്ഞു. 'നിന്‍റെ മാതാവ്.''

'പിന്നെ ആരാണ്?' അയാള്‍ വീണ്ടും ചോദിച്ചു. അപ്പോഴും നബി അതേ മറുപടിതന്നെയാണ് നല്‍കിയത്. 'നിന്‍റെ മാതാവുതന്നെ.

നാലാമതും അതേ ചോദ്യം ആവര്‍ത്തിച്ച അയാളോട് നബി മറുപടി പറഞ്ഞു.'നിന്‍റെ പിതാവ്''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നീ ഹദീസ്ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ നബിവചനം)

5. അബൂ ഉസൈദിസ്സാഇദി പറയുന്നു: ഞങ്ങള്‍ നബിയുടെ അരികത്തു നില്‍ക്കേ, ബലൂസലമക്കാരനായ ഒരാള്‍ അവിടെ വന്നു ചോദിച്ചു. 'അല്ലാഹുവിന്‍റെ ദൂതരേ, മാതാപിതാക്കളുടെ മരണശേഷം അവര്‍ക്കു പുണ്യം ചെയ്യേണ്ട വല്ല ബാധ്യതയും എന്‍റെ മേല്‍ ബാക്കി നില്‍ക്കുമോ?'' തിരുനബി പറഞ്ഞു.'അതേ, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. അവരുടെ പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുക. അവരുടെ കരാറുകള്‍ പുര്‍ത്തിയാക്കുക. അവര്‍ നിലനിര്‍ത്തിയിരുന്ന കുടുംബബന്ധങ്ങള്‍ തുടരുക. അവരുടെ സുഹൃത്തുക്കളെ ആദരിക്കുകയും ചെയ്യുക.''

(അബൂദാവൂദിന്‍റെ ഹദീസ് ശേഖരത്തില്‍നിന്ന്) 

 

സന്തതികള്‍

1. ഉബൈദുല്ലാഹിബ്‌നു അബീ റാഫിഅ് തന്‍റെ പിതാവു പറയുതായി ഉദ്ധരിക്കുന്നു: ഫാത്വിമ (നബിയുടെ മകള്‍) പ്രസവിച്ചപ്പോള്‍ ഹസന്‍ എന്ന കുഞ്ഞിന്‍റെ ചെവിയില്‍ നബി ബാങ്കു കൊടുക്കുന്നത് ഞാന്‍ കണ്ടു.

(തിര്‍മിദിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞിരിക്കുന്നു.'നിങ്ങള്‍ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുക. നിങ്ങള്‍ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുക. നിങ്ങള്‍ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുക.''

(അഹ്മദിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

3. നബി പറഞ്ഞു: നിങ്ങള്‍ നിങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ നിങ്ങളുടെ വേലക്കാര്‍ക്കെതിരെ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ നിങ്ങളുടെ ധനത്തിനെതിരെ പ്രാര്‍ഥിക്കരുത്.''

(അബൂദാവൂദിന്‍റെ ഹദീസ് ശേഖരത്തില്‍നിന്ന്)

4. പ്രവാചകന്‍ പറയുന്നു: കൊച്ചുകുട്ടികള്‍ അടുത്തുണ്ടാവുമ്പോള്‍ നിങ്ങളും കുട്ടിയെപ്പോലെ പെരുമാറുക.

(ഇബ്‌നു അസാകീറിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

5. നബി കല്പിച്ചതായി ഇബ്‌നു അബ്ബാസ് പറയുന്നു. 'നിങ്ങള്‍ സ്വന്തം സന്താനങ്ങളുമായി സഹവസിക്കൂ. അവരെ സല്‍പ്പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക.''

6. അംറുബ്‌നു ശുഐബിലൂടെ അദ്ദേഹത്തിന്റെ പിതാമഹനില്‍നിന്ന് പരമ്പരയായി ലഭിച്ച ഒരു നബി വചനമുണ്ട്. അതിതാണ്: നമ്മുടെ കുട്ടികളോട് കരുണ കാണിക്കാത്തവരും മുതിര്‍വരുടെ മഹത്വം മനസ്സിലാക്കാത്തവരും നമ്മില്‍പെട്ടവരല്ല. 

(അബൂദാവൂദ്, തിര്‍മിദി എന്നിവരുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

7. പ്രവാചകന്‍ പറയുന്നു: രണ്ട് പെണ്‍കുട്ടികളെ ലഭിച്ചവന്‍ അവരോട് മാന്യമായി പെരുമാറിയാല്‍ അതുവഴി സ്വര്‍ഗം ലഭിക്കാതിരിക്കില്ല.

(സ്വഹീഹുല്‍ ബുഖാരി)

8. പ്രവാചകന്‍ തന്‍റെ പേരക്കുട്ടികളിലൊന്നിനെ ചുംബിച്ചു. അദ്ദേഹത്തിനരികെ അഖ്‌റഉബ്‌നു ഹാബിസ് ഉണ്ടായിരുന്നു. അഖ്‌റഅ് പറഞ്ഞു. 'എനിക്ക് പത്തുമക്കളുണ്ട്. അവരിലാരെയും ഞാന്‍ ഒരിക്കലും ചുംബിച്ചിട്ടില്ല.''  ഇതുകേട്ട നബി അദ്ദേഹത്തിനുനേരെ തിരിഞ്ഞു പറഞ്ഞു.'കരുണ കാണിക്കാത്തവന് കാരുണ്യം കിട്ടുകയില്ല.''

9. പ്രവാചകപത്‌നി ആഇശ പറയുന്നു.'ഒരു ഗ്രാമീണന്‍ പ്രവാചകന്‍റെ അടുത്തുവന്നു. അയാള്‍ പറഞ്ഞു. 'നിങ്ങള്‍ കുട്ടികളെ ചുംബിക്കാറുണ്ടല്ലോ. ഞങ്ങളവരെ ചുംബിക്കാറില്ല.'' അതുകേട്ടപ്രവാചകന്‍ അയാളോട് പറഞ്ഞു. 'അല്ലാഹു നിന്‍റെ ഹൃദയത്തില്‍നിന്ന് കാരുണ്യം എടുത്തുകളഞ്ഞെങ്കില്‍ ഞാനെന്തു ചെയ്യാനാണ്!''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങളിലുള്ളത്)

10 തിരുനബി അരുളി: ഉത്തമമര്യാദയേക്കാള്‍ നല്ല ഒരു ദാനവും ഒരു പിതാവും തന്‍റെ മകന് നല്‍കിയിട്ടില്ല.

(മശ്കൂത്ത് എന്ന ഹദീസ് ഗ്രന്ഥത്തില്‍നിന്ന്)

11. നബി പറഞ്ഞു.' ഏറ്റവും നല്ല ധര്‍മം ഞാന്‍ നിനക്ക് അറിയിച്ചുതരട്ടെയോ? നിന്‍റെ പുത്രി നിന്‍റെ അടുത്തേക്ക് (വിവാഹമോചിതയായോ വൈധവ്യം മൂലമോ, വിവാഹം ചെയ്യപ്പെടാതിരിക്കുക മൂലമോ) തിരിച്ചയക്കപ്പെട്ടിരിക്കുന്നു. അവള്‍ക്ക് സമ്പാദിച്ചുകൊടുക്കാന്‍ നീയല്ലാതെ മറ്റാരുമില്ല.

12.നബി പറഞ്ഞതായി അബൂഹുറൈറ ഉദ്ധരിക്കുന്നു.'മനുഷ്യന്‍റെ മരണത്തോടെ അവന്‍റെ കര്‍മങ്ങളെല്ലാം അവനെ വേര്‍പ്പിരിയും. മൂന്നെണ്ണം ഒഴികെ. സ്ഥായിയായ ദാനം. പ്രയോജനകരമായ വിജ്ഞാനം. തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സച്ഛരിതരായ സന്താനം.''

 

കുടുംബബന്ധം

1. നബി പറഞ്ഞു. 'എന്നെ സത്യവുമായി പറഞ്ഞയച്ചവനെക്കൊണ്ട് ഞാന്‍ സത്യം ചെയ്തുപറയുന്നു, പണത്തിന് ആവശ്യമുള്ള അടുത്ത ബന്ധു ഉണ്ടായിരിക്കെ, അവരല്ലാത്തവര്‍ക്ക് ആരെങ്കിലും അത് കൊടുത്താല്‍ ആ ദാനം അല്ലാഹു അംഗീകരിക്കുകയില്ല. എന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, അയാളെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.''

(ത്വബ്‌റാനിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

2. നബി പറഞ്ഞു. 'ദരിദ്രനുള്ള ദാനം ഒരു പ്രതിഫലം നേടിത്തരുമ്പോള്‍ അടുത്ത ബന്ധുവിനുള്ള ദാനം രണ്ടു പ്രതിഫലം നേടിത്തരുന്നു.''

3. നബി പറഞ്ഞു: കുടുംബബന്ധം ദിവ്യസിംഹാസനവുമായി ബന്ധപ്പെട്ടതാണ്. അത് (കുടുംബബന്ധം) പറയും: ''ആരെങ്കിലും എന്നെ ചേര്‍ത്താല്‍ അല്ലാഹു അവനെയും ചേര്‍ക്കും. ആരെങ്കിലും എന്നെ മുറിച്ചുകളഞ്ഞാല്‍ അല്ലാഹു അവനെയും അകറ്റിക്കളയും.''

(സ്വഹീഹു മുസ്‌ലിം)

4. റസൂല്‍ പറഞ്ഞതായി അബുല്‍ മിഅ്ബര്‍ ഉദ്ധരിക്കുന്നു. 'ആരെങ്കിലും രണ്ടു പുത്രിമാരെയോ രണ്ട് സഹോദരിമാരെയോ രണ്ടു മാതൃസഹോദരികളെയോ രണ്ട് മുത്തശ്ശികളെയോ (മാതാപിതാക്കളുടെ മാതാക്കള്‍) രണ്ടു പിതൃസഹോദരികളെയോ പരിപാലിച്ചു സംരക്ഷിച്ചാല്‍ സ്വര്‍ഗത്തില്‍ അയാളുടെ സ്ഥാനം എന്‍റെ തൊട്ടടുത്തായിരിക്കും.''

(അഹ്മദിന്‍റെ ഹദീസ്‌ശേഖരത്തില്‍നിന്ന്)

5. നബി പറഞ്ഞു:  പരലോകത്ത് ഏറ്റവും വേഗം പ്രതിഫലം ലഭിക്കുക കുടുംബബന്ധം ചേര്‍ക്കുന്നതിനും ദാനം നല്‍കുന്നതിനുമാണ്. ഏറ്റവും വേഗം ശിക്ഷ കിട്ടുക കുടംബബന്ധം മുറിക്കുന്നതിനും അക്രമത്തിനുമാണ്.

(തിര്‍മിദിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്)

6. അന്‍ബസയുടെ മകന്‍ അംറ് പറയുന്നു. 'ഞാന്‍ മക്കയില്‍ നബിയുടെ അടുത്തുചെന്നു. പ്രവാചകത്വത്തിന്‍റെ പ്രാരംഭകാലത്തായിരുന്നു അത്. ഞാന്‍ നബിയോട് ചോദിച്ചു. 'താങ്കളാരാണ്?'' 

അവിടുന്ന്‍ പറഞ്ഞു.'ഞാന്‍ നബിയാണ്.''

അപ്പോള്‍ ഞാന്‍ ചോദിച്ചു.'അങ്ങനെ പറഞ്ഞാലെന്താണ്?''

പ്രവാചകന്‍ മറുപടി പറഞ്ഞു. 'അല്ലാഹു നിയോഗിച്ച നബി.''

അപ്പോള്‍ ഞാന്‍ ചോദിച്ചു.'എന്തുമായാണ് താങ്കളെ അല്ലാഹു അയച്ചത്?''

അതിന് മറുപടിയായി നബി ചില കാര്യങ്ങള്‍ പറഞ്ഞു. അതില്‍ ആദ്യം പറഞ്ഞ കാര്യം കുടുംബബന്ധം ചേര്‍ക്കലാണ്.''

(സ്വഹീഹു മുസ്‌ലിം എന്ന ഹദീസ്ഗ്രന്ഥത്തില്‍ നിന്ന്‍)

7. നബി പറഞ്ഞു. 'കുടുംബബന്ധം മുറിക്കുന്നവന്‍ ഒരു ജനതയിലുണ്ടെങ്കില്‍ അവര്‍ക്ക് അല്ലാഹുവിന്നു അനുഗ്രഹം ലഭിക്കുകയില്ല.''

(ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്‍)

8. നബി പറഞ്ഞതായി അബൂഹുറൈറ എന്ന അനുചരന്‍ അറിയിക്കുന്നു. 'ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ കുടുംബം ചേര്‍ത്തുകൊള്ളട്ടെ.''

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

9. അബൂഹുറൈറ എന്ന അനുചരന്‍  പറയുന്നു. 'ഒരാള്‍ നബിയോട് പറഞ്ഞു. 'അല്ലാഹുവിന്‍റെ ദൂതരേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാന്‍ അവരുമായി ബന്ധം സ്ഥാപിക്കുന്നു. എന്നിട്ടും അവരൊന്നോട് ബന്ധം മുറിക്കുന്നു. ഞാന്‍ അവരോട് ഉദാരമായി പെരുമാറുന്നു. എന്നിട്ടും അവരൊന്നോട് മോശമായി പെരുമാറുന്നു. ഞാന്‍ അവര്‍ക്കുവേണ്ടി ക്ഷമിക്കുന്നു. എങ്കിലും അവരൊന്നോട് അവിവേകം കാണിക്കുന്നു.''അപ്പോള്‍ റസൂല്‍ പറഞ്ഞു. 'താങ്കള്‍ പറഞ്ഞപോലെയാണ് കാര്യമെങ്കില്‍ താങ്കള്‍ അവരെ വെണ്ണീര്‍ തീറ്റുന്നപോലെയാണ്. താങ്കള്‍ ഈ അവസ്ഥ തുടരുവോളം അല്ലാഹുവില്‍നിന്നുള്ള ഒരു സഹായി താങ്കളോടൊപ്പമുണ്ടായിരിക്കും.''

(സ്വഹീഹുമുസ്‌ലിം)