ധാർമികത

 മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ് എന്നതാണ് ഇസ്‌ലാമികജീവിതത്തിലെ ഏറ്റവും
 അടിസ്ഥാനപരമായ തത്ത്വം. ഇസ്‌ലാമികസംസ്‌കാരം രൂപപ്പെടുന്നത് ഈ തത്ത്വത്തിന്റെ
 അടിസ്ഥാനത്തിലാണ്. ആരുടെ പ്രതിനിധിയാണോ ആ ശക്തിയെ അനുസരിക്കുകയെന്നതാണ്
 പ്രതിനിധിയുടെ ധര്‍മം. താന്‍ പ്രതിനിധിയായി നിശ്ചയിക്കപ്പെട്ടിടത്ത് തന്റെ മേലധികാരിയുടെ
 ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ ഉപയോഗിക്കാന്‍ അവന് അധികാരമുണ്ട്. സ്വന്തം
 യജമാനന്റെ വിശ്വസ്തനായ സേവകന്‍ എന്ന നിലയിലാണ് മനുഷ്യന്റെ ഭൂമിയിലെ സ്ഥാനം.
 സ്വന്തം യജമാനന്റെ സ്വത്ത് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ അവന് അധികാരമില്ല. യജമാനന്റെ
 നിര്‍ദ്ദേശങ്ങള്‍ മാനിച്ചുമാത്രമേ അവയെല്ലാം കൈകാര്യം ചെയ്യാന്‍ കഴിയൂ. യജമാനനായ
 ദൈവം തന്നെ സദാ നിരീക്ഷിക്കുന്നുണ്ടെന്നതും ഭൂമിയിലെ ഓരോ പ്രവര്‍ത്തനത്തിനും
 മരണശേഷം കണക്കുപറയേണ്ടിവരുമെന്നതും ഇസ്‌ലാമികവിശ്വാസത്തിന്റെയെന്നപോലെ  ഇസ്‌ലാമികസംസ്‌കാരത്തിന്റെയും അടിസ്ഥാനചിന്തകളാണ്.

   എല്ലാ മനുഷ്യരും ഒരു പോലെ പ്രതിനിധികളായതിനാല്‍ ദൈവികനിര്‍ദ്ദേശങ്ങളുടെ
 കാര്യത്തില്‍ എല്ലാവരും തുല്യ ഉത്തരവാദിത്വമുള്ളവരാണ്. ഈ അര്‍ഥത്തില്‍ എല്ലാവരും
 തുല്യപദവിയിലുമാണ്. അതിനാല്‍ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ മുമ്പില്‍ തല
 കുനിക്കുകയെന്നത് മനുഷ്യന് ദൈവം നല്‍കിയ പദവി വെച്ച് നോക്കുമ്പോള്‍
 പാടില്ലാത്തതാണ്.ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അപ്രകാരം ആവശ്യപ്പെടാന്‍
 അധികാരമില്ല. യജമാനന്റെ കല്‍പനയും നിര്‍ദ്ദേശങ്ങളും പിന്‍പറ്റാന്‍ ഓര്‍മിപ്പിക്കാന്‍
 മാത്രമാണ് ഓരോരുത്തര്‍ക്കും ബാധ്യതയുള്ളൂ. ഉത്തരവാദിത്വത്തില്‍ എല്ലാവരും തുല്യരാണ്.  
 ഉല്‍ബോധിപ്പിക്കുക. നീ ഉല്‍ബോധകന്‍ മാത്രമാണ്. നിനക്ക് അവരുടെ മേല്‍ അധികാരമില്ല.
 (അധ്യായം: അല്‍ ഗാശിയ) എന്ന് ഖുര്‍ആനില്‍ കാണാം.ഓരോ മനുഷ്യന്റെയും അഭിമാനത്തെ
 മറ്റുള്ളവര്‍ വിലമതിക്കേണ്ടതുണ്ട്. പരസ്പരബഹുമാനവും സമത്വചിന്തയും
 സ്വാതന്ത്ര്യബോധവും മുസ്‌ലിമിന്റെ സവിശേഷതയായിത്തീരുന്നത് ഈ പ്രാതിനിധ്യത്തിന്റെ
 ഭാഗമായിട്ടാണ്.
 
     നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്നതാണ് ദൈവത്തിന്റെ
 പ്രതിനിധിയെന്ന നിലയില്‍ മനുഷ്യന്റെ ഉത്തരവാദിത്തം .
 ദൈവത്തിന്റെ പ്രതിനിധിയെന്ന നിലക്ക് ഉത്തരവാദിത്വങ്ങള്‍ക്ക് കണക്കുപറയേണ്ടതുണ്ട് എന്ന
 ബോധവും മുസ്‌ലിമിന്റെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്.  ദൈവത്തിന്റെ
 സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കുകയെന്ന പ്രവാചകവചനവും ഈ
 പ്രാതിനിധ്യചിന്തയിലേക്കാണ് സൂചന നല്‍കുന്നത്. താന്‍ ഈ ലോകത്ത് പ്രവര്‍ത്തിച്ച
 കാര്യങ്ങളില്‍ യജമാനന്റെ തൃപ്തിനേടുകയെന്നതാണ് മനുഷ്യന്റെ പരമമായ ലക്ഷ്യമെന്നതും
 മരണശേഷം എല്ലാ കാര്യങ്ങളും ദൈവത്തിനുമുമ്പില്‍  കണക്കുബോധിപ്പിക്കേണ്ടിവരുമെന്നുമുള്ള ബോധ്യം ഇസ്‌ലാമികസംസ്‌കാരത്തിന്റെ
 അടിസ്ഥാനമായി വര്‍ത്തിക്കുന്നു.

മനുഷ്യനെക്കുറിച്ചും ഈ ലോകജീവിതത്തെക്കുറിച്ചുമുള്ള ഈ സങ്കല്‍പത്തില്‍നിന്നാണ് ഇസ്ലാമിലെ ധാര്‍മികസംസ്‌കാരം രൂപപ്പെടുന്നത്. മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, അന്യായമായ വധം, പലിശ, കള്ളം, വഞ്ചന തുടങ്ങിയ സാമൂഹികതിന്മകളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ മുസ്‌ലിംകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ പലതും സ്വന്തത്തിനുണ്ടാക്കുന്ന ദോഷങ്ങളേക്കാള്‍ സമൂഹത്തിനുണ്ടാക്കുന്ന വിപത്തുകളാണ് ഇസ്‌ലാം മുഖ്യമായി പരിഗണിച്ചിരിക്കുന്നതെന്ന് കാണാം. ഇസ്‌ലാം മനുഷ്യനില്‍ ഉണ്ടായിരിക്കാന്‍ ആവശ്യപ്പെട്ട ധാര്‍മികഗുണങ്ങളും ഒരേ സമയം മനുഷ്യനെ ഉദാത്തസംസ്‌കൃതിയിലേക്കു നയിക്കുന്നതും മനുഷ്യസമൂഹത്തെ സംരക്ഷിക്കാനുതകുന്നവയുമാണ്. 
  
   സത്യസന്ധത, അതിഥികളെ സല്‍ക്കരിക്കല്‍, എല്ലാവരോടും നല്ല നിലയില്‍ പെരുമാറല്‍, അയല്‍വാസികളെ പരിഗണിക്കല്‍, മാതാപിതാക്കളെ ആദരിക്കല്‍, അറിവുനേടല്‍, ഉദാരത, ദാനധര്‍മങ്ങള്‍, ദൈവത്തെയല്ലാതെ മറ്റാരെയും ഭയപ്പെടാതെയിരിക്കല്‍, സ്വാതന്ത്ര്യബോധം, ശത്രുക്കളോടുപോലും സ്‌നേഹം, കാരുണ്യം, വൃത്തിബോധം തുടങ്ങി ഇസ്‌ലാം അനുശാസിക്കുന്ന നന്മകളെല്ലാം മുസ്‌ലിംസമൂഹത്തിന്റെ സംസ്‌കാരത്തെ സ്വാധീനിച്ചതായി കാണാം.