മുഹമ്മദ് നബിക്കുശേഷം ഇസ്ലാമികസമൂഹത്തില്‍ ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെട്ട മാതൃകാഭരണാധികാരികളാണ് ചരിത്രത്തില്‍ സച്ചരിതരായ ഖലീഫമാര്‍ (ഖുലഫാഉര്‍റാശിദൂന്‍) എന്ന് അറിയപ്പെടുന്നത്. മുഹമ്മദ് നബിയുടെ അടുത്ത അനുയായികളായിരുന്ന അബൂബക്കര്‍, ഉമര്‍ ഇബ്നുല്‍ ഖത്ത്വാബ്, ഉസ്മാനുബ്നു അഫ്ഫാന്‍, അലി ഇബ്നു അബീത്വാലിബ് എന്നിവരാണ് ഈ ഖലീഫമാര്‍.
അതീവ ദൈവഭക്തരായിരുന്ന ആ ഖലീഫമാര്‍ ജനസേവനമനസ്ഥിതികൊണ്ടും നീതിനിര്‍വഹണത്തിലെ സൂക്ഷ്മതകൊണ്ടും ലളിതജീവിതംകൊണ്ടും എക്കാലത്തെയും മാതൃകാഭരണാധികാരികളെന്ന് ചരിത്രത്തില്‍ അറിയപ്പെട്ടവരാണ്. മുഹമ്മദ് നബിയുടെ പിന്‍ഗാമികള്‍ എന്ന നിലയ്ക്കാണ് ഖലീഫ (പ്രതിനിധി) എന്ന പേരില്‍ ഈ ഭരണാധികാരികള്‍ അറിയപ്പെട്ടത്. 'അമീറുല്‍ മുഅ്മിനീന്‍' (വിശ്വാസികളുടെ നേതാവ്) എന്നാണ് ഉമര്‍, ഉസ്മാന്, അലി എന്നിവരെ ജനങ്ങള്‍ സംബോധന ചെയ്തിരുന്നത്.