ഭരണാധികാരി

സ്രഷ്ടാവായ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഭൂമിയില്‍ പാലിക്കപ്പെടുകയെന്നത് എല്ലാ വിശ്വാസികളുടെയും ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം ജനങ്ങള്‍ ചേര്‍ന്ന് ഒരാളില്‍ ഭരമേല്‍ക്കുകയാണ്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഇതാണ് ഭരണാധികാരിയുടെ സ്ഥാനം. ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതിന് ഒരു നിശ്ചിതരീതി ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല.

സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏതുരീതിയും സ്വീകരിക്കാനുള്ള വിപുലമായ സാധ്യത തുറന്നിടുകയാണ് ഇസ്‌ലാം ചെയ്തിരിക്കുന്നത്. ഭരണാധികാരിക്ക് ജനപിന്തുണ വേണം എന്ന തത്ത്വം അംഗീകരിച്ച് ഏതു രീതിയും ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ സ്വീകരിക്കാം. എന്നാല്‍ അധികാരമോഹം ഭരണാധികാരിക്കുള്ള അയോഗ്യതയായാണ് ഇസ്‌ലാം കാണുന്നത്.