ദാമ്പത്യജീവിതം

  സമൂഹഘടനയുടെ ഏറ്റവും ചെറിയ ഘടകമായ കുടുംബസംവിധാനത്തിന്റെ ആധാരശിലയാണ് ദമ്പതിമാര്‍. രണ്ട് ജീവിതങ്ങള്‍ ചേര്‍ന്ന് ഒന്നായിത്തീരുന്ന വിസ്മയകരവും മാസ്മരികവുമായ പ്രക്രിയയാണ് ദാമ്പത്യം. രണ്ടുപേര്‍ ചേര്‍ന്നു നയിക്കുന്ന ഒരൊറ്റ ജീവിതമായി മാറുമ്പോഴാണ് ദാമ്പത്യം വിജയത്തിലെത്തുക. ദാമ്പത്യജീവിതത്തില്‍ പുരുഷന്‍ സ്ത്രീയോട് എങ്ങനെ പെരുമാറണമെന്നതിന്  വ്യക്തമായ പെരുമാറ്റച്ചട്ടങ്ങള്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. 

''അവരോട് മാന്യമായി സഹവസിക്കുക.'' 

           (ഖുര്‍ആന്‍: അധ്യായം: നിസാഅ്, സൂക്തം: 19)

പുരുഷന്‍ അനുഭവിക്കുന്ന ജീവിതസൗകര്യങ്ങളും സുഖങ്ങളും സ്ത്രീക്കു നല്‍കണം. തുല്യതയോടെ വേണം സ്ത്രീയുമൊത്തുള്ള ജീവിതം നയിക്കാനെന്ന് അല്ലാഹു പുരുഷന്മാരോട് കല്പിക്കുന്നുണ്ട്. 

തിരുനബിയുടെ ഒരു വചനത്തില്‍ ഇപ്രകാരം കാണാം: ''നീ കഴിക്കുന്ന അതേ ഭക്ഷണം അവള്‍ക്കും നല്കുക, നീ ധരിക്കുന്ന അതേ വസ്ത്രം അവളെയും ധരിപ്പിക്കുക.''

വെറുപ്പു ജനിപ്പിക്കുന്ന കാര്യങ്ങള്‍ ഭാര്യയില്‍ കണ്ടാല്‍, അവളില്‍ കുടികൊള്ളുന്ന നല്ല വശങ്ങളെ മാനിച്ച് ദോഷങ്ങള്‍ക്കു നേരെ കണ്ണുചിമ്മണമെന്ന് ഖുര്‍ആന്‍ ഉപദേശിക്കുന്നു: 

അവരോട് മാന്യമായി സഹവസിക്കുക. 

അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: 

നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം.

(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: നിസാഅ്, സൂക്തം: 19)

ഭാര്യാസന്താനങ്ങളുടെ മത-ധാര്‍മികനിഷ്ഠയില്‍ ശ്രദ്ധിക്കേണ്ടതും ഗൃഹനാഥന്റെ കര്‍ത്തവ്യമാണ്. സ്വശരീരത്തെ മാത്രമല്ല, കുടുംബത്തെയും നരകശിക്ഷയില്‍നിന്ന് രക്ഷിച്ചുകൊള്ളുവാന്‍ അല്ലാഹു പുരുഷനോട് ആജ്ഞാപിച്ചിട്ടുണ്ട്. ഇങ്ങനെ പുരുഷന്റെ മേല്‍ ഇരട്ട ഉത്തരവാദിത്വമാണ് അല്ലാഹു ഏല്‍പ്പിച്ചിട്ടുള്ളത്.- കുടുംബത്തിന്റെ ലൗകികക്ഷേമവും പരലോകമോക്ഷവും. അവ യഥാവിധി നിര്‍വഹിക്കാത്ത പക്ഷം അല്ലാഹു അയാളെ വിചാരണ ചെയ്യും. ''പുരുഷന്‍ സ്വകുടുംബത്തിന്റെ ഭരണാധികാരിയാണ്. തന്റെ ഭരണീയരെക്കുറിച്ച് അയാള്‍ ചോദ്യം ചെയ്യപ്പെടും'' എന്ന് തിരുദൂതര്‍ പറഞ്ഞിട്ടുണ്ട്. ഭാര്യമാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഇതിനുതുല്യമായ ഒരു തിരുവചനം കാണാം. മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞു.''സ്ത്രീ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധിപയാണ്. സ്വന്തം ഭരണീയരെക്കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടും.'' വീട്ടിലെ ആഭ്യന്തരകാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് സത്രീയാണ്. മാതൃത്വം, ശിശുപരിപാലനം, ഗൃഹപരിപാലനം തുടങ്ങിയവ അതില്‍പ്പെടുന്നു. സ്ത്രീ ഭര്‍ത്താവിനെ അനുസരിക്കണം. ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കണം ഭര്‍ത്താവിന്റെ സമ്പത്ത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. പാതിവ്രത്യം സംരക്ഷിക്കണം. എന്നാല്‍ നിഷിദ്ധകാര്യങ്ങളില്‍ ഭാര്യ ഭര്‍ത്താവിനെ അനുസരിക്കേണ്ടതില്ല

പുരുഷനും സ്ത്രീക്കും ശാന്തിയും സമാധാനവും ലഭ്യമാക്കുകയാണ് വിവാഹത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ലക്ഷ്യമെന്ന് ഖുര്‍ആന്‍ പറയുന്നു. 

അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. 

നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍.

നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. 

ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്.

സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.

(വിശുദ്ധ ഖുര്‍ആന്‍, അധ്യായം30, സൂക്തം: 21)

ഭാര്യാഭര്‍തൃബന്ധത്തെ ഒരു മനുഷ്യനും അയാളുടെ വസ്ത്രവും തമ്മിലുള്ള ബന്ധത്തോടാണ് മറ്റൊരിടത്ത് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. 

''അവര്‍ (ഭാര്യമാര്‍) നിങ്ങള്‍ക്ക് വസ്ത്രമാണ്. നിങ്ങള്‍ (പുരുഷന്മാര്‍) അവര്‍ക്കും വസ്ത്രമാണ്.'' (വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ബഖറ, സൂക്തം: 187). 

വസ്ത്രം ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്നു. നഗ്നത മറക്കുന്നു. ബാഹ്യോപദ്രവങ്ങളെ തടുക്കുന്നു. അതൊടൊപ്പം അതൊരു അലങ്കാരമായും പ്രവര്‍ത്തിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം താങ്ങും തണലുമായി വര്‍ത്തിക്കുന്നതിന്റെ മനോഹരമായ ചിത്രം ഈ ഖുര്‍ആനികസൂക്തത്തിലൂടെ നമുക്ക് കാണാനാകുന്നു.